October 3, 2022 Monday

Related news

August 9, 2022
July 28, 2022
July 28, 2022
July 27, 2022
July 17, 2022
July 15, 2022
June 25, 2022
June 18, 2022
June 9, 2022
June 7, 2022

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിച്ചു; പാസാക്കിയത് ആറ് ബില്ലുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2022 12:56 pm

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ചു. നിശ്ചയിച്ചതില്‍ നിന്നും നാലുദിവസം നേരത്തേയാണ് വര്‍ഷകാല സമ്മേളനം അവസാനിച്ചത്. ജൂലൈ 18നായിരുന്നു വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. തുടര്‍ച്ചയായി ഏഴാം തവണയാണ് സമ്മേളനം നേരത്തെ അവസാനിപ്പിക്കുന്നത്.നേരത്തെ നിശ്ചയിച്ചതു പ്രകാരം ജൂലൈ 18 മുതല്‍ ആഗസ്റ്റ് 12വരെയായിരുന്നു വര്‍ഷകാല സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭരണകക്ഷി ‑പ്രതിപക്ഷ ബന്ധം മോശമാവുകയും കാര്യമായ ചര്‍ച്ചകളോ നിയമനിര്‍മാണങ്ങളോ നടക്കാതെ പോയ രണ്ട് സഭകളുടേയും നടപടി നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.ആഗസ്റ്റ് 9ന് മുഹറം, ആഗസ്റ്റ് 11ന് രക്ഷാബന്ധന്‍ എന്നിവ പ്രമാണിച്ച് സഭ സമ്മേളിക്കില്ല.

ഇതുകൂടി കണക്കിലെടുത്താണ് സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.പാര്‍ലമെന്റ് സമ്മേളനം നടക്കേണ്ടിയിരുന്ന നാലാഴ്ചകളില്‍ ഒന്ന് മാത്രമാണ് ഫലപ്രദമായി കാര്യങ്ങള്‍ നടന്നത്. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെച്ചൊല്ലിയുള്ള ബഹളം കാരണം ആദ്യ രണ്ടാഴ്ചകളില്‍ ഒന്നും നടത്താനായിരുന്നില്ല. ലോക്സഭ 16 ദിവസം യോഗം ചേര്‍ന്ന് ഏഴ് നിയമനിര്‍മാണങ്ങള്‍ പാസാക്കിയതായി സഭ നിര്‍ത്തിവെക്കുന്നതിന് മുമ്പ് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.അതേസമയം രാജ്യസഭ 38 മണിക്കൂര്‍ നടന്നതായി സ്ഥാനമൊഴിയവേ രാജ്യസഭാധ്യക്ഷന്‍ കൂടിയായ വെങ്കയ്യ നായിഡു പറഞ്ഞു.ജിഎസ്ടി നിരക്ക് വർധന, വിലക്കയറ്റം തുടങ്ങിയവയിൽ പ്രതിപക്ഷം പലയാവർത്തിയായി പാർലമെന്റിൽ പ്രതിഷേധം അറിയിച്ചിരുന്നു. ഈ വിഷയത്തിൽ ചർച്ച നടത്താമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നെങ്കിലും നടന്നിരുന്നില്ല.

ഒപ്പം പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താനായി ഭരണപക്ഷം കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ വാദവും ശക്തമായിരുന്നു.ഇതിനെതിരെയും പാർലമെന്റിൽ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 27 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും വര്‍ഷകാല സമ്മേളന കാലയളവില്‍ പൂര്‍ത്തിയായിരുന്നുപാര്‍ലമെന്റില്‍ നിന്ന് വിവിധ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയും ഈ സമ്മേളന കാലയളവിലാണ് നടന്നത്. ഇത് പിന്നീട് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

മന്ദബുദ്ധി, അരാജകവാദി, കൊവിഡ് വാഹകന്‍, സ്വേച്ഛാധിപതി, കഴിവില്ലാത്തവന്‍, ഗുണ്ടായിസം, കാപട്യം, കരിദിനം എന്നിവയുള്‍പ്പെടെ 65 വാക്കുകള്‍ക്കായിരുന്നു പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയത്.വൈദ്യുതി ഭേദഗതി ബില്‍ 2022 ആയിരുന്നു ഈ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്.ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ബില്‍ പിന്നീട് സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിട്ടു.കേന്ദ്ര സര്‍വകലാശാല ഭേദഗതി ബില്‍, ഊര്‍ജ്ജ സംരക്ഷണ ഭേദഗതി ബില്‍, ഇന്ത്യന്‍ അന്റാര്‍ട്ടിക് ബില്‍, വന്യജീവി സംരക്ഷണ ബില്‍, കുടുംബ കോടതി ഭേദഗതി ബില്‍, യു.എ.പി.എ കേസുകളിലെ ആയുധങ്ങളുമായി ബന്ധപ്പെട്ട ഭേദഗതി എന്നിവയാണ് സഭ പാസാക്കിയത്.

Eng­lish Summary:Parliament has end­ed its annu­al ses­sion; Six bills were passed

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.