16 April 2024, Tuesday

Related news

April 16, 2024
April 9, 2024
April 7, 2024
April 6, 2024
April 2, 2024
March 31, 2024
March 28, 2024
March 27, 2024
March 23, 2024
March 20, 2024

രാജ്യം ഉറ്റുനോക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്

Janayugom Webdesk
April 6, 2022 5:00 am

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസ് ഇന്ന് കണ്ണൂരിൽ ആരംഭിക്കുകയാണ്. നാലുദിവസം നീണ്ടുനിൽക്കുന്ന പാർട്ടി കോൺഗ്രസിനെ രാജ്യത്തെ ഇടതു, മതനിരപേക്ഷ, ജനാധിപത്യ ശക്തികൾ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജനുവരി മാസം ആരംഭത്തിൽച്ചേർന്ന സിപിഐ (എം) കേന്ദ്രകമ്മറ്റി യോഗം കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചതിന് ശേഷം രാജ്യത്തും ലോകത്തും സംഭവിച്ച രാഷ്ട്രീയ സംഭവവികാസങ്ങളും അവയുടെ സ്വാധീനവും ഉൾക്കൊള്ളുന്ന ഒരു അന്തിമ പ്രമേയം ആയിരിക്കും സ്വാഭാവികമായും കണ്ണൂരിൽ അംഗീകരിക്കപ്പെടുക. നാല്പതു ദിവസങ്ങൾ പിന്നിട്ട, റഷ്യ ഉക്രെയ്‌നിൽ തുടരുന്ന പ്രത്യേക സൈനിക ഇടപെടൽ, ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ, അയൽ രാജ്യങ്ങളായ ശ്രീലങ്കയിലും പാകിസ്ഥാനിലും വളർന്നു വന്നിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവ അവയിൽ ഏറെ പ്രധാന്യം അർഹിക്കുന്നവയാണ്. ഇന്ത്യയുടെ രാഷ്ട്രീയ വ്യവഹാരത്തെയും ഇവിടത്തെ രാഷ്ട്രീയപാർട്ടികളുടെ നയപരിപാടികളെയും പ്രവർത്തനങ്ങളെയും അവ തീർച്ചയായും സ്വാധീനിക്കും. അവയോട് സിപിഐ (എം) കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം എന്തെന്നും രാജ്യത്തെ ഇടതുപക്ഷ പുരോഗമന ശക്തികൾ പ്രതീക്ഷയോടെ വിലയിരുത്തും. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നടത്തിയിരുന്ന നാലിലും അത് നിലനിർത്താൻ അവർക്ക് കഴിഞ്ഞു. ഉത്തർപ്രദേശ് ഒഴികെ മൂന്നു സംസ്ഥാനങ്ങളിലും അവർ പ്രകടമായ നേട്ടം ഉണ്ടാക്കി. ഏറ്റവും വാശിയേറിയ മത്സരം നടന്ന യുപിയിൽ സീറ്റുകളുടെ കാര്യത്തിൽ ഗണ്യമായ കുറവ് വന്നെങ്കിലും അവർ കൈവരിച്ച വിജയം അവഗണിക്കാവുന്നതല്ല. ബിജെപി രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യത്തിനും ജനാധിപത്യത്തിനും ഭരണഘടനക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോ­ൺഗ്രസ് അടക്കം ഒരു പ്രതിപക്ഷ പാർട്ടിക്കും നേരിട്ട് പരാജയപ്പെടുത്താവുന്നതിൽ അധികം സംഘടനാപരവും സാമ്പത്തികവുമായ കരുത്തുറ്റ പാർട്ടിയായി അവർ മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തുതന്നെ ഏറ്റവും അധികം അംഗസംഖ്യയുള്ള പാർട്ടിയാണ് തങ്ങളുടേത് എന്ന അവരുടെ അവകാശവാദം അവഗണിക്കാവുന്നതല്ല.


ഇതുകൂടി വായിക്കാം; 1957 ഏപ്രിൽ 5; ആദ്യ കമ്മ്യൂണിസ്റ്റ്‌ സർക്കാർ അധികാരത്തിൽ : കേരളം ചുവപ്പണിഞ്ഞു


അർധ സൈനിക ശക്തിയായ ആർഎസ്എസും സംഘപരിവാർ പിന്തുടരുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ആശയങ്ങളും സമന്വയിക്കുമ്പോൾ അത് വിനാശകരമായ ഒരു രാഷ്ട്രീയ വെല്ലുവിളിയായി മാറുന്നു. അതിനെല്ലാം ഉപരിയാണ് അവർ ഇ­തിനകം ആർജിച്ചുകഴിഞ്ഞ സാമ്പത്തിക കരുത്ത്. അവർ രാജ്യത്തെ വൻകിട കോർപറേറ്റുകളുടെയും അതിസമ്പന്നരുടെയും താല്പര്യ സംരക്ഷകരാണ്. രാജ്യത്തിനകത്തും പുറത്തും നിന്ന് വൻതോതിൽ ഫണ്ട് സമാഹരിക്കാനും അവയ്ക്ക് നിയമസാധുത ഉറപ്പുവരുത്താനും അവർക്ക് കഴിഞ്ഞിരിക്കുന്നു. അത്യന്തം കാര്യക്ഷമവും, ഇരുപത്തിനാല് മണിക്കൂർ, 365 ദിവസം പ്രവർത്തനനിരതമായ തെരഞ്ഞെടുപ്പ് സംഘടനാ സംവിധാനം അവർക്കുവേണ്ടി പ്രവർത്തിക്കുന്നു. അത്തരം ഒരു സംവിധാനത്തെ തെരഞ്ഞെടുപ്പിൽ നേരിട്ട് പരാജയപ്പെടുത്താൻ കലവറ കൂടാതെ മുഴുവൻ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെയും ഐക്യനിര അനിവാര്യമാണ്. ഏത് തെരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാലും പ്രതിപക്ഷ കക്ഷികളുടെ യോജിച്ച ചെറുത്തുനില്പിനെ അതിജീവിക്കാൻ അവർക്കാവില്ല എന്നത് വ്യക്തമാണ്. രാജ്യത്തിന്റെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഭരണഘടനയെയും സംരക്ഷിക്കാൻ മോഡി സർക്കാരിനെ അധികാരത്തിൽ നിന്ന് നിഷ്കാസനം ചെയ്തേ മതിയാകു. ബാക്കി എന്ത് പ്രശ്നവും അതിനു ശേഷം പരിഹരിക്കാവുന്നതേയുള്ളു. ചുവരില്ലാതെ ചിത്രംവര അസാധ്യമാണെന്ന് തിരിച്ചറിയേണ്ട സന്ദിഗ്ധ ഘട്ടത്തിലാണ് രാജ്യം എത്തിനില്‍ക്കുന്നത്. രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ ശക്തികളെ ഒന്നിച്ച് അണിനിരത്താൻ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പാർട്ടികളോളം പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ കഴിയുന്ന മറ്റു ശക്തികൾ ഏറെയില്ല. തൊഴിലാളികളും കർഷകരും യുവാക്കളും വിദ്യാർത്ഥികളും വനിതകളും ബുദ്ധിജീവികളും അടക്കം സംഘടിത ശക്തികളാണ് അവരുടെ കരുത്ത്. കക്ഷി രാഷ്ട്രീയത്തിനും ആശയ വൈജാത്യങ്ങൾക്കും ഉപരിയായി ഉയർന്നുവരുന്ന വിശാലമായ ഐക്യ ജനകീയ മുന്നേറ്റത്തിനേ ആ ശക്തികളെ അണിനിരത്താനും രാഷ്ട്രീയ പ്രഹരശേഷിയായി മാറ്റിയെടുക്കാനും കഴിയൂ. സിപിഐ (എം) അടക്കം കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പാർട്ടികളോട് രാജ്യവും കാലവും ആവശ്യപ്പെടുന്നത് അത്തരമൊരു മുന്നേറ്റത്തിന്റെ ചാലശക്തികളായി മാറുക എന്നതാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.