12 September 2024, Thursday
KSFE Galaxy Chits Banner 2

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണം: കാനം രാജേന്ദ്രന്‍

സെക്രട്ടേറിയറ്റിലേക്ക് ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്ജ്വല മാര്‍ച്ച്
Janayugom Webdesk
തിരുവനന്തപുരം
October 26, 2022 6:48 pm

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയാറാകണമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ സമിതിയുടെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധ്യാപക-സര്‍വീസ്‌ സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ്‌ മാര്‍ച്ചും ധര്‍ണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കാനം.
നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യത്ത്‌ വലിയ പോരാട്ടങ്ങള്‍ക്ക്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കി വരികയാണ്‌. ചങ്ങാത്ത മുതലാളിത്തത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന നയങ്ങള്‍ക്കെതിരെയുള്ള നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലവും സ്വീകരിച്ചിട്ടുള്ളത്. 2002ലും 2004ലും 2016ലും ഇപ്പോള്‍ 2022ലും അതേ നിലപാടാണ് പാര്‍ട്ടിയുടേതെന്ന് അദ്ദേഹം പറഞ്ഞു. ആ നിലപാടിന്റെ ഭാഗമായാണ് സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന പ്രമേയം പാസാക്കിയതെന്നും കാനം ചൂണ്ടിക്കാട്ടി.
പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുകൊണ്ടും പ്രവര്‍ത്തന പുരോഗതി തുറന്നുപറഞ്ഞുകൊണ്ടും സുതാര്യമായി മുന്നോട്ടുപോവുന്ന സര്‍ക്കാരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. 2016ലെ പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന് നടപടിയുണ്ടാകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നതില്‍ തെറ്റുണ്ടെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോയെന്ന് കാനം ചോദിച്ചു. പുനഃപരിശോധനാ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് പ്രായോഗിക പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍, അത് രഹസ്യമായി സൂക്ഷിച്ചുവച്ചിട്ട് കാര്യമില്ലെന്നും ജീവനക്കാരുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പല നിലപാടുകളും സ്വീകരിക്കും. നമുക്ക് ആവശ്യമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ഇടതുപക്ഷ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആ സര്‍ക്കാരിന്റെ മുന്നില്‍ ജീവനക്കാര്‍ വയ്ക്കുന്ന ആവശ്യം അംഗീകരിക്കണമെന്നും ഇനിയൊരിക്കലും ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരവുമായി വരാതിരിക്കാന്‍ ആവശ്യമായ നടപടിയുണ്ടാകണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
മാനവീയം വീഥിയില്‍ നിന്നും ആരംഭിച്ച സെക്രട്ടറിയേറ്റ്‌ മാര്‍ച്ചില്‍ വിവിധ ജില്ലകളില്‍ നിന്നായി കാല്‍ ലക്ഷത്തിലധികം അധ്യാപകരും ജീവനക്കാരും പങ്കെടുത്തു. അധ്യാപക സര്‍വീസ്‌ സംഘടനാ സമരസമിതി ചെയര്‍മാന്‍ ഒ കെ ജയകൃഷ്‌ണന്‍ അധ്യക്ഷനായി. സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം പറഞ്ഞു. സത്യന്‍ മൊകേരി, കെ പി രാജേന്ദ്രന്‍, മാങ്കോട്‌ രാധാകൃഷ്‌ണന്‍, സി ആര്‍ ജോസ്‌പ്രകാശ്‌, കെ ഷാനവാസ്‌ഖാന്‍, ഡോ. കെ എസ് സജികുമാര്‍, എസ് സുധികുമാര്‍, വി വിനോദ്‌, പി ജി അനന്തകൃഷ്‌ണന്‍, വി ഒ ജോയ്, ഡോ. സി ഉദയകല, ഡോ. വി എം ഹാരിസ്‌, എന്‍ ഗോപാലകൃഷ്‌ണന്‍, അഭിലാഷ്‌ ഡി കെ, ജെ ജ്യോതിലാല്‍, കെ ദീപുകുമാര്‍, കെ പി ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Par­tic­i­pa­to­ry pen­sion scheme should be with­drawn: Kanam Rajendran

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.