ആയുര്‍വ്വേദ ബിസിനസ്സില്‍ വരുമാനം കുറഞ്ഞു; വസ്ത്ര വ്യാപാരരംഗത്തേക്ക് കാല്‍വെച്ച് പതഞ്ജലി

Web Desk

മുംബൈ

Posted on November 07, 2018, 7:45 pm

ആയൂര്‍വ്വേദ ബിസിനസ്സില്‍ വരുമാനം കുറഞ്ഞ പതഞ്ജലി വസ്ത്ര വ്യാപാരരംഗത്തേക്ക്. വര്‍ഷത്തില്‍ 1000 കോടിയുടെ വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ് പതഞ്ജലി വസ്ത്ര വ്യാപാരരംഗത്തേക്ക് പ്രവേശിക്കുന്നത്.

പരിധാന്‍ എന്ന പേരില് ബ്രാന്റഡ് അപ്പാരല്‍ മേഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പരിധാന്‍ എന്ന പേരില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 100 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും. 2020 ഓടെ ഫ്രാഞ്ചൈസി മാതൃകയില്‍ 500 ഔട്ട്‌ലൈറ്റുകളായി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

ലൈവ് ഫിറ്റ്, ആസ്ത, സന്‍സ്‌കാര്‍ എന്നീ പേരുകളിലാകും വസ്ത്രങ്ങള്‍ പുറത്തിറക്കുക. സന്‍സ്‌കാര്‍ പുരുഷന്മാര്‍ക്കും ആസ്ത സ്ത്രീകള്‍ക്കും വേണ്ടിയുള്ള വസ്ത്രങ്ങളാണ്. യോഗ, സ്‌പോര്‍ട്‌സ് വെയര്‍ വസ്ത്രങ്ങളാണ് ലൈവ് ഫിറ്റ് എന്ന പേരില്‍ പുറത്തിറക്കുക. എല്ലാ പ്രായക്കാര്‍ക്കും യോജിച്ച വസ്ത്രങ്ങള്‍ പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു.