കാട്ടുപന്നി റോഡിനു കുറുകെ ചാടി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Web Desk
Posted on December 30, 2018, 10:53 pm

വെള്ളരിക്കുണ്ട്: കാട്ടുപന്നി റോഡിനു കുറുകെ ചാടി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കെട്ടിട നിര്‍മാണതൊഴിലാളി മാലോം കാര്യോട്ടുചാലിലെ കെടയ്ക്കല്‍ കെ.കെ.കൃഷ്ണന്‍ (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെ മാലോംകൊന്നക്കാട് റോഡില്‍ വള്ളിക്കടവില്‍ വെച്ചാണ് അപകടം. ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു സ്‌കൂട്ടറില്‍ മടങ്ങവേ റോഡിനു കുറുകെ ചാടിയ കാട്ടുപന്നി സ്‌കൂട്ടറിനിടിക്കുകയായിരുന്നു. റോഡിലേയ്ക്കു മറിഞ്ഞുവീണ കൃഷ്ണന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. ഇതുവഴിയെത്തിയ ഓട്ടോെ്രെഡവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നത് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലേയ്ക്കു കൊണ്ടുപോയി. നില ഗുരുതരമായതിനാല്‍ മംഗളുരു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. കൊട്ടന്‍ഉണ്ടച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ:സത്യഭാമ.മക്കള്‍:സത്യജിത്ത്, സഞ്ജയ്,സംഗീത്. സഹോദരങ്ങള്‍:ചന്ദ്രന്‍, നാരായണന്‍, കുഞ്ഞമ്പു, കാര്‍ത്യായനി, ശ്യാമള. സംസ്‌കാരം ഇന്നു രാവിലെ പത്തിനു വീട്ടുവളപ്പില്‍ നടക്കും.