ഉടമയുടെ ശബ്ദമനുകരിച്ച് ആമസോണ്‍ വഴി സാധനങ്ങള്‍ വാങ്ങുന്ന തത്ത

Web Desk
Posted on December 19, 2018, 8:43 am

ലണ്ടന്‍: ഉടമയുടെ ശബ്ദമനുകരിച്ച് ആമസോണ്‍ വഴി സാധനങ്ങള്‍ വാങ്ങുന്ന തത്ത വിസ്മയമാകുന്നു. ആമസോണ്‍ അലക്‌സ വഴിയാണ് തത്ത സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ അധിഷ്ഠിതമായ ആമസോണിന്റെ ഡിജിറ്റല്‍ ഡിവൈസാണ് അലക്‌സ).

റോക്കോ എന്ന ഈ വിരുതന്‍ തത്ത തനിക്കിഷ്ടമുള്ള തണ്ണിമത്തന്‍, ഐസ്‌ക്രീം, ബ്രോക്കോളി എന്നിവ കൂടാതെ ബള്‍ബും പറത്തിക്കളിക്കാന്‍ പട്ടവും ആമസോണിന് ഓര്‍ഡര്‍ നല്‍കി തന്റെ ഉടമസ്ഥ മാരിയോണ്‍ വിഷനെവ്‌സ്‌കിയെ ഞെട്ടിച്ചിരിക്കുകയാണ്. ജോലിക്കു പോയി തിരിച്ചെത്തുമ്പോഴേക്കും ഓര്‍ഡര്‍ നല്‍കിയ സാധനങ്ങളുടെ ലിസ്റ്റ് കണ്ട് അന്തംവിട്ട മാരിയോണ്‍ എല്ലാം റദ്ദാക്കി. മിമിക്രിയില്‍ കേമനായ റോക്കോയെ വികൃതി കൂടിയപ്പോള്‍ ബെര്‍ക് ഷെയറിലെ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന് ‘നാടുകടത്തി‘യതാണ്. കേന്ദ്രത്തില്‍ ജീവനക്കാരിയായിരുന്ന മാരിയോണ്‍ പ്രത്യേക അനുമതി വാങ്ങിയാണ് റോക്കോയെ വീട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

കുറുമ്പുകാരനാണെങ്കിലും മിടുക്കനാണ് റോക്കോ. റൊമാന്റിക് ഗാനങ്ങള്‍ പാടുകയും ഡാന്‍സ് കളിക്കുകയും ചെയ്യുന്ന റോക്കോ സ്‌നേഹസമ്പന്നനാണെന്നും മാരിയോണ്‍ പറയുന്നു. ശബ്ദാനുകരണത്തില്‍ വിദഗ്ധരായ ആഫ്രിക്കന്‍ ഇനത്തില്‍ പെട്ട തത്തയാണ് റോക്കോ. ഈയിനത്തില്‍ പെട്ട തത്തകള്‍ക്ക് ചാരനിറമാണ്.