Web Desk

ന്യൂഡൽഹി

April 29, 2021, 10:28 pm

പാർട്ടി പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിനിറങ്ങണം: ഡി രാജ

Janayugom Online

രാജ്യം നേരിടുന്ന അസാധാരണ ആരോഗ്യ പ്രതിസന്ധിയിൽ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങാൻ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രവർത്തകരെ ആഹ്വാനം ചെയ്തു. രണ്ടര ലക്ഷം പേരുടെ ജീവനെടുത്ത 1943 ലെ ബംഗാൾ ക്ഷാമത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണ് രാജ്യം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരി ഇതിനകം തന്നെ രണ്ടുലക്ഷം പേരുടെ ജീവനെടുത്തു കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ പരാജയത്തെ തുടർന്ന് സാഹചര്യങ്ങൾ നിയന്ത്രണാതീതമായിരിക്കുകയാണ്. ആശുപത്രികളിൽ മതിയായ കിടക്കകളില്ല. ഓക്സിജനും മരുന്നുകളും കിട്ടാനില്ല. വാക്സിനുകൾക്ക് ക്ഷാമം നേരിടുന്നു. ഇതെല്ലാം മരണ നിരക്ക് ഉയരുന്നതിന് ഇടയാക്കുന്നു. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ സൗജന്യമായി വാക്സിൻ ലഭ്യമാക്കുന്നതിനും ജനങ്ങൾക്കെല്ലാം മതിയായ ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനും വാക്സിനുകൾ, ഓക്സിജൻ എന്നിവ നിർമ്മിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതിന് മടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര — സംസ്ഥാന സർക്കാരുകൾ അവരുടെ ഉത്തരവാദിത്വം നിർവഹിക്കണമെന്ന് ആവശ്യപ്പെടുമ്പോൾതന്നെ ഈ ഗുരുതര സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിനിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രളയം ഉൾപ്പെടെയുള്ള ദുരിതകാലഘട്ടത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ ചരിത്രമുള്ള പാർട്ടിയാണ് സിപിഐ. കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി മറികടക്കുന്നതിനുള്ള ഈ ഘട്ടത്തിലും അത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.

ഇതിനായി കൂടുതൽ ചെറുപ്പക്കാരെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി റെഡ് വോളണ്ടിയർ സേന വിപുലീകരിക്കണം. ആവശ്യക്കാർക്ക് ഭക്ഷണം, മുഖാവരണങ്ങൾ, സാനിറ്റൈസർ ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തുക, രോഗികൾക്ക് ഓക്സിജൻ, ആശുപത്രികളിൽ കിടക്കകൾ എന്നിവ ലഭ്യമാക്കുന്നതിനും അവരെ ആശുപത്രികളിലെത്തിക്കുന്നതിനുമുള്ള സഹായങ്ങൾചെയ്യുക, വിപണികളിൽ അവശ്യ വസ്തുക്കളുടെ വില ഉയരാതിരിക്കാനും അങ്ങനെ സംഭവിക്കുമ്പോൾ ഇടപെടാനുമുള്ള ജാഗ്രത ഉണ്ടായിരിക്കുക, അവശ്യസാധനങ്ങ ൾസംഭരിക്കുവാനും ആവശ്യക്കാർക്ക് എത്തിക്കാനുമുള്ള ജനകീയസമിതികൾ രൂപീകരിച്ച് പ്രാവർത്തികമാക്കുക എന്നീ പ്രവർത്തനങ്ങളും പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് രാജ പറഞ്ഞു.

Eng­lish sum­ma­ry: D Raja on covid defence

You may also like this video: