Friday
22 Feb 2019

പ്രതിരോധത്തിന്‍റെ പ്രതിനിധി നടനമികവിന്‍റെയും

By: Web Desk | Thursday 8 March 2018 7:34 PM IST

നീട്ടിവിളിച്ചാല്‍ അറ്റത്തുകാണുന്ന തീ പാര്‍വതിയുടെ നിലപാടുകളിലുമുണ്ട്. അത് ജീവിതത്തിലെങ്കില്‍ അഭിനയരംഗത്തും പാര്‍വതി ആത്മാര്‍ഥതയുടെ ആള്‍രൂപമാണ്. താന്‍ കയ്യേല്‍ക്കുന്ന കഥാപാത്രത്തോട് നൂറുശതമാനം നീതിപുലര്‍ത്തുന്ന അഭിനേത്രി. ആ താദാത്മ്യത്തിനുമുന്നില്‍ കയ്യടിക്കാതെ മടങ്ങാന്‍ ആര്‍ക്കുമാവില്ലതന്നെ. അതുകൊണ്ടുതന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രണ്ടാമതും പാര്‍വതിയെ തേടിയെത്തിയിരിക്കുന്നു. മഹേഷ് നാരായണന്റെ ടേക് ഓഫിലൂടെ യുദ്ധകലുഷിതമായ ഇറാഖില്‍ അകപ്പെട്ടുപോയ സമീറ എന്ന മലയാളി നഴ്‌സിന്റെ വേഷം അനശ്വരമാക്കിയതിനാണ് മികവിന്റെ കിരീടം പാര്‍വതിയെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള അംഗീകാരവും പാര്‍വതിക്കായിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ നോട്ട്ബുക്കിലൂടെ 2006 ലാണ് പാര്‍വതി ബിഗ്‌സ്‌ക്രീനില്‍ തന്റെ സാന്നിധ്യം അറിയിച്ചത്. ധനുഷ് ചിത്രമായ നരിയാനിലൂടെയാണ് പാര്‍വതി എന്ന നടി പ്രേഷകമനസില്‍ ഇടം പിടിക്കുന്നത്. വശ്യമായ സൗന്ദര്യവും അഭിനയ മികവും ഈ താരത്തെ ജനപ്രിയയാക്കി. വ്യത്യസ്തമായ ചിത്രങ്ങളിലൂടെ വ്യത്യസ്ത വേഷങ്ങളുമായി പാര്‍വതി പ്രേഷകരെ കൗതുകപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

അഭിനയത്തിന്റെ അനായാസ മികവുകളാണ് പാര്‍വതിയെ ആദ്യം ശ്രദ്ധേയയാക്കിയതെങ്കിലും നിലപാടുകളാണ് ഈ യുവ നടിയെ മലയാളിവനിതകളുടെ ആകെ പ്രതിനിധിയാക്കിയത്. നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന വനിതകളുടെ ആകെ പ്രതിരോധത്തിന്റെ പ്രതിനിധിയായി പാര്‍വതി ഉയരുമ്പോള്‍ പെണ്‍മയുടെ അന്തസിന്റെ പതാകയാണ് ഉയര്‍ന്നുകണ്ടത്. പണയം വയ്ക്കാനുള്ളതല്ല നിലപാടുകളെന്ന് ഉറക്കെപറഞ്ഞ യുവനടി വെള്ളിത്തിരയില്‍ കടന്നുപോയവര്‍ക്കും വരാനുള്ളവര്‍ക്കം മികവുറ്റ മാതൃകയായിരുന്നു.

എന്നു നിന്റെ മൊയ്തീനിലൂടെ മലയാളിയുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ പാര്‍വതി 2016 ല്‍തന്നെ ചാര്‍ലി എന്ന സിനിമയിലൂടെ തികച്ചും വ്യത്യസ്ഥയായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കാഞ്ചനമാലയില്‍നിന്നും ടെസ എത്രമാത്രം വ്യത്യസ്ഥയായിരുന്നു എന്നതായിരുന്നു സാധാരണ പ്രേക്ഷകന്‍ പാര്‍വതിയുടെ അഭിനയമികവിന്റെ അളവുകോലായി കണ്ടത്. കഥാപാത്രത്തോടുള്ള ആത്മാര്‍ഥതയാണ് പാര്‍വതിയെ വീണ്ടും മികവിന്റെ കിരീടമണിയിച്ചിരിക്കുന്നത്.

ഇറാഖിലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ മാലാഖമാരുടെ നിസഹായാവസ്ഥയാണ് നൊമ്പരത്തിന്റെ മുള്ളുകളായി പ്രേക്ഷകനിലേക്ക് കടന്നുകയറിയത്. ആ പകര്‍ന്നാട്ടമികവാണ് നടനകിരീടം വീണ്ടും പാര്‍വതിയിലേക്ക് എത്തിച്ചത്. ഈ സിനിമയിലെ അഭിയയത്തിന് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും പാര്‍വതിക്ക് ലഭിച്ചിരുന്നു.

താന്‍ അഭിനയിച്ചിട്ടുളള എല്ലാ കഥാപാത്രങ്ങളും തനിക്ക് വഴിതിരിവായി മാറിയെന്ന് പാര്‍വതി പ്രതികരിച്ചു. ‘ഔട്ട് ഓഫ് സിലബസ് അടക്കം’ മുന്‍പ് താന്‍ അഭിനയിച്ചിട്ടുള്ള വിവിധ ചിത്രങ്ങളിലെ അഭിനയപരിചയം തനിക്ക് മുതല്‍ക്കൂട്ടായി. ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ജീവിതപ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. ആ കഥാപാത്രങ്ങളെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ് അവതന്നെ സ്വാധീനിച്ചത്. ‘ടേക് ഓഫ്’ സംവിധായകന്‍ മഹേഷ് നാരായണനും മറ്റ് പിന്നണി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്നും പാര്‍വതി പറഞ്ഞു.

സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. നിമിഷ സജയന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ചിരുന്നു. സംവിധായകന്‍ രാജേഷ് പിള്ള മണ്‍മറഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹം നിര്‍മിച്ച ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നു, പാര്‍വ്വതി പ്രതികരിച്ചു.

Related News