20 April 2024, Saturday

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഒരുങ്ങി പരുമല

Janayugom Webdesk
പരുമല
October 11, 2021 1:32 pm

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാന്‍ പരുമല സെമിനാരി അങ്കണത്തിലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ നഗറിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 14‑ന് 1 മണി മുതല്‍ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ വച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. 1876‑ല്‍ മുളന്തുരുത്തി സുന്നഹദോസില്‍ രൂപീകരിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍, ലോക ക്രൈസ്തവ സഭകളിലെ ഏറ്റവും വിപുലമായ ജനാധിപത്യ പൊതുയോഗമാണ്. 

പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ ശുപാര്‍ശപ്രകാരം സഭാ മാനേജിംഗ് കമ്മറ്റിയുടെ ഏക നാമനിര്‍ദ്ദേശമായ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെത്. 22-ാമത് മലങ്കര മെത്രാപ്പോലിത്തായായും 9-ാമത് കാതോലിക്കായുമായി അഭി. തിരുമേനിയെ അന്നു ചേരുന്ന അസോസിയേഷന്‍ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുക്കും. 

സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന വിശുദ്ധ ഭൂമിയില്‍ 1873 മുതല്‍ സമ്മേളിക്കുന്ന 9-ാമത് അസോസിയേഷന്‍ യോഗമാണിത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, എല്ലാ പള്ളി പ്രതിപുരുഷന്മാര്‍ക്കും ഒരേ സ്ഥലത്ത് ഒരേ സമയം ഒത്തുചേരാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത്, മെത്രാസന അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന 50 പ്രത്യേക കേന്ദ്രങ്ങളിലായി നാലായിരത്തില്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു. 30 മെത്രാസനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ 1590 ഇടകകളെ പ്രതിനിധീകരിച്ചാണ് യോഗത്തില്‍ പങ്കെടുക്കുക. അസോസിയേഷന്‍ വൈസ് പ്രസിഡന്‍റുമാരായ മെത്രാപ്പോലീത്താമാരും, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും മാത്രമാണ് പരുമലയില്‍ സമ്മേളിക്കുന്നത്. സീനിയര്‍ മെത്രാപ്പോലീത്തായും അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്‍റുമായ കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ മലങ്കര അസോസിയേഷനില്‍ അദ്ധ്യക്ഷനായിരിക്കും. ഫാ. അലക്സാണ്ടര്‍ ജെ. കുര്യനെ മുഖ്യ വരണാധികാരിയായി നിയമിച്ചിട്ടുണ്ട്. 50 അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഓരോ കേന്ദ്രങ്ങളിലും മുഖ്യ വരണാധികാരിക്കുവേണ്ടി ചുമതലകള്‍ നിര്‍വഹിക്കും.

അസോസിയേഷന്‍ യോഗത്തിന് മുന്നോടിയായി 13‑ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30‑ന് സീനിയര്‍ മെത്രാപ്പോലീത്തായും അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്‍റുമായ കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ സമ്മേളന നഗറില്‍ കാതോലിക്കേറ്റ് പതാക ഉയര്‍ത്തും. തുടര്‍ന്ന് അസോസിയേഷന്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി 3 മണിക്ക് സഭാ മാനേജിംഗ് കമ്മറ്റിയോഗം സമ്മേളിക്കും. ബാഹ്യകേരള ഭദ്രാസനങ്ങളില്‍ നിന്നും വിദേശത്തുനിന്നും നാട്ടില്‍ വന്നിട്ടുള്ള അസോസിയേഷന്‍ പ്രതിനിധികള്‍ക്കായി കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്തുനിന്നും വന്നിട്ടുള്ള പ്രതിനിധികള്‍ 14-ാം തീയതി രാവിലെ 9 മുതല്‍ 12 മണി വരെ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അധികാരപത്രവുമായി മാര്‍ ഏലിയാ കത്തീഡ്രലില്‍ വന്ന് രജിസ്റ്റര്‍ ചെയ്ത് അവിടെനിന്നും അസോസിയേഷന്‍ യോഗത്തില്‍ സംബന്ധിക്കേണ്ടതാണ്. 

14-ാം തീയതി രാവിലെ ഇന്ത്യന്‍ സമയം 9 മണി മുതല്‍ 12 വരെ സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അസോസിയേഷന്‍ പ്രതിനിധികളുടെ രജിസ്ട്രേഷന്‍ പരുമലയിലും, മറ്റ് പ്രതിനിധികളുടെ രജിസ്ട്രേഷന്‍ അതേ സമയത്തുതന്നെ ഭദ്രാസന അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്ന വിവിധ കേന്ദ്രങ്ങളിലും നടക്കും. പള്ളികളില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ അധികാരപത്രം രജിസ്ട്രേഷന്‍ കൗണ്ടറുകളില്‍ കാണിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലായി 30 ഭദ്രാസനങ്ങളിലെ 50 കേന്ദ്രങ്ങളിലായി അംഗങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. 

രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഉച്ചഭക്ഷണത്തിനും 12.30‑ന് പരുമല സെമിനാരിയിലെ പ്രാര്‍ത്ഥനയ്ക്കും ശേഷം 12.45‑ന് പരുമലയില്‍ സമ്മേളനം നടക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ നഗറിലേക്ക് സാമൂഹിക അകലം പാലിച്ച് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയുടെ ഏറ്റവും മുമ്പിലായി കാതോലിക്കേറ്റ് പതാക ഏന്തിയ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, തുടര്‍ന്ന് അസോസിയേഷന്‍ സെക്രട്ടറി, വൈദിക ട്രസ്റ്റി, മെത്രാപ്പോലീത്തന്‍മാര്‍ എന്ന ക്രമത്തില്‍ സമ്മേളന നഗറില്‍ പ്രവേശിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കുന്ന സാമൂഹിക അകലം പാലിച്ചുള്ള ഇരിപ്പിടങ്ങളും സാനിറ്റൈസര്‍ ലഭ്യതയും, തെര്‍മല്‍ സ്കാനിംഗും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്ന അസോസിയേഷന്‍ അംഗങ്ങള്‍ നിര്‍ബന്ധമായും ഫെയ്സ് മാസ്ക് ധരിക്കേണ്ടതാണ്. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരും യോഗത്തിന് രണ്ടാഴ്ച മുമ്പെങ്കിലും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും, നിശ്ചിത കാലയളവനുള്ളില്‍ കോവിഡ് വിമുക്തരായവര്‍ക്കും മാത്രമെ പ്രവേശനം അനുവദിക്കൂ. സമ്മേളന നഗരി നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കും. പരുമലയില്‍ സെന്‍റ് ഗ്രീഗോറിയോസ് മിഷന്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്‍റെ സേവനം ക്രമീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു. 

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായി അസോസിയേഷന്‍ ചേരുവാനുള്ള വിജ്ഞാപനം 2021 ജൂണ്‍ 10‑നാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ പുറപ്പെടുവിച്ചത്. സഭയുടെ പരമാദ്ധ്യക്ഷനായി അസോസിയേഷന്‍ യോഗത്തില്‍ ഐകകണ്ഠ്യന നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ സമാനതകളില്ലാത്ത സാമൂഹ്യ സേവനത്തിന്‍റെയും കാരുണ്യത്തിന്‍റെയും വറ്റാത്ത ഉറവയും ദൈവശാസ്ത്ര പണ്ഡിതനുമാണ്. 1949 ഫെബ്രുവരി 12‑ന് കോട്ടയം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് പള്ളി ഇടവകയില്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്‍റെയും മറിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ജന്മദേശത്തെ വിദ്യാലയങ്ങളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസവും കോട്ടയം സി.എം.എസ്. കോളേജില്‍ നിന്ന് ബിരുദവും പൂര്‍ത്തിയാക്കിയാണ് 1973‑ല്‍ വൈദിക വിദ്യാഭ്യാസത്തിനായി കോട്ടയം പഴയ സെമിനാരിയില്‍ എത്തുന്നത്. റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സുറിയാനി പാരമ്പര്യത്തില്‍ മാബൂഗിലെ മാര്‍ പീലക്സീനോസിന്‍റെ ക്രിസ്തുശാസ്ത്ര ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. നാലു പതിറ്റാണ്ടില്‍ അധികമായി കോട്ടയം പഴയ സെമിനാരി അദ്ധ്യാപകനാണ്.
1978‑ല്‍ വൈദീകനായ അദ്ദേഹം 1991 ഏപ്രില്‍ 30‑ന് പരുമലയില്‍ വച്ച് എപ്പിസ്കോപ്പായായി അഭിഷിക്തനായി. 1993 മുതല്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായാണ്. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി, വൈദീക സംഘം പ്രസിഡന്‍റ്, ബസ്ക്യാമ്മ അസോസിയേഷന്‍ പ്രസിഡന്‍റ്, സ്ലീബാദാസ സമൂഹം പ്രസിഡന്‍റ് തുടങ്ങിയ നിലകളിലും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായും പ്രവര്‍ത്തിച്ചു. നിലവില്‍ കോട്ടയം പഴയ സെമിനാരിയുടെ ഗവേണിംഗ് ബോര്‍ഡ് വൈസ് പ്രസിഡന്‍റും, ദിവ്യബോധനം പ്രസിഡന്‍റും, ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവര്‍ത്തിക്കുന്നു. ജാതി-മത ഭേതമന്യേ സാധുജനങ്ങള്‍ക്ക് നിസ്വാര്‍ത്ഥ സഹായം നല്കുന്ന 16 പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ. 

ഏറെ സവിശേഷതകളുള്ള അസോസിയേഷനാണ് പരുമല സാക്ഷ്യം വഹിക്കുന്നത്. യോഗാദ്ധ്യക്ഷന്‍ കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നിമിഷം, അസോസിയേഷന്‍ ഐകകണ്ഠ്യനേ തെരഞ്ഞെടുക്കുന്ന ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ മലങ്കര മെത്രാപ്പോലീത്തായാകും. 1934 ഡിസംബര്‍ 26‑ന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന നിമിഷത്തില്‍ മലങ്കര മെത്രാപ്പോലീത്താ പദവിയില്‍ എത്തുന്ന ആദ്യ വ്യക്തി എന്ന സ്ഥാനവും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍ വന്നുചേരും. തെരഞ്ഞെടുപ്പ് പരിശുദ്ധ സുന്നഹദോസ് അംഗീകരിയ്ക്കുന്നതോടുകൂടി കാതോലിക്കാ ആയും വാഴിക്കപ്പെടും.
കോവിഡാനന്തരം ചേരുന്ന പ്രഥമ അസോസിയേഷന്‍ എന്ന സവിശേഷത കൂടി കണക്കിലെടുത്ത് വിപുലവും സൂഷ്മവുമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍:
1. കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ
(അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍)
2. ഫാ. ഡോ. എം.ഒ. ജോണ്‍
(വൈദിക ട്രസ്റ്റി)
3. അഡ്വ. ബിജു ഉമ്മന്‍
(അസോസിയേഷന്‍ സെക്രട്ടറി)
ഫോണ്‍: 9447595550
4. റവ.ഫാ. എം.സി. കുറിയാക്കോസ്
(മാനേജര്‍, പരുമല സെമിനാരി)

ENGLISH SUMMARY:Parumala ready for Malankara Syr­i­an Chris­t­ian Association
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.