എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് നിഷേധിക്കുന്നത് സ്വേച്ഛാപരം, യുക്തിരഹിതം

Web Desk
Posted on September 17, 2020, 5:36 am

കോവിഡ്-19 മഹാമാരിയെ നേരിടാന്‍ ആവശ്യമായ വിഭവസമാഹരണത്തിനായി പാര്‍ലമെന്റ് അംഗങ്ങളുടെ വേതനവും ബത്തകളും പെന്‍ഷനും 30 ശതമാനം വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം ലോക്‌സഭ ഇന്നലെ പാസാക്കി. സമാനമായ രീതിയില്‍ മന്ത്രിമാരുടെ വേതനം, ബത്തകള്‍, അതിഥിസല്‍ക്കാരത്തിനും മറ്റുമായുള്ള അലവന്‍സുകളിലും കുറവുവരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമായിരുന്നു ഇന്നലത്തെ നിയമനിര്‍മ്മാണം.

ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷാംഗങ്ങള്‍ എല്ലാവരും ബില്ലിനെ സര്‍വാത്മന പിന്തുണച്ചുവെങ്കിലും പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതിനെ എതിര്‍ക്കുകയുണ്ടായി. പ്രതിപക്ഷം മുന്നോട്ടുവച്ച ആവശ്യത്തിന്റെ യുക്തിയും പ്രസക്തിയും കണക്കിലെടുക്കാതെയാണ് ഭരണമുന്നണി ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ നിയമം പാസാക്കിയത്. ദേശീയ ജനാധിപത്യ സഖ്യത്തിനു നേതൃത്വം നല്കുന്ന ബിജെപിയടക്കം ഭരണമുന്നണിയിലെ നല്ലൊരു പങ്ക് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രാദേശിക വികസന ഫണ്ട് തല്‍ക്കാലത്തേക്കുപോലും നിര്‍ത്തിവയ്ക്കുന്നതിനോട് യോജിപ്പില്ലെന്നതാണ് യഥാര്‍ത്ഥ്യം.

കോവിഡ് മഹാമാരിയുടെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അടിയന്തര ചികിത്സാ ഉപകരണങ്ങളും മറ്റും എത്തിച്ചുകൊടുക്കാന്‍ ജനപ്രതിനിധികള്‍ക്ക് ഫലപ്രദമായി ഇടപെടാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. രോഗവ്യാപനത്തെ നേരിടുന്നതിലും ചികിത്സാ സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കുന്നതിലും കേന്ദ്ര ഭരണകൂടം പരാജയപ്പെടുകയും വ്യാപനതോതും മരണനിരക്കും കുത്തനെ കുതിച്ചുയരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സ്വേച്ഛാപരവും യുക്തിരഹിതവുമായ സമീപനമാണ് പതിവുപോലെ മോഡി ഭരണകൂടം പിന്തുടരുന്നത്.

കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിന് മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച സമാശ്വാസ പദ്ധതികള്‍ എല്ലാംതന്നെ മുന്‍ ബജറ്റുകളില്‍ നടത്തിയ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനവും പദ്ധതികളുടെ വിശദാംശങ്ങളും മാത്രമായിരുന്നുവെന്ന് ഇതിനോടകം വ്യക്തമായിട്ടുള്ള വസ്തുതകളാണ്. ഏറെ കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്കുപോലും വകയിരുത്തിയിട്ടുള്ളത് കേവലം 1.7 ലക്ഷം കോടി രൂപ മാത്രമാണ്. മറ്റേതാണ്ടെല്ലാ ആനുകൂല്യങ്ങളും കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കാനും സംരക്ഷിക്കാനുമായാണ് ചെലവിടുന്നത്.

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ അടിയന്തര ധനസഹായം നല്‍കാന്‍ വിസമ്മതിക്കുകയാണ് മോഡി സര്‍ക്കാര്‍. നിയമാനുസൃതം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ചരക്കുസേവന നികുതി വിഹിതവും നഷ്ടപരിഹാരവും നല്‍കാന്‍ വിസമ്മതിക്കുന്ന കേന്ദ്ര ഭരണകൂടം അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ദൈവത്തിന്റെ ചുമലില്‍ അര്‍പ്പിച്ച് കൈകഴുകുന്നു.

അത്തരം ഒരു സാഹചര്യത്തില്‍ എം പിമാരുടെ പ്രാദേശിക വികസന ഫണ്ടുപോലും നിഷേധിക്കുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തടസം സൃഷ്ടിക്കുകയേയുള്ളൂ. രോഗബാധയുടെ പ്രാരംഭഘട്ടത്തില്‍തന്നെ വെന്റിലേറ്ററുകള്‍, പരിശോധനാ കിറ്റുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ ആവശ്യമായ ഫണ്ട് തങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നല്‍കാന്‍ സന്നദ്ധമായി കേരളത്തിലെ മിക്ക എംപിമാരും രംഗത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് അവിടെ പ്രതിബന്ധമായത്.

ഭരണപരമായ ചുവപ്പുനാടയും ഉദ്യോഗസ്ഥ തലത്തില്‍ സംഭവിക്കാവുന്ന കാലതാമസവും മറ്റും കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് സഹായകമായി മാറാവുന്ന തുച്ഛമായ തുകപോലും അതുവഴി നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് സംബന്ധിച്ച് ഭരണഘടനാപരവും ധാര്‍മ്മികവുമായ തടസവാദം ഉന്നയിക്കുന്നവര്‍ 2010 ല്‍ അതുസംബന്ധിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിപ്രസ്താവം വിസ്മരിക്കുന്നു.

എംപിമാരുടെ വേതനം, ബത്ത എന്നിവ കുറവു വരുത്തിയതിനെ പ്രകീര്‍ത്തിക്കുന്നവര്‍ തിരിച്ചറിയേണ്ട വസ്തുത ഒരു വര്‍ഷം അതുവഴി ലാഭിക്കാന്‍ കഴിയുന്നത് കേവലം 50–55 കോടി രൂപ മാത്രമാണെന്നതാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ മഹാഭൂരിപക്ഷം വരുന്ന അതിസമ്പന്നരായ ജനപ്രതിനിധികള്‍ക്ക് ഇപ്പോഴത്തെ കുറവ് ഒരുതരത്തിലും പ്രശ്നമാവില്ല. മാറ്റിവയ്ക്കാവുന്ന തലസ്ഥാന വികസന പദ്ധതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 20,000 കോടി രൂപ ചെലവിടാന്‍ മുതിര്‍ന്നിരിക്കെയാണ് തികച്ചും പ്രതീകാത്മകമായ ഈ നടപടി. എന്നാല്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിന്റെ കാര്യം വ്യത്യസ്തമാണ്.

അത് ജനങ്ങളെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്ന ദ്രോഹ നടപടിയാണ്. എംപിമാരുടെ ഒരു വര്‍ഷത്തെ പ്രാദേശിക വികസനഫണ്ട് വഴി ലാഭിക്കാന്‍ കഴിയുക ഏതാണ്ട് 7,800 കോടി രൂപയാണ്. എന്നാല്‍ കേരളംപോലെ ഒരു സംസ്ഥാനത്തിന് ഇപ്പോഴത്തെ ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാന്‍ ലഭിക്കുമായിരുന്ന 130 കോടി രൂപയാണ് ഒരു വര്‍ഷം ഇതുവഴി നഷ്ടമാകുന്നത്. മോഡി ഭരണകൂടത്തിന്റെ തന്നിഷ്ടങ്ങള്‍ക്ക് ജനങ്ങള്‍ വിലയായി നല്കേണ്ടിവരുന്നത് അവരുടെ ജീവനാണ്.