കൊറോണയ്ക്കെതിരെ പതഞ്ജലിയുടെ കൊറോണില്‍ വില്‍ക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം

Web Desk

ന്യൂഡല്‍ഹി

Posted on June 30, 2020, 9:21 pm

കോവിഡ് വൈറസിനെതിരെ ചെറുത്ത് നില്‍കാന്‍ കഴിയുമെന്ന് അവകാശവാദം ഉന്നയിക്കുന്ന പതഞ്ജലി ആയുര്‍വേദ് മരുന്നിന്റെ വില്‍പനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. യോഗ ഗുരു രാംദേവിന്റെയാണ് പതഞ്ജലി ഉല്‍പന്നങ്ങള്‍. കോവിഡിനെ ചെറുക്കാന്‍ മരുന്നുകള്‍ നിലവില്‍ കണ്ടുപിടിച്ചിട്ടില്ലെന്നും അവയുടെ പേരില്‍ വ്യാജ പ്രചരണം നടത്താന്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റിക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഡ്രഗ് പോളിസി വിഭാഗം അയച്ച ഇ‑മെയിലിലൂടെ വ്യക്തമാക്കി.

ദിവ്യ കോറോണില്‍ ടാബ്‌ലെറ്റ് പോലുള്ള മരുന്നുകളില്‍ ലേബലിലോ പാക്കേജുകളിലോ കോവിഡ് രോഗം ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിക്കാന്‍ ഇനി പാടില്ല. ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് മാത്രം മരുന്നിന്റെ വില്‍പന പാടുള്ളു എന്ന് അറിയിച്ചു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന പേരിലാണ് പതഞ്ജലി ആയുര്‍വേദിന് അംഗീകാരവും പരീക്ഷണത്തിനുള്ള അനുമതിയും നല്‍കിയത്.

എന്നാല്‍ തങ്ങള്‍ വൈറസ് ബാധ ഭേദമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മരുന്നിന്റെ പരസ്യം ഇതുവരെ നല്‍കിയിട്ടില്ലെന്നുമാണ് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറയുന്നത്. ഹരിദ്വാര്‍ ആസ്ഥാനമായ കമ്പനിയാണ് കഴിഞ്ഞയാഴ്ച കോറോണില്‍ അവതരിപ്പിച്ചത്. പതഞ്ജലിയുടെ മറ്റൊരു ഔഷധത്തിനൊപ്പം കൊറോണില്‍ കഴിച്ചാല്‍ കോവിഡ് രോഗ ബാധിതര്‍ക്ക് രോഗം ഭേദമാകുമെന്നാണ് അവര്‍ അവകാശപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് വന്നിരുന്നു. സംഭവം വിവാദമായതോടെ മരുന്നിന്റെ ചേരുവകളും ഇതിനുവേണ്ടി നടത്തിയ ഗവേഷണത്തിന്റെയും വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

പരിശോധന പൂര്‍ത്തിയാകുംവരെ മരുന്നിന്റെ പരസ്യം നല്‍കരുതെന്നും അറിയിച്ചു. വൈറസ് ബാധ ഭേദമാക്കുമെന്ന അവകാശവാദം പതഞ്ജലി ഉന്നയിച്ചിട്ടില്ലെന്ന് ഉത്തരാഖണ്ഡ് ഡ്രഗ് ലൈസന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ കോറോണിലിന്റെ ലേബലില്‍ വൈറസിന്റെ പ്രതീകാത്മക ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പതഞ്ജലിയുടെ നിര്‍മ്മാണശാലയിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ലേബലിലെ പ്രതീകാത്മക ചിത്രവും അവകാശവാദവും പിന്‍വലിക്കണമെന്ന് പതഞ്ജലിക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍ദേശം പാലിക്കപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷമെ അന്തിമ അനുമതി നല്‍കൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ENGLISH SUMMARY:patanjali can’t sell med­i­cine which claims to cure covid
You may also like this video