Saturday
16 Feb 2019

” ഇതാണ് നിങ്ങൾ തേടുന്ന ആ പെൺകുട്ടി, ഞങ്ങളുടെ പൊന്നുമോൾ പാർവതി”മേളത്തിനൊപ്പം തുള്ളിച്ചാടിയ മിടുക്കിയെകിട്ടി

By: Web Desk | Friday 8 February 2019 11:53 AM IST

ശൂരനാട്: മേളത്തിനൊപ്പം ആഹ്ളാദനൃത്തം ചവിട്ടിയ ഒൻപതാം ക്ലാസുകാരിയെ തിരിച്ചറിഞ്ഞു

ആനയടി ഗജമേളയിലെ മേളത്തിനൊപ്പം ആഹ്ളാദനൃത്തം ചവിട്ടിയ ഒൻപതാം ക്ലാസുകാരി സോഷ്യൽ മീഡിയായിൽ വൈറലായതിനെത്തുടര്‍ന്ന് ഈ കുട്ടിയെത്തേടുകയായിരുന്നു ജനം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളുടെ ലൈക്കും കമന്റുകളും നേടിയ പെൺകുട്ടിയെ കണ്ടെത്താൻ പല കോണുകളിൽ നിന്നും അന്വേഷണം നടക്കുന്നതിനിടയിലാണ് താരത്തെ കണ്ടെത്തിയിരിക്കുന്നത്.നൂറനാട് ശബരിഗിരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും പള്ളിക്കൽ സ്വദേശിനിയുമായ പാർവതിയാണ് താൻ അറിയാതെ സോഷ്യൽ മീഡിയ താരമാക്കി  മാറ്റിയ ആ പെൺകുട്ടി.

ഒരു വർഷവും ആനയടി ഗജമേളയും പൂരവും മുടക്കം വരുത്താത്ത പാർവതി ഇത്തവണ അമ്മയ്ക്കും ചെറിയ ചെറിയമ്മയ്ക്കുമൊപ്പമാണ് പൂരം കാണാൻ എത്തിയത്. പൂരം ആസ്വദിക്കുന്നതിനിടയിലാണ് പാർവതി ചെണ്ടമേളത്തിന്റെ ആവേശത്തിൽ അറിയാതെ മതിമറന്ന് നൃത്തംചവിട്ടി തുടങ്ങി. മേളത്തിന്റെ ആവേശം കൂടുന്നതിനൊപ്പം ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ പാർവതിയുടെ ആവേശവും വർദ്ധിക്കുകയായിരുന്നു.കൂടെയുളളവർ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതൊന്നും വകവയ്ക്കാതെ മേളക്കാർക്കൊപ്പം ചേർന്ന് ചെണ്ടയിൽ താളവുമിട്ടാണ് ഒടുവിൽ കുട്ടി മടങ്ങിയത്.

പാർവതിയുടെ ആവേശം കണ്ട് സമീപത്തുനിന്ന ആരോ മൊബൈലിൽ പകർത്തിയ ദൃശ്യമാണ് ഇന്ന് വൈറലായി മാറി ലക്ഷക്കണക്കിന് പേരുടെ മനം കവർന്നിരക്കുന്നത്.വീഡിയോ വൈറലായതോടെ പെൺകുട്ടിയെ അന്വേഷിച്ചുള്ള ഓട്ടത്തിലായി സോഷ്യൽ മീഡിയാ. ഒടുവിൽ പെൺകുട്ടിയുടെ അച്ഛൻ കെ ബി അജി തന്നെ പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ട് തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ കുറിപ്പിട്ടു.” ഇതാണ് നിങ്ങൾ തേടുന്ന ആ പെൺകുട്ടി ഞങ്ങളുടെ പൊന്നുമോൾ പാർവതി”

സ്വന്തമായി ഫെയ്സ് ബുക്കി ൽ അക്കൗണ്ട് ഇല്ലെങ്കിലും പാർവതി നല്ലൊരു ആന കമ്പക്കാരിയാണ്. പാർവതിയുടെ മാതാവ് ആനയടിക്കാരിയാണ്.അമ്മാവൻ ആനയടിയിലെ പ്രധാന ഗജമേള സമിതിയായ ടീം നരഹരിയുടെ ആദ്യ പ്രസിഡന്റായിരുന്നു.ടീം നരഹരിയുടെ അംഗമായ പാർവതി ഇവരുടെ  പ്രധാന പ്രവർത്തക കൂടിയാണ്.പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും, അടൂർ പളളിക്കൽ പാർവണം വീട്ടിൽ കെ ബി അജിയുടേയും ചെങ്ങന്നൂർ എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക സിനിയുടേയും ഏക മകളാണ് ഈ താരം.കഴിഞ്ഞ ഒൻപത് വർഷമായി നൂറനാട് വൈഷ്ണവ സ്കൂൾ ഓഫ് ഡാൻസിൽ നൃത്തം അഭ്യസിക്കുന്ന പാർവതി പഠനത്തിലും മിടുക്കിയാണ്. സ്കൂൾ കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇതിനോടകം തന്നെ പാർവതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയായിലെ താരമായത് എങ്ങനെയെന്ന ചോദ്യത്തിന് സന്തോഷം വന്നാൽ ഇങ്ങനെയല്ലേ പറ്റൂ എന്ന നിസ്സാര മറുപടി മാത്രം.