പ്രത്യേക ലേഖകൻ

 ന്യൂഡൽഹി

February 17, 2020, 9:48 pm

മാലേർകോട്ലയിലെ ഇടത് റാലിയിൽ ലക്ഷങ്ങളുടെ പങ്കാളിത്തം

Janayugom Online

മോഡി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പഞ്ചാബിലെ മാലേർകോട്ലയിൽ ഇടത് പാർട്ടികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിയിൽ ലക്ഷങ്ങളുടെ പങ്കാളിത്തം. മറ്റൊരു സ്വാതന്ത്ര്യ സമരത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ആവേശമാണ് റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകർ, കർഷക തൊഴിലാളികൾ, വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പ്രകടിപ്പിച്ചതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സ്വാതന്ത്ര്യ ലബ്ദിയുടെ ഭാഗമായുള്ള മതത്തിന്റെ പേരിലുള്ള വിഭജനം ഇനി അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളും റാലിയിൽ മുഴങ്ങിക്കേട്ടു. പഞ്ചാബിലെ കർഷകർ മോഡി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ പൂർണമായും എതിർക്കുന്നുവെന്നതിന്റെ സൂചനയായാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ധാന്യ ചന്തയായ മാലേർകോട്ല പ്രതിഷേധ വേദിയായി തെരഞ്ഞെടുത്തത്.

പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷഹീൻ ബാഗ്, ജാമിയ മിലിയ എന്നിവടങ്ങളിൽ നിന്നും പ്രതിഷേധക്കാർ എത്തിയിരുന്നു. സർക്കാരിനെ വിമർശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്ന സമീപനമാണ് മോഡി സർക്കാർ സ്വീകരിക്കുന്നതെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പാട്യാല സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ നേതാവ് ഹർജീത് പറഞ്ഞു. മുസ്ലിങ്ങൾ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളും സമരത്തിൽ പങ്കെടുക്കുന്നതായി മറ്റൊരു വിദ്യാർഥി യൂണിയൻ നേതാവായ കുൽദീപ് പറഞ്ഞു. പ്രതിഷേധക്കാരെ വസ്ത്രങ്ങൾ കണ്ടാൽ തിരിച്ചറിയാമെന്ന മോഡിയുടെ പ്രസ്താവനയെയും വിദ്യാർഥി യൂണിയൻ നേതാക്കൾ പരിഹസിച്ചു.

പഞ്ചാബിൽ വന്നാൽ സിക്കുകാരും മുസ്ലിങ്ങളും തോളോട് തോൾ ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത് കാണാമെനന്നും കുൽദീപ് പറഞ്ഞു. കോളജുകളിൽ അധ്യാപകരില്ല, യുവാക്കൾക്ക് തൊഴിലില്ല- ഈ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് മോഡി സർക്കാർ പൗരത്വ ഭേദഗതി പാസാക്കിയതെന്ന് പ്രതിഷേധ റാലിക്കെത്തിയ ലുധിയാനയിൽ നിന്നുള്ള രണ്ടാം വർഷ ബിരുദ വിദ്യാർഥി സിമ്രാൻ പറഞ്ഞു. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അർഹമായ വില ലഭിക്കുന്നില്ല, കഴിഞ്ഞ കുറേ വർഷങ്ങളായി കർഷക ആത്മഹത്യകൾ തുടരുന്നു- ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരമായ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമങ്ങൾ നടപ്പാക്കുന്നുവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുരുദേവ് സിങ് പറഞ്ഞു.

you may also like this video;