Saturday
19 Oct 2019

പാര്‍ലമെന്റ് പ്രഥമസമ്മേളനം: തൊഴില്‍നിയമങ്ങള്‍ കടുത്ത ഭീഷണിയില്‍

By: Web Desk | Tuesday 18 June 2019 8:28 AM IST


തിനേഴാം ലോകസഭയുടെ പ്രഥമസമ്മേളനത്തില്‍ത്തന്നെ രാജ്യത്തെ തൊഴില്‍നിയമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വ്യവസായം സുഗമമാക്കി നടത്തുന്നതിനും നിക്ഷേപം കൊണ്ടുവരുന്നതിനും ഉതകുന്നവിധത്തില്‍ തൊഴില്‍നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിച്ച ഭൂരിപക്ഷത്തില്‍ മതിമറന്ന് തങ്ങളെ അധികാരത്തിലേറ്റാന്‍ കോര്‍പ്പറേറ്റുകള്‍ മുടക്കിയ തുക വലിയ ലാഭത്തോടെ തിരിച്ചുനല്‍കുന്നതിന് എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നുള്ളതിന് ഉത്തമ ഉദാഹരണങ്ങളാണ് സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള നടപടികള്‍.

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് 2019 ജൂണ്‍ 12ന് ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി നിലവിലുള്ള തൊഴില്‍നിയമങ്ങളില്‍ അടിസ്ഥാനഭേദഗതികള്‍ വരുത്തുവാന്‍ തീരുമാനിച്ചു. അടിയന്തര മന്ത്രിതല സമിതി യോഗത്തില്‍ അമിത്ഷായ്ക്കു പുറമെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍, തൊഴില്‍മന്ത്രി സന്തോഷ് ഗാങ്‌വര്‍, വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുത്തു. സമിതിയോഗത്തിനുശേഷം പത്രലേഖകരോട് തൊഴില്‍മന്ത്രി പറഞ്ഞത് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തൊഴില്‍ നിയമങ്ങളില്‍ സമൂലമാറ്റം വരുത്തുവാന്‍ പാര്‍ലമെന്റിന്റെ പ്രഥമസമ്മേളനത്തില്‍ തന്നെ പുതിയ ബില്‍ കൊണ്ടുവരും എന്നാണ്. തൊഴില്‍ നിയമത്തിന്റെ കരട് ബില്‍ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്തു എന്നും മന്ത്രി അറിയിച്ചു. നാളിതുവരെ പുതിയ തൊഴില്‍ നിയമത്തിന്റെ കരട് തയാറാക്കി പ്രസിദ്ധീകരിക്കുകയോ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്ക് നല്‍കുകയോപോലും ചെയ്തിട്ടില്ല എന്നതാണ് വസ്തുത.
കഴിഞ്ഞ മോഡി സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ നിയമപരിഷ്‌കാരത്തെക്കുറിച്ച് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നീക്കം മന്ദഗതിയിലായിരുന്നു. രാജ്യം വിദേശികള്‍ ഭരിക്കുമ്പോള്‍ മുതല്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ഐതിഹാസിക സമരങ്ങളില്‍ക്കൂടി തൊഴിലാളിക്ഷേമം ലക്ഷ്യമാക്കി നാളിതുവരെ 44 തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്നിട്ടുണ്ട്. 1926-ല്‍ നിലവില്‍ വന്ന ട്രേഡ് യൂണിയന്‍ ആക്ട്, വ്യവസായ തര്‍ക്ക നിയമം, മിനിമം വേജസ് ആക്ട്, ബോണസ് ആക്ട് അടക്കം എല്ലാ തൊഴില്‍ നിയമങ്ങളും കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കുവേണ്ടി മാറ്റിയെഴുതുവാനാണ് കേന്ദ്രസര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത്. നാല്‍പ്പത്തിനാല് തൊഴില്‍ നിയമങ്ങള്‍ക്ക് പകരം നാല് ലേബര്‍ കോഡുകള്‍ മതി എന്നാണ് കേന്ദ്രഭരണാധികാരികള്‍ അവകാശപ്പെടുന്നത്. വേതനം, സാമൂഹ്യസുരക്ഷ, വ്യവസായ സുരക്ഷ, തൊഴിലാളിക്ഷേമം എന്നീ നാലു കോഡുകളിലേക്ക് 44 തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിക്കുന്നു. എന്നാല്‍ തൊഴിലാളി ക്ഷേമത്തെക്കുറിച്ച് പറയുന്നവര്‍ അടുത്തുകൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ മനസിലാക്കേണ്ടതാണ്.

രാജ്യത്തെ തൊഴില്‍മേഖലയുടെ ദയനീയ യാഥാര്‍ഥ്യം പുറത്തുവന്നത് തെരഞ്ഞെടുപ്പിനുശേഷം നാഷണല്‍ സാമ്പിള്‍ സര്‍വേ പുറത്തുവിട്ട വെളിപ്പെടുത്തലുകളിലൂടെയാണ്. ഭാരതത്തിലെ തൊഴിലാളികളില്‍ 71 ശതമാനത്തിനും തൊഴില്‍ സുരക്ഷയില്ലെന്നും ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും അടിസ്ഥാന വേതനത്തിന്റെ പകുതിപോലും കിട്ടുന്നില്ലയെന്നും സര്‍വേ വെളിപ്പെടുത്തുന്നു. നിയമന ഉത്തരവില്ലാതെയാണ് തൊഴിലാളികളില്‍ 71.1 ശതമാനവും പണിയെടുക്കുന്നത്. തൊഴില്‍കരാറുകളിലും അവര്‍ ഒപ്പിട്ടിട്ടില്ല. ഏതു സമയത്തും തൊഴിലുടമയ്ക്ക് അവരെ പിരിച്ചുവിടാമെന്ന സ്ഥിതി. ഗ്രാമീണ മേഖലകളില്‍ തൊഴിലെടുക്കുന്ന 57 ശതമാനവും നഗരമേഖലകളില്‍ ജോലിചെയ്യുന്ന 80 ശതമാനവും ദിവസം എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നു. അധികസമയം തൊഴിലെടുക്കുന്നതിന് ഭൂരിഭാഗത്തിനും അധികവേതനം ലഭിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പുറത്തുവിടുന്ന വെളിപ്പെടുത്തലുകള്‍ പോലും മനസിലാക്കുന്നതിനോ പരിഹാരം കണ്ടുപിടിക്കാനോ തയാറാകുന്നില്ല.

ജൂലൈ ഒന്നു മുതല്‍ 1948ല്‍ നിലവില്‍ വന്ന ഇഎസ്‌ഐ ആക്ടില്‍ ഭേദഗതി വരുത്തി തൊഴിലുടമകള്‍ക്ക് കോടികളുടെ ലാഭം ഉണ്ടാക്കുന്ന തൊഴിലാളി വിരുദ്ധ നടപടി ആരംഭിക്കുന്നു. ഇഎസ്‌ഐ പ്രതിമാസ വിഹിതം വെട്ടിക്കുറച്ച മോഡി സര്‍ക്കാര്‍ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ പദ്ധതി മാറ്റി എഴുതുന്നു. ഇഎസ്‌ഐ വിഹിതം 6.5 ശതമാനത്തില്‍ നിന്നും നാല് ശതമാനമായി വെട്ടിക്കുറച്ചു. തൊഴിലുടമകളുടെ വിഹിതം 4.75 ശതമാനത്തില്‍ നിന്നും 3.25 ശതമാനമായും തൊഴിലാളികളുടെ വിഹിതം 1.75 ശതമാനത്തില്‍ നിന്നും 0.75 ശതമാനമായും കുറച്ചു. ജൂലൈ ഒന്നു മുതല്‍ നിരക്ക് നിലവില്‍ വരും. ത്രികക്ഷി ഭരണസമിതി യോഗതീരുമാനം കാറ്റില്‍ പറത്തിയാണ് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന സര്‍ക്കാര്‍ തീരുമാനം. ഇഎസ്‌ഐ വിഹിതത്തിലുള്ള ഈ മാറ്റത്തില്‍ക്കൂടി പ്രതിവര്‍ഷം കോര്‍പ്പറേറ്റ് വ്യവസായികള്‍ക്ക് കുറഞ്ഞത് അയ്യായിരം കോടിയുടെ ലാഭം ഉണ്ടാകും.
നവലിബറല്‍ നയങ്ങളുടെ ഭാഗമായി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്ന ‘തൊഴിലാളി സംഘടനകള്‍ ഇല്ലാത്ത വ്യവസായം’ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതും ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. പതിറ്റാണ്ടുകളായി തൊഴിലാളി സംഘടനകള്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ നിഷേധിക്കാന്‍ അനുവദിച്ചുകൂട. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിരോധങ്ങള്‍ ഉയര്‍ത്തുവാന്‍ എഐടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചുകഴിഞ്ഞു. കഴിഞ്ഞകാല സമരങ്ങളില്‍ നിന്നും വ്യത്യസ്തമായ ജീവന്‍മരണ പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ടത് രാജ്യത്ത് ജനാധിപത്യം പുലരേണ്ടതിന്റെ അനിവാര്യതയാണ്.