പാഷന്‍ ഫ്രൂട്ട് തോട്ടത്തില്‍ നൂറ് മേനിയുമായി ജോണ്‍സണ്‍

Web Desk
Posted on July 05, 2018, 9:20 pm

ജോണ്‍സണ്‍ പാഷന്‍ ഫ്രൂട്ട് തോട്ടത്തില്‍

അടൂര്‍ : നമ്മുടെ കാര്‍ഷിക മേഖലയിലെ പുതു തലമുറയ്ക്ക് മാതൃകയാവുകയാണ് അടൂര്‍ കരുവാറ്റ പുത്തന്‍വിള മേലേതില്‍ ജോണ്‍സണ്‍ പാഷന്‍ ഫ്രൂട്ട് തോട്ടത്തില്‍ നൂറ് മേനി വിളവുമായി ഫലങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. 2017 നവംബര്‍ ഒന്നിനാണ് കല്ലേലി എസ്റ്റേറ്റില്‍ നിന്നും കൊണ്ടുവന്ന അന്‍പത് തൈകള്‍ നട്ടത്.

സ്വന്തമായി കൃഷിചെയ്യുവാന്‍ ഭൂമിയില്ലാതിരുന്ന ജോണ്‍സന് കൃഷി ചെയ്യുന്നതിന് കളിലുവിളയില്‍ സുധര്‍മ്മ വക 40 സെന്റ് ഭൂമി ലഭിച്ചു. തോട്ടതിലെ പന്തലിനു ചുറ്റുമായി തമിഴ്‌നാട്ടില്‍ നിന്നും വാങ്ങിയ നെറ്റും കമ്പിയുമാണ്. പാഷന്‍ ഫ്രൂട്ട് തൈകള്‍ക്ക് ജൈവവളങ്ങള്‍ മാത്രമാണ് ഉപയോഗിച്ചത്. ഫലങ്ങളെ കീടങ്ങള്‍ നശിപ്പിക്കാറില്ലെന്ന് ജോണ്‍സന്‍ പറയുന്നു. ഒരുവള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണിത്. വിദേശരാജ്യങ്ങളിലും പാഷന്‍ ഫ്രൂട്ട് കര്‍ഷകര്‍ കൃഷി ചെയ്യുന്നു.

വെള്ളി നാരങ്ങ, മുസോലിക്കായ, സര്‍ബത്ത് കായ എന്നിങ്ങനെ പലപേരുകളില്‍ പാഷന്‍ ഫ്രൂട്ട് അറിയപ്പെടുന്നു. ഉള്‍ഭാഗം ചാറും വിത്തുകളും അടങ്ങിയതാണ്. പാഷന്‍ ഫ്രൂട്ട് ഫലങ്ങളില്‍ വൈറ്റബിന്‍ ബി അടങ്ങിയിരിക്കുന്നു. ഇത് മാനസീക സംഘര്‍ഷത്തെ ലഘൂകരിക്കുന്നവയാണ് ഈ ഫലമെന്ന് ഗവേഷകര്‍ പറയുന്നു. പാഷന്‍ ഫ്രൂട്ടിന്റെ ഇല ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ജോണ്‍സന്‍ അടൂര്‍ കൃഷിഭവനിലെ കാര്‍ഷിക വികസന സമിതി അംഗമാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ ആരോഗ്യപ്രഥമായ തൈകളാണ് നട്ടത്. അടൂര്‍ കൃഷിഭവനിലെ കൃഷി ആഫീസര്‍ വിമല്‍കുമാര്‍, അസി. ആഫീസര്‍ സന്തോഷ് എന്നിവരുടെ നിര്‍ദ്ദേശങ്ങളും സഹായങ്ങളും എപ്പോഴുമുണ്ടായിരുന്നു. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അടുത്തമാസം പാഷന്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് ജോണ്‍സന്‍ പറഞ്ഞു.
ബി കെ എം യു അടൂര്‍ മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറിയും സിപിഐ അടൂര്‍ ലോക്കല്‍ കമ്മറ്റിയംഗവുമാണ് പന്നിവിഴ സര്‍വ്വീസ് സഹകരണബാങ്ക് ജീവനക്കാരനായ ജോണ്‍സന്‍. ഭാര്യ ഐഡമേരി, മക്കള്‍ ജിത്തു,ജസ്മിന്‍. അടുത്തവര്‍ഷം കൂടുതല്‍ തൈകല്‍ നടുമെന്നും ജോണ്‍സണ്‍ പറയുന്നു.