ബിഎസ്എൻഎല്ലിന് പാർലമെന്റ് പാനലിന്റെ വിമർശനം

Web Desk

ന്യൂഡൽഹി

Posted on September 20, 2020, 10:01 pm

പട്ടികജാതി, പട്ടിക വർഗ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിൽ ഉദാസീനത കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടെലിക്കമ്മ്യൂണിക്കേഷൻ വിഭാഗത്തിനും ബിഎസ്എൻഎല്ലിനും പാർലമെന്റ് കമ്മിറ്റിയുടെ രൂക്ഷ വിമർശനം. പട്ടിക ജാതി-പട്ടിക വർഗ ക്ഷേമത്തിനായി ബിജെപി എംപി ഡോ. കിരിത് പ്രേംജിഭായ് സോളങ്കിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടേതാണ് വിമർശനം.
എസ്‌സി,എസ് ടി ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കാമെന്ന സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും 2018 മുതൽ ഇത്തരം നടപടികൾ അനിശ്ചിതത്വത്തിലാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഇതുസംബന്ധിച്ച കേസുകൾ ഹൈക്കോടതികളിൽ നടന്നുകൊണ്ടിരിക്കുയാണ്. നിയമ വ്യവസ്ഥയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ നടപടികളെടുക്കുന്നത് കോടതിയലക്ഷ്യത്തിന് കാരണമാകുമെന്നാണ് മറുപടി പ്രസ്താവനയിൽ ബിഎസ്എൻഎൽ ഉന്നയിച്ച വാദം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിൽ 1,53,823 ജീവനക്കാരാണുള്ളത്. ഇതിൽ 44,983 പേർ എക്സിക്യൂട്ടീവ് തസ്തികകളിലും, 1,08,839 പേർ എക്സിക്യൂട്ടീവ് ഇതര തസ്തികകളിലും ഉൾപ്പെടുന്നു.

എക്സിക്യൂട്ടീവ് തസ്തികകളിൽ 17.8 ശതമാനം ജീവനക്കാരും എക്സിക്യൂട്ടീവ് ഇതര തസ്തികകളിൽ 18.73 ശതമാനം ജീവനക്കാരുമാണ് പട്ടിക ജാതിയിൽ നിന്നുള്ളത്. ഈ വിഭാഗങ്ങളിൽ പട്ടിക വർഗ ജീവനക്കാരുടെ കണക്ക് യഥാക്രമം 6.01 ശതമാനം, 5.35 ശതമാനം എന്നിങ്ങനെയാണ്. പുനഃസംഘടനയുടെ ഭാഗമായി നിരവധി തലങ്ങളിൽ തൊഴിലാളികളുടെ സംയോജനം ആവശ്യമായി വന്നു. നിരവധി ജീവനക്കാർക്ക് വൊളന്ററി റിട്ടയർമെന്റ് നൽകേണ്ടിയും വന്നു. ഇതാണ് സ്ഥാനക്കയറ്റങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നതിന് മറ്റൊരു പ്രധാനകാരണമായി ബിഎസ്എൻഎൽ ചൂണ്ടിക്കാട്ടിയത്.

എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ഇതര തസ്തികകളിൽ പട്ടികജാതി പ്രാതിനിധ്യം പര്യാപ്തമാണെങ്കിലും എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ഇതര ഗ്രേഡുകളിലെ പട്ടിക വർഗ പ്രാതിനിധ്യം ആവശ്യമായ 7.5 ശതമാനത്തിൽ താഴെയാണെന്ന് സമിതി നിരീക്ഷിച്ചു. രണ്ടു തസ്തികകളിലും ഇരുവിഭാഗങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള ശതമാനം സംവരണം നൽകണമെന്നും കമ്മിറ്റി ബിഎസ്എൻഎല്ലിന് നിർദ്ദേശം നൽകി.

ENGLISH SUMMARY:Parliamentary pan­el crit­i­cizes BSNL
You may also like this video