
ഇന്ന് തുടങ്ങുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഭരണപക്ഷ — പ്രതിപക്ഷ പോരിന് വേദിയായി. ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ചുവെന്ന പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയില്‍ മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പഹല്‍ഗാം സുരക്ഷാ വീഴ്ചയിലും പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവശ്യമുയര്‍ന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ‘നരേന്ദ്രര്‍ സറണ്ടറായി’ എന്ന് മോഡിയെ പരിഹസിച്ചത് ബിജെപി — കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള വാക് പോരിന് ഇടയാക്കി. ഗൗരവ് ഗഗോയ് ട്രംപിന്റെ മധ്യസ്ഥതാ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പരിഹാസം.
ഓപ്പറേഷന്‍ സിന്ദൂറില്‍ മധ്യസ്ഥത വഹിച്ചുവെന്ന് നിരവധി തവണ ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരോ പ്രധാനമന്ത്രിയോ നാളിതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. രാജ്യവും ജനങ്ങളും പ്രധാമന്ത്രിയുടെ പ്രതികരണം കാത്തിരിക്കുകയാണ്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന വോട്ടര്‍പട്ടിക പരിഷ്കരണം വഴി ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നഷ്ടമാകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. 2003ലെ വോട്ടര്‍ പട്ടികയനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം പുതിയ വ്യവസ്ഥകള്‍ കമ്മിഷന്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ല. വോട്ടറുടെയും മാതാപിതാക്കളുടെയും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന വഴി പാര്‍ശ്വവല്‍കൃത ജനങ്ങളുടെ സമ്മതിദാന അവകാശം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ഗഗോയ് യോഗത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യം പിന്തുടര്‍ന്ന് വന്നിരുന്ന വിദേശനയം യുഎസിന് നരേന്ദ്ര മോഡി അടിയറവച്ചു. ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഇടിയുകയാണ്. രാജ്യം നിര്‍ണായക പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം ജനങ്ങളുടെ ശബ്ദമാണ് ഉയര്‍ത്തുക. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും സഭയില്‍ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും ഗൗരവ് ഗഗോയ് ചൂണ്ടിക്കാട്ടി. കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേശ്, ശിവസേന അംഗം ശ്രീകാന്ത് ഷിന്‍ഡെ, കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേല്‍, എന്‍സിപി അംഗം സുപ്രിയ സുലേ, ബിജെപി എംപി രവി കൃഷ്ണന്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.