24 April 2024, Wednesday

അധ്വാനവും സ്വത്തും മൂല്യങ്ങളും പങ്കുവച്ച പാര്‍ട്ടി കമ്മ്യൂണ്‍

ബൈജു ചന്ദ്രന്‍
കാലം സാക്ഷി
April 1, 2022 6:00 am

ബോംബെ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, തിങ്ങിനിറഞ്ഞ കടകളും തിരക്കുപിടിച്ചോടുന്ന മനുഷ്യരും വാഹനങ്ങളുമെല്ലാംകൂടി സദാ ശബ്ദമുഖരിതമായ സാൻഡ് ഹെഴ്സ്റ്റ് റോഡ്. അവിടുത്തെ സർക്കാർ പൊതുവിതരണകേന്ദ്രത്തിന്റെ തൊട്ടുമുകളിൽ രണ്ടുനിലകളിലായി എടുത്തുപിടിച്ചു നിൽക്കുന്ന, രാജ്ഭവൻ എന്നുപേരുള്ള ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് എത്തണമെങ്കിൽ, അരണ്ട വെളിച്ചത്തിലൂടെ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ, ഇടുങ്ങിയ ഒരു മരക്കോണി കയറിപ്പോകണം. നേരെ കയറിച്ചെല്ലുന്നത്, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര ആസ്ഥാനത്തേക്കാണ്. അഞ്ചുഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ‘പീപ്പിൾസ് വാർ’ എന്ന പാർട്ടി മുഖപത്രത്തിന്റെ എഡിറ്റോറിയൽ ഓഫീസും അവിടെ തന്നെ. കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ കേന്ദ്ര നേതാക്കളും പ്രധാന കേഡർമാരും കുടുംബവും കുട്ടികളുമായി ഒത്തൊരുമിച്ചു താമസിക്കുന്ന പാർട്ടി കമ്മ്യൂൺ ആണ് അവിടം. പാർട്ടിയുടെ മുഖപത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ അത് ‘ജനകീയ യുദ്ധ’നയത്തിന്റെ നാളുകളായിരുന്നു. തുടക്കത്തിൽ, സാമ്രാജ്യത്വ യുദ്ധമെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിശക്തമായി എതിർത്തുപോന്ന രണ്ടാം ലോക മഹായുദ്ധം, സോവിയറ്റ് യൂണിയന്റെ പ്രവേശനത്തോടെ ഫാസിസത്തിനെതിരെയുള്ള ജനകീയ യുദ്ധമായി മാറിയെന്ന് പാർട്ടി വിലയിരുത്തി. ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തതിന്റെ പേരിലും ഫാസിസ്റ്റ് ശക്തികളോട് കൂട്ടുചേർന്ന് ബ്രിട്ടീഷുകാരോട് പൊരുതുന്ന സുഭാഷ് ബോസിനെ വിമർശിച്ചതിന്റെ പേരിലും കമ്മ്യൂണിസ്റ്റുകാർ നാലുപാടുനിന്നുമാക്രമിക്കപ്പെടുന്ന കാലം. എന്നാൽ, നിരോധനം നീക്കപ്പെട്ട് പുറത്തുവന്ന കമ്മ്യൂണിസ്റ്റ്പാർട്ടി പൂർണ ചന്ദ്ര ജോഷി എന്ന ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിവച്ചടിവച്ച് മുന്നോട്ടുതന്നെ മാർച്ച് ചെയ്തു. 1942 ജൂലൈയിൽ 4,464 അംഗങ്ങളുണ്ടായിരുന്ന പാർട്ടി, 1943 മെയ് മാസത്തിൽ, ബോംബെയിൽ ഒന്നാം പാർട്ടി കോൺഗ്രസ് ചേരുമ്പോഴേക്ക് 15,563 അംഗങ്ങളുള്ള, ഇന്ത്യയിലെ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടിയായി വളർന്നിരുന്നു. ബംഗാൾ ക്ഷാമത്തിന്റെ യഥാർത്ഥകാരണങ്ങളെയും അതുണ്ടാക്കിയ രൂക്ഷമായ കെടുതികളെയും ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന, ‘ഭൂഖാ ഹേ ബംഗാൾ!’ ചരിത്രത്തിലെ നാഴികക്കല്ലായി. ഇപ്റ്റയിലൂടെയും പ്രോഗ്രസീവ് റൈറ്റേഴ്സ് മൂവ്മെന്റിലൂടെയും കടന്നുവന്ന പ്രശസ്ത കലാസാംസ്കാരിക പ്രവർത്തകർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗങ്ങളോ സഹയാത്രികരോ ആയി മാറി. ഇപ്റ്റയുടെ ‘സെൻട്രൽ കൾച്ചറൽ സ്ക്വാഡ്’ ഇന്ത്യയൊട്ടുക്ക് സഞ്ചരിച്ച് കലാപരിപാടികൾ അവതരിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾക്കും കേന്ദ്ര ആസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രധാന കേഡർമാർക്കും കലാ-സാഹിത്യ‑സാംസ്കാരിക മുന്നണിയിലെ പ്രതിഭകൾക്കുമെല്ലാം താമസിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പാട്ടും നൃത്തവും നാടകവും പരിശീലിക്കാനുമൊക്കെയായി ഒരു ഇടം വേണമെന്ന് നിശ്ചയിച്ചു. ഒരൊറ്റ കൂരയുടെ കീഴിൽ വലിപ്പചെറുപ്പ വ്യത്യാസങ്ങളൊന്നുമില്ലാതെ എല്ലാവരും സമഭാവത്തോടെ ഒരുമിച്ചു കഴിഞ്ഞുകൂടുന്ന ഒരു സഹജീവിതം. അതായിരുന്നു ബോംബെയിൽ, പാർട്ടി ആദ്യമായി ആരംഭിച്ച കമ്മ്യൂൺ. ‘Com­mu­nia’ എന്ന ലാറ്റിൻ പദത്തിൽ നിന്ന് രൂപം കൊണ്ട ‘കമ്മ്യൂൺ’ കൊണ്ടർത്ഥമാക്കുന്നത് അധ്വാനവും സ്വത്തും മൂല്യങ്ങളുമൊക്കെ പരസ്പരം പങ്കുവച്ചുകൊണ്ട് ബോധപൂർവം രൂപം കൊള്ളുന്ന ഒരു കൂട്ടായ്മ എന്നാണ്. ബോംബെയിലെ പാർട്ടി കമ്മ്യൂൺ മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിച്ചിരുന്നത്. സാൻഡ് ഹേഴ്സ്റ്റ് റോഡിലെ രാജ്ഭവനിലാണ് ജനറൽ സെക്രട്ടറി ജോഷിയും പോളിറ്റ് ബ്യൂറോ അംഗങ്ങളായ ഡോ. ജി അധികാരി, ബി ടി രണദിവേയും കേന്ദ്രക്കമ്മിറ്റിയംഗങ്ങളായ ചില സഖാക്കളും കുടുംബസമേതം താമസിച്ചിരുന്നത്. പാർട്ടിയുടെ മുഖപത്രമായ ‘പീപ്പിൾസ് വാർ’ അന്ന് ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, ഉറുദു, ഗുജറാത്തി എന്നീ അഞ്ചുഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്നു. പത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗം പ്രവർത്തിച്ചിരുന്നത് ഒന്നാം നിലയിലാണ്.


ഇതുകൂടി വായിക്കാം; തിരുവിതാംകൂറിലെ ആദ്യ ട്രേഡ് യൂണിയന് നൂറ് വയസ്


രണ്ടാം നിലയിലായിരുന്നു അടുക്കളയും വിശാലമായ ഡൈനിങ് ഹാളും. അതിന്റെ തൊട്ടടുത്ത്, പത്രം വായിക്കാനും ഒരുമിച്ചിരുന്ന് സൊറ പറയാനും സന്ദർശകരെ സ്വീകരിക്കാനുമൊക്കെയായി ഒരു കോമൺ റൂം. ആ വലിയ ഹാളിൽ തന്നെയാണ് കമ്മ്യൂൺ അംഗങ്ങളുടെ ജനറൽബോഡി മീറ്റിങ്ങും പാർട്ടിയോഗങ്ങളും മറ്റും ചേർന്നിരുന്നത്. എല്ലാ അംഗങ്ങൾക്കും ഒരേ നിലവാരത്തിലുള്ള ഭക്ഷണവും താമസ സൗകര്യങ്ങളുമാണ് കമ്മ്യൂണിലുണ്ടായിരുന്നത്. വളരെ സീനിയറായ കുറച്ചു പേർക്കു മാത്രം, ചെറുതെങ്കിലും പ്രത്യേകം മുറികൾ അനുവദിക്കപ്പെട്ടിരുന്നു. താമസത്തിനുള്ള ഏർപ്പാടുകൾക്കുപുറമേ അംഗങ്ങൾക്ക് ഓരോരുത്തർക്കും അഞ്ചു രൂപ വീതം മാസവേതനമായി നൽകി. ജോലി ചെയ്യുന്നവർക്ക് പരമാവധി ലഭിച്ചിരുന്ന വേതനം നാൽപ്പത് രൂപയായിരുന്നു. പുരുഷന്മാർ മുറിക്കയ്യൻ ഷർട്ടും ഹാഫ് ട്രൗസറും (ജോഷിയുടെ വിഖ്യാതമായ വേഷം) ധരിച്ചപ്പോൾ വനിതാ സഖാക്കൾ തൊഴിലാളി സ്ത്രീകളുടെ യൂണിഫോം മാതിരി ഒരേനിറത്തിലുള്ള കോട്ടൺ സാരിയും ജാക്കറ്റും ധരിച്ചു. പുറത്തു താമസിക്കുന്നവരുമായി അനാവശ്യമായി ബന്ധപ്പെടാനോ, അടുത്ത് ഇടപഴകാനോ കമ്മ്യൂൺ അംഗങ്ങളെ അനുവദിച്ചിരുന്നില്ല. ധനാഢ്യരായ ബന്ധുമിത്രാദികളുടെ സുഖലോലുപതകൾ സഖാക്കളെ സ്വാധീനിക്കാതിരിക്കാനായിരുന്നു ആ വിലക്ക്. പാർട്ടി സെക്രട്ടറി മുതൽ സാധാരണ പ്രവർത്തകർ വരെയുള്ള എല്ലാവരും വെറും നിലത്ത് രണ്ടും മൂന്നും വരികളായി നിരന്നിരുന്ന്, ലളിതമായ സസ്യഭക്ഷണം ആസ്വദിച്ചു കഴിച്ചു. ആഴ്ചയിലൊരിക്കൽ മാത്രമായിരുന്നു മാംസാഹാരം വിളമ്പിയത്. പരുപരുത്ത നിലത്ത്, കട്ടി കുറഞ്ഞ പായയിൽ കിടന്നായിരുന്നു എല്ലാവരുടെയും ഉറക്കം. രാജ്ഭവനിൽ നിന്ന് കുറച്ചകലെയായി ‘റെഡ് ഫ്ലാഗ് ഹാൾ’ എന്നു പേരിട്ട മറ്റൊരു കമ്മ്യൂണിലാണ് ‘പീപ്പിൾസ് വാറി‘ന്റെ പത്രാധിപസമിതിയിലുള്ളവരും എഴുത്തുകാരായ ചില സഖാക്കളും മറ്റും താമസിച്ചിരുന്നത്. വിശ്രുത നർത്തകൻ ഉദയ് ശങ്കറിന്റെ അൽമോറായിലെ നൃത്തസംഘം പിരിച്ചുവിട്ടപ്പോൾ അതിലെ കലാകാരന്മാരായ ശാന്തിബർധനെയും അബനിദാസ് ഗുപ്തയെയും പി സി ജോഷി ബോംബെയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അവരോടൊപ്പം, ബിനോയ് റോയ്, സഹോദരിയായ റേബ റോയ്‌ ചൗധുരി, രേഖ ജയിൻ, ഉഷാ ദത്ത, ഷീലാ ഭാട്ടിയ, സഹോദരിമാരായ ശാന്താ ഗാന്ധി, ദീനാ ഗാന്ധി തുടങ്ങി ഒരു സംഘം പ്രതിഭാധനരടങ്ങിയ ‘സെൻട്രൽ കൾച്ചറൽ സ്ക്വാഡ്’ ഒരുമിച്ചു താമസിക്കുകയും പരിശീലനം നടത്തുകയും ചെയ്തത് അന്ധേരിയിലെ ഖുസ്രോ ലോഡ്ജിലുള്ള മറ്റൊരു കമ്മ്യൂണിലായിരുന്നു. ക്ഷാമബാധിത ബംഗാൾ മുഴുവനും ചുറ്റി സഞ്ചരിച്ച് ‘വിശക്കുന്ന ബംഗാള്‍’ എന്ന പുസ്തകം തയാറാക്കിയ ഫോട്ടോഗ്രാഫർ സുനിൽ ജാനയും ചിത്രകാരനും എഴുത്തുകാരനുമായ ചിത്തോ പ്രസാദും കമ്മ്യൂണിൽ താമസിച്ചുകൊണ്ടാണ് ‘കമ്മ്യൂണിസ്റ്റ് കല’യുടെ പുതിയ രൂപഭാവങ്ങൾ പകർന്നത്. പാർട്ടിയുടെ ട്രഷററായ എസ് വി ഘാട്ടെ, ഓക്സ്ഫോഡിലെ ഉപരിപഠനം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ ഉടനെ വിപ്ലവപ്രവർത്തനത്തിനിറങ്ങിത്തിരിച്ച സഹോദരങ്ങൾ മോഹൻ കുമാരമംഗലവും പാർവതി കുമാരമംഗലവും അഭിഭാഷകൻ കൂടിയായ എഎസ്ആർ ചാരി തുടങ്ങിയവരൊക്കെ കമ്മ്യൂണിൽ ജോഷിയുടെ സന്തത സഹചാരികളായിരുന്നു. പാർവതിയായിരുന്നു ജോഷിയുടെ സെക്രട്ടറി. ബി ടി രണദിവേയോടൊപ്പം അദ്ദേഹത്തിന്റെ സഹധർമ്മിണി വിമലയും സഹോദരി അഹല്യയും ഉണ്ടായിരുന്നു.


ഇതുകൂടി വായിക്കാം; നമ്മുടെ ഉറക്കം ജനാധിപത്യത്തെ ഹനിക്കുന്നു


അന്നൊരുനാൾ, രാജ്ഭവന്റെ തുറന്ന ടെറസിൽവച്ച് സെൻട്രൽ കൾച്ചറൽ സ്ക്വാഡിലെ കലാകാരന്മാർ ഒരുക്കിയ വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ പി സി ജോഷി, ചിറ്റഗോംഗിലെ ഉജ്ജ്വല വിപ്ലവകാരി കല്പന ദത്തിന്റെ കരംഗ്രഹിച്ചു. എല്ലാവരും ‘ഡോക്’ എന്നു വിളിക്കുന്ന ഡോ. അധികാരി, വിമൽ സമർത്ഥ് എന്ന സഖാവിനെ വിവാഹം ചെയ്തതും കമ്മ്യൂണിൽവച്ചാണ്. പി ബി രംഗനേക്കർ എന്ന സഖാവിനെ അഹല്യയും പ്രണയിതാവായ എൻ കെ കൃഷ്ണനെ പാർവതിയും ജീവിതസഖാക്കളാക്കിയതും ആ നാളുകളിൽ തന്നെയായിരുന്നു. എന്നും രാവിലെ സഖാക്കൾ, മഖ്ദൂം മോഹിയുദ്ദീനിന്റെ “യെ ജംഗ് ഹേ ജെൻഗേ ആസാദി…” (“ഇതൊരു യുദ്ധമാണ്, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധം”) എന്ന വരികൾ മുഴക്കിക്കൊണ്ട് പട്ടണത്തിലൂടെ പ്രഭാതഭേരി നടത്തി. നഗരത്തിന്റെ മുക്കിലും മൂലയിലും ചെന്ന് ‘പീപ്പിൾസ് വാർ’ വിറ്റുനടന്നു. കുറച്ചുനാളുകൾ മുമ്പുവരെ ഒളിവിൽ കഴിഞ്ഞിരുന്ന പാർട്ടിസഖാക്കൾ ഈ തുറന്ന ജീവിതം ഏറെ ആസ്വദിച്ചു. പുരോഗമന സാഹിത്യകാരന്മാരായ കിഷൻ ചന്ദർ, കെ എ അബ്ബാസ്, യശ്പാൽ, നാടക — സിനിമാ പ്രവർത്തകരായ ബൽരാജ് സാഹ്നി, ഹബീബ് തൻവീർ, സംഗീതജ്ഞനായ രവിശങ്കർ, കമ്മ്യൂണിസ്റ്റ് ദമ്പതികളായ രൊമേഷ് താപ്പറും രാജ് താപ്പറും ലൈഫ് മാഗസിന്റെ വിശ്രുത ഫോട്ടോഗ്രാഫർ മാർഗരറ്റ് ബൂർക്ക് വൈറ്റ്… ഇവരൊക്കെ കമ്മ്യൂണിലെ നിത്യസന്ദർശകരായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നു പേരെടുത്ത സാക്ഷാൽ സി രാജഗോപാലാചാരിയും മഹാത്മാഗാന്ധിയുടെ ആത്മശിഷ്യ മീരാ ബെന്നും പി സി ജോഷിയോടുള്ള ഉറ്റസൗഹൃദത്താല്‍ കമ്മ്യൂൺ സന്ദർശിക്കാനെത്തിയ വിവിഐപി കളായിരുന്നു. ബോംബെയിൽ മാത്രമല്ല ഡൽഹിയിലും കൽക്കട്ടയിലും ആന്ധ്രയിലുമൊക്കെ അന്ന് സഖാക്കൾ കുടുംബസമേതം കമ്മ്യൂണുകളായിട്ടാണ് കഴിഞ്ഞിരുന്നത്. വിപ്ലവത്തിൽ മാത്രം വിശ്വാസമർപ്പിച്ചുകൊണ്ട്, ഒരു കമ്മ്യൂണിസ്റ്റ് സമുദായം എന്ന മോഹനസ്വപ്നം മുന്നിൽ കണ്ടുകൊണ്ട്, അവർ ആ കൂട്ടുജീവിതവുമായി മുന്നോട്ടുപോയി. 1948 ഫെബ്രുവരിയിൽ കൽക്കട്ടയിൽ നടന്ന പാർട്ടി കോൺഗ്രസിൽ വച്ച് ‘ഉടൻ വിപ്ലവം’ എന്ന അതിസാഹസത്തിലേക്ക് എടുത്തുചാടുന്നത് വരെ. ത്യാഗത്തിന്റെയും സഹനത്തിന്റെയും സഹഭാവത്തിന്റെയും ആ കമ്മ്യൂൺനാളുകളെ കുറിച്ച്, പ്രശസ്ത ഫോട്ടോഗ്രാഫർ സുനിൽ ജാന ഓർമ്മിക്കുന്നത് ഇങ്ങനെയാണ്. “ഒരു കൂരയുടെ കീഴിലുള്ള താമസവും ഒത്തൊരുമയോടുകൂടിയ പ്രവർത്തനങ്ങളും ഞങ്ങൾക്കെല്ലാവർക്കുമിടയിൽ വളരെ ഹൃദ്യമായ ഒരു ബന്ധത്തിന് വഴിതെളിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ പാർട്ടി സഖാക്കൾക്കിടയിൽ പല ജാതി മതങ്ങളിൽ പെട്ടവരും പല സാമ്പത്തികശ്രേണികളിൽ നിന്നുള്ളവരുമൊക്കെയുണ്ടായിരുന്നു. എന്നാൽ അവിടെയാരും എന്നെ കൽക്കട്ടയിൽ നിന്നുള്ള ഒരു മധ്യവർഗ ബംഗാളി ഹിന്ദുവായോ മഖ്ബൂൽ ബത്താലി എന്ന സഖാവിനെ ബാരാമുള്ളയിൽ നിന്നുള്ള ഒരു കശ്മീരി കൃഷിക്കാരനായോ പാർവതി(കുമാരമംഗലം)യെ ഒരു തമിഴ് ബ്രാഹ്മണ പെൺകുട്ടിയായോ വേർതിരിച്ചൊരിക്കലും കണ്ടിരുന്നില്ല. കമ്മ്യൂണിൽ ഞങ്ങളെല്ലാവരും ഇന്ത്യാക്കാർ മാത്രമായിരുന്നു. ഭൂമിയെന്ന ഈ ഗ്രഹം മുഴുവനും സമാധാനവും സാമൂഹ്യ നീതിയും കൊണ്ടുവരാൻ വേണ്ടി കഠിനയത്നത്തിലേർപ്പെട്ടിരിക്കുന്ന വെറും സാധാരണ മനുഷ്യാത്മാക്കൾ!”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.