ബിജെപി-സംഘ്പരിവാര്‍ നേതൃത്വത്തില്‍ രാഷ്ട്രതലസ്ഥാനത്ത് അരങ്ങേറിയ വര്‍ഗീയ കലാപവും കൂട്ടക്കൊലയും ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ഏഴ് ലോക്‌സഭാംഗങ്ങളെ ബജറ്റ് സമ്മേളനത്തിന്റെ അവശേഷിക്കുന്ന ദിനങ്ങളിലേക്ക് സസ്പെന്റ് ചെയ്യുന്നതില്‍ എത്തിനില്‍ക്കുന്നു. സസ്പെന്‍ഷനിലായ അംഗങ്ങള്‍ അധ്യക്ഷവേദിയില്‍ നിന്നും രേഖകള്‍ പിടിച്ചുപറിച്ച് അവ കീറി അധ്യക്ഷനു നേരെ എറിഞ്ഞതിനെ സഭാചട്ടം 374 എ പ്രകാരം അധ്യക്ഷ മീനാക്ഷി ലേഖി അപലപിച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സസ്പെന്‍ഷന്‍ സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച് സഭ അത് ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു. ഒറ്റനോട്ടത്തില്‍ തികച്ചും ന്യായമെന്നു തോന്നാവുന്ന നടപടി ഫലത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിനു നേരെ നടക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണമാണെന്ന് ബിജെപിയുടെ തന്നെ പൂര്‍വകാല പാര്‍ലമെന്ററി ചരിത്രം വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്നുവന്നിരുന്ന പ്രതിപക്ഷ സമരങ്ങള്‍ തീര്‍ത്തും സമാധാനപരമായാണ് എഴുപതിലേറെ ദിനങ്ങള്‍ പിന്നിട്ടത്. തുടര്‍ന്ന് അറിയപ്പെടുന്ന ബിജെപി നേതാക്കള്‍ പ്രതിഷേധത്തിനെതിരെ അക്രമത്തിന് ആഹ്വാനം നല്‍കുകയായിരുന്നു. 49 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.
വീടുകള്‍ക്കും വ്യാപാര‑തൊഴില്‍ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും നേരെ കൊള്ളയും കൊള്ളിവയ്പും നടന്നു. മൂന്നു ദിവസങ്ങളായി നടന്ന അക്രമത്തിലുണ്ടായ നാശനഷ്ടങ്ങള്‍ ഇനിയും കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. സംഭവത്തിന് ഉത്തരവാദികളായ ബിജെപി നേതാക്കള്‍ക്കെതിരെ സത്വരം കേസെടുക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ടു. ഉത്തരവിറക്കിയ ജസ്റ്റിസ് എസ് മുരളിധറിന്റെ രായ്ക്കുരാമാനമുള്ള സ്ഥലംമാറ്റം സത്യം പുറത്തുവരുന്നത് തടയാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് തുറന്നു കാട്ടുന്നത്. പൊലീസിനെയും നീതിപീഠത്തെയും വരുതിയിലാക്കിയ മോഡി ഭരണകൂടം പാര്‍ലമെന്ററി വേദിയില്‍ പോലും തുറന്ന, ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് വിസമ്മതിക്കുകയാണ്. അതിന്റെ ഭാഗമായാണ് പാര്‍ലമെന്ററി ചട്ടത്തിന്റെ മറവില്‍ ഇപ്പോള്‍ ഏഴ് ലോക്‌സഭാംഗങ്ങളെ സസ്പെന്‍ഷനിലൂടെ സഭയ്ക്ക് പുറത്താക്കിയിരിക്കുന്നത്. ബിജെപിക്ക് പാര്‍ലമെന്റിനോടും അതിന്റെ പ്രവര്‍ത്തനത്തോടുമുള്ള പ്രതിബദ്ധതയോ ആദരവോ അല്ല ഈ നടപടിക്ക് പിന്നിലെന്ന് ബിജെപിയുടെ തന്നെ സമുന്നത നേതാക്കളുടെ പൂര്‍വകാല പ്രസ്താവനകള്‍ സാക്ഷ്യപ്പെടുത്തുന്നു. മന്‍മോഹന്‍ സിങ് സര്‍ക്കാരിനെതിരെ നിരന്തരമായി പാര്‍ലമെന്ററി നടപടികള്‍ ബിജെപി തടസപ്പെടുത്തിയിരുന്നു. അന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സുഷമാ സ്വരാജ് അതേപ്പറ്റി പറഞ്ഞത്, ‘പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതും മറ്റേത് രൂപത്തിലുമുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനം പോലെ ഒന്നാണ്’ എന്നായിരുന്നു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജെയ്റ്റ്ലിയാവട്ടെ ഒരു പടികടന്ന്, ‘പാര്‍ലമെന്റ് തടസപ്പെടുത്തുകവഴി ഞങ്ങള്‍ രാജ്യത്തിന് ഒരു സന്ദേശമാണ് നല്‍കുന്നത്’ എന്നാണ് അവകാശപ്പെട്ടത്. ‘മൂന്നു വര്‍ഷം മുമ്പ് ടു ജി അഴിമതി വിഷയത്തില്‍ ഞങ്ങള്‍ പാര്‍ലമെന്റ് തടസപ്പെടുത്തുകവഴി ടെലികോം മേഖലയെ ശുദ്ധീകരിച്ചു. വിഭവം പങ്കുവയ്ക്കുന്ന പ്രക്രിയയെ ശുദ്ധീകരിക്കുക എന്നതാണ് ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നം’. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി നടന്ന പാര്‍ലമെന്റ് സ്തംഭനത്തിനുള്ള ന്യായീകരണമാണ് അദ്ദേഹം നടത്തിയത്. ബിജെപിയുടെ അന്നത്തെ യുക്തി മറ്റേതു വിഷയത്തെക്കാളും ഇന്ന് പ്രസക്തമാണ്. രാജ്യത്തിന്റെ നിലനില്‍പും ജനതയുടെ ഐക്യവുമായി അഭേദ്യമായി ബന്ധപ്പെട്ട വിഷയമാണ് ഡല്‍ഹിയില്‍ അരങ്ങേറിയ വര്‍ഗീയ കലാപം. ഭരണകക്ഷി നേതാക്കളും പൊലീസും നീതിപീഠവും എല്ലാം ഉള്‍പ്പെട്ടതാണ് അത്.
ഡല്‍ഹി കത്തിയെരിയുമ്പോഴും പ്രതികരിക്കാന്‍ പോലും മുതിരാതെ കുറ്റകരമായ മൗനം ദീക്ഷിച്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് പ്രതിസ്ഥാനത്ത്. ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ്. ആഗോളരംഗത്ത് രാജ്യം കനത്ത ഒറ്റപ്പെടലിനെയാണ് അഭിമുഖീകരിക്കുന്നത്. പൊലീസ് സേന ഭരണകക്ഷിയുടെ ആജ്ഞാനുവര്‍ത്തികളും വര്‍ഗീയതയുടെ പാളയവുമായി മാറിയിരിക്കുന്നു. നീതിപീഠത്തിനുമേല്‍ പോലും ഭരണകൂടം പിടിമുറുക്കിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രതിപക്ഷത്തെ വിലക്കുകയെന്നാല്‍ ജനാധിപത്യത്തിന്റെ ഭാവിതന്നെ അപകടത്തിലെന്ന സൂചനയാണ് അത് നല്‍കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്നത് ഗണ്യമായ ഒരു ജനവിഭാഗത്തിന്റെ ഉത്‍ക്കണ്ഠകളാണ്. ഭൂരിപക്ഷവാദത്തിന്റെ പേരില്‍ മറ്റ് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കാന്‍ വിസമ്മതിക്കുന്നത് ജനാധിപത്യമല്ല. മറിച്ച്, അത് ഭൂരിപക്ഷവാദത്തിന്റെ പേരില്‍ സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണകൂട സ്വേച്ഛാധിപത്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.