വിഷാദരോഗത്തിന് ചികിത്സയ്‌ക്കെത്തിയ യുവതിയെ ഹിപ്‌നോട്ടൈസ് ചെയ്ത് പീഡനം; പാസ്റ്റര്‍ അറസ്റ്റില്‍

Web Desk
Posted on September 29, 2019, 11:45 am

മുംബൈ: വിഷാദരോഗത്തിന് ചികിത്സയ്‌ക്കെത്തിയ ഇരുപത്തിയൊന്നുകാരിയ ഹിപനോട്ടൈസ് ചെയ്ത് മയക്കിയതിനുശേഷം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റിലായി. മുംബൈ വാസെയില്‍ പ്രയര്‍ സെന്റര്‍ നടത്തി വന്നിരുന്ന പാസ്റ്ററാണ് യുവതിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയതില്‍ അറസ്റ്റിലായത്.

കഴിഞ്ഞ മാസം പാസ്റ്റര്‍ യുവതിയുമായി ഒരു റിസോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുന്നത് ബന്ധു കണ്ടതോടെയാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. അസുഖങ്ങള്‍ മാറ്റുമെന്ന അവകാശവാദത്തോടെയാണ് നാല്‍പ്പത്തഞ്ചുകാരനായ പാസ്റ്റര്‍ പ്രയര്‍ സെന്റര്‍ നടത്തിയിരുന്നത്. മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യുവതി ആദ്യമായി ഇവിടെ എത്തുന്നത്. പിന്നീട് സന്ദര്‍ശനം പതിവായി. ചില ദിവസങ്ങളില്‍ യുവതിയെ പ്രയര്‍സെന്ററിലാക്കി മാതാപിതാക്കള്‍ മടങ്ങിയിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ പാസ്റ്റര്‍ യുവതിയെ ഹിപ്‌നോടൈസ് ചെയ്ത ശേഷം പല റിസോര്‍ട്ടുകളിലും കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പ്രയര്‍ സെന്ററില്‍ നിന്നും യുവതി റിസോര്‍ട്ടില്‍ പോകുന്ന കാര്യത്തെ കുറിച്ച് മാതാപിതാക്കള്‍ക്ക് ഒരു അറിവുമുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതിയോട് ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ നിരന്തരമായ ലൈംഗിക അതിക്രമമാണ് യുവതി സഹിച്ചിരുന്നതെന്ന് വ്യക്തമായി. ഇതിനുപിന്നാലെ മാതാപിക്കള്‍ പൊലീസില്‍നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.