
പാർട്ട് ടൈം ജോലിക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ടെലഗ്രാം ആപ്പ് വഴി ഫേക്ക് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് വനിതാ ഡോക്ടറിൽ നിന്ന് 32 ലക്ഷം തട്ടിയ സംഭവത്തിൽ 21കാരൻ പിടിയിൽ. കോഴിക്കോട് മുട്ടാഞ്ചേരി സ്വദേശി മണ്ണാറത്ത് അബ്ദുൾ ഫത്താഹിനെയാണ് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ഫേക്ക് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് ടെലഗ്രാം അക്കൗണ്ടുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് ഡെയിലി ടാസ്കുകൾ നൽകുകയായിരുന്നു ചെയ്തിരുന്നത്. പല തവണകളായി 32 ലക്ഷത്തോളം രൂപ നിക്ഷേപിച്ചെങ്കിലും ടാസ്കുകൾ പൂർത്തിയാക്കിയതിന് ശേഷം വാഗ്ദാനം ചെയ്ത തുകയോ നിക്ഷേപമോ തിരികെ നൽകാതെ വഞ്ചിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2023ൽ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.
ആദ്യം പതിനായിരം രൂപ നിക്ഷേപിച്ചപ്പോൾ 13,380 രൂപ ഡോക്ടർക്ക് തിരികെ ലഭിച്ചിരുന്നു. ഇതിലൂടെ വിശ്വാസമാർജിച്ചാണ് തട്ടിപ്പുസംഘം വനിതാ ഡോക്ടറെ കബളിപ്പിച്ചത്. നിർദ്ദേശപ്രകാരമുള്ള ടാസ്കുകൾ പൂർത്തിയാക്കി പണം തിരികെ ലഭിക്കുന്നതിന് വേണ്ടി അന്വേഷിച്ചപ്പോഴാണ് 32 ലക്ഷം രൂപയുടെ 30 ശതമാനം കൂടി വെരിഫിക്കേഷൻ ഫീസായി അടയ്ക്കണമെന്ന നിർദ്ദേശമുണ്ടായത്. ഇതോടെയാണ് ടെലഗ്രാം ഗ്രൂപ്പിലെ അംഗങ്ങളടക്കം ചേർന്നുള്ള തട്ടിപ്പാണെന്ന് ഡോക്ടർ തിരിച്ചറിഞ്ഞത്.
ടെലഗ്രാം അക്കൗണ്ടുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരി അയച്ച 32 ലക്ഷം രൂപയിൽ നാലര ലക്ഷത്തോളം രൂപ മുംബൈയിലുള്ള ദേശസാൽകൃത ബാങ്കിന്റെ അക്കൗണ്ടിലേക്കായിരുന്നു എത്തിയത്. അന്ന് തന്നെ ആ തുക ഉൾപ്പെടെ പന്ത്രണ്ടര ലക്ഷത്തോളം രൂപ നാല് ഇടപാടുകളിലായി കുന്ദമംഗലത്തുള്ള സ്വകാര്യ ബാങ്കിന്റെ അക്കൗണ്ടിലെത്തി. അതേ ദിവസം തന്നെ തുകയിൽ വലിയൊരു ഭാഗം ചെക്ക് മുഖേന പിൻവലിക്കുകയും ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. തുടർന്നാണ് അക്കൗണ്ട് ഉടമയായ അബ്ദുൾ ഫത്താഹിനെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി. കമ്മീഷണർ ജി ബാലചന്ദ്രന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ കെ ആഗേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം ഹവാല ഇടപാടുകൾക്കായി ഉപയോഗിച്ചതായാണ് സംശയം. എറണാകുളം പനങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയതാണ്. കോഴിക്കോട് സിറ്റി സൈബർ ക്രൈം സ്റ്റേഷനിൽ ഈ വർഷം രജിസ്റ്റർ ചെയ്ത 95 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലും ഇയാൾ ഉൾപ്പെട്ടതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. കൂടുതൽ സൈബർ കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കോഴിക്കോട് സിജെ എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സൈബർ തട്ടിപ്പുകളിലൂടെ എത്തുന്ന പണം തട്ടിപ്പുകാർക്ക് സഹായകരമാകുന്ന രീതിയിൽ ചെക്ക് വഴിയും മറ്റും പിൻവലിച്ചുകൊടുക്കുന്ന സംഘത്തിൽ വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടുന്നതായി പൊലീസ് അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.