Monday
27 May 2019

പാര്‍ലമെന്റ് കണ്‍വന്‍ഷനുകള്‍ ഇന്നുകൂടി; വിജയം പ്രഖ്യാപിക്കുന്ന ജനപങ്കാളിത്തം

By: Web Desk | Thursday 14 March 2019 1:38 AM IST


തിരുവനന്തപുരം മണ്ഡലം പാര്‍ലമെന്റ് സ്ഥാനാര്‍ഥി സി ദിവാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം ചെയ്യുന്നു

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം പ്രഖ്യാപിച്ച് തിരുവനന്തപുരം, ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍. ജനപങ്കാളിത്തംകൊണ്ട് തിരുവനന്തപുരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ കണ്‍വന്‍ഷനാണ് പുത്തരിക്കണ്ടം മൈതാനം സാക്ഷ്യം വഹിച്ചത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് വൈകുന്നേരം നാലുമണിയോടെതന്നെ ആരംഭിച്ച ജനപ്രവാഹം ചടങ്ങ് അവസാനിക്കുംവരെ തുടര്‍ന്നു.
ജനപക്ഷത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഇടതുജനാധിപത്യ മുന്നണി സര്‍ക്കാരിനുള്ള വര്‍ധിത ജനപിന്തുണയായി കണ്‍വന്‍ഷനുകള്‍ മാറി. കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍ക്കുവേണ്ടി രാജ്യത്തെ തീറെഴുതുന്ന മോഡി സര്‍ക്കാരിനെതിരായ ജനവികാരം എങ്ങും ഉയര്‍ന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിച്ച നരേന്ദ്രമോഡി സര്‍ക്കാരിനെ തൂത്തെറിയാനുള്ള ദൃഢനിശ്ചയവുമായാണ് ജനങ്ങള്‍ എത്തിയത്.

ഇടതു ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചാല്‍ മാത്രമേ കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയൂവെന്ന പ്രഖ്യാപനവും ജനങ്ങള്‍ നടത്തി. ഇന്ത്യയുടെ മതേതര ജനാധിപത്യ ഭൂപടത്തില്‍ ഇടതുപക്ഷത്തിനുള്ള സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു കണ്‍വന്‍ഷനുകള്‍.

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എല്‍ഡിഎഫ് സംസ്ഥാന നേതാക്കളായ ഡോ. എ നീലലോഹിത ദാസ്, ചാരുപാറ രവി തുടങ്ങിയവര്‍ സംസാരിച്ചു.

സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ.കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍, മന്ത്രി ഇ ചന്ദ്രശേഖരന്‍, ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാര്‍ഥി ഡോ.എ സമ്പത്ത് തുടങ്ങിയവരും സംബന്ധിച്ചു.
ഇടുക്കിയിലെ തങ്ങളുടെ നിലവിലുള്ള ജനപ്രതിനിധിയായ ജോയ്‌സ് ജോര്‍ജിനെ വീണ്ടും വിജയതിലകമണിയിക്കുമെന്ന പ്രഖ്യാപനവുമായിട്ടാണ് കണ്‍വന്‍ഷനിലേക്ക് ജനങ്ങള്‍ അണിനിരന്നെത്തിയത്. കണ്‍വന്‍ഷന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ അധ്യക്ഷനായി. മന്ത്രി എം എം മണി, എംഎല്‍എമാരായ ഇ എസ് ബിജിമോള്‍, എല്‍ദോ എബ്രഹാം, എസ് രാജേന്ദ്രന്‍, ആന്റണി ജോണ്‍ എന്നിവരും സംസാരിച്ചു.
പൊന്നാനി, വയനാട് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ കണ്‍വന്‍ഷനുകള്‍ ഇന്നു നടക്കും. ഇതോടൊപ്പം നിയമസഭാ മണ്ഡലങ്ങളിലെ കണ്‍വന്‍ഷനുകള്‍ക്കും തുടക്കമായി. സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പൊതുപര്യടന പരിപാടിയെന്ന നിലയില്‍ പ്രധാന സെന്ററുകളിലും തൊഴിലിടങ്ങളിലുമുള്ള ക്യാമ്പയിനുകളും ആരംഭിച്ചു.

Read this also

ബിജെപിയിൽ സീറ്റിനു വേണ്ടി കടിപിടി: ഒടുവിൽ ഗതികെട്ട് കേന്ദ്രം ഇടപെടുന്നു

Related News