Janayugom Online
kisan sabha

ദിശാസൂചകമായ കര്‍ഷകമുന്നേറ്റം

Web Desk
Posted on December 03, 2018, 10:47 pm

രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്ത് നിലയുറപ്പിക്കുകയാണ് കര്‍ഷകരുടെയും കാര്‍ഷിക പ്രതിസന്ധിയുടെയും പ്രശ്‌നങ്ങള്‍. ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ നിന്നായി രാഷ്ട്ര തലസ്ഥാനത്ത് എത്തിച്ചേര്‍ന്ന ഒന്നര ലക്ഷത്തോളം വരുന്ന കര്‍ഷകരുടെ റാലിയെ അഭിസംബോധന ചെയ്യാന്‍ രാജ്യത്തെ പതിമൂന്ന് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ സമുന്നത നേതാക്കള്‍ എത്തിച്ചേരുകയുണ്ടായി. അവര്‍ കര്‍ഷകരുടെ ആവശ്യങ്ങളോട് സ്വീകരിച്ച സമാന സമീപനം വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു കൊണ്ടുവരാവുന്ന പൊതു മിനിമം പരിപാടിയിലേക്കുള്ള വ്യക്തമായ സൂചനയാണ് നല്‍കുന്നത്. രണ്ടായിരത്തി പതിനൊന്നിലെ കാര്‍ഷിക കാനേഷുമാരി കണക്കനുസരിച്ച് ജനസംഖ്യയില്‍ 61.5 ശതമാനം കൃഷിയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന ഗ്രാമീണ ജനതയാണ്. അവരുടെ ഏറ്റവും മിതവും ന്യായയുക്തവുമായ ആവശ്യങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കുന്ന പിന്തുണ ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അജണ്ട കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പിക്കുന്നതിനു പകരം കര്‍ഷകരുടെ ആവശ്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കൊണ്ട് അംഗീകരിപ്പിക്കാനായി എന്നതാണ് മാര്‍ച്ചിന്റെയും റാലിയുടെയും വിജയം. നൂറ്റിമുപ്പത് കോടി ജനങ്ങളെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെയും അവരുടെ ന്യായമായ ആവശ്യങ്ങളെയും അവഗണിച്ചുകൊണ്ട് ഒരു ഭരണകൂടത്തിനും രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ടു പോകാനാവില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് അവര്‍ നല്‍കിയത്. 208 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ കര്‍ഷക പ്രക്ഷോഭ ഏകോപന സമിതി (എഐകെഎസ്‌സിസി)യുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മാര്‍ച്ചും റാലിയും സംഘടിപ്പിക്കപ്പെട്ടത്. രാജ്യത്താകെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വളര്‍ന്നുവന്ന കാര്‍ഷിക പ്രതിസന്ധിയുടെയും അതിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധ സമരങ്ങളുടെയും യുക്തിഭദ്രമായ മുന്നേറ്റത്തെയാണ് നവംബര്‍ 30ന്റെ മാര്‍ച്ചും റാലിയും അടയാളപ്പെടുത്തുന്നത്.

നാളിതുവരെ കര്‍ഷക സംഘടനകള്‍ അവലംബിച്ചുപോന്നതില്‍ നിന്ന് വ്യത്യസ്തമായി കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ പ്രയോജനപ്പെടുത്താന്‍ ഉതകുന്ന ക്രിയാത്മക നിര്‍ദേശമാണ് ഏകോപന സമിതി മുന്നോട്ടു വച്ചിരിക്കുന്നത്. നിബന്ധനകള്‍ കൂടാതെ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശാനുസരണം ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തണമെന്നുള്ള രണ്ട് സാമ്പത്തിക ആവശ്യങ്ങള്‍ കര്‍ഷകര്‍ ഉന്നയിക്കുന്നു. ഭരണ‑പ്രതിപക്ഷഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളം അംഗീകരിക്കുന്നവയാണ് ആ ആവശ്യങ്ങള്‍. വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കിലും ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍തന്നെ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ അതിന് നിര്‍ബന്ധിതരായി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം അംഗീകരിക്കുന്ന ആ ആവശ്യം നടപ്പാക്കുന്നതിനുള്ള ഏക തടസം ബന്ധപ്പെട്ട സര്‍ക്കാരുകളുടെ പ്രതിബദ്ധതയും മുന്‍ഗണനകളും മാത്രമാണ്. ലക്ഷക്കണക്കിനു കോടി രൂപ കോര്‍പറേറ്റുകള്‍ക്ക് ഇളവുനല്‍കുന്ന മോഡി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയെന്നത് അവരുടെ വര്‍ഗ താല്‍പര്യത്തെയാണ് തുറന്നുകാട്ടുന്നത്. കര്‍ഷകരുടെ മൂന്നാമത്തെ ആവശ്യം പൗരസമൂഹമെന്ന നിലയില്‍ പാര്‍ലമെന്റിനു മുന്നിലാണ് അവര്‍ ഉന്നയിക്കുന്നത്. രാജ്യത്തിന്റെ കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏഴ് വ്യത്യസ്ത വിഷയങ്ങള്‍ക്കായി മൂന്ന് ദിവസങ്ങള്‍ വീതമുള്ള 21 ദിന പാര്‍ലമെന്റ് സമ്മേളനമെന്നതാണ് അത്. അറുപത്തിയൊന്ന് ശതമാനത്തിലധികം വരുന്ന പൗരന്മാര്‍ അവര്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റ് മുമ്പാകെ ഉന്നയിക്കുന്ന ആവശ്യം നിരാകരിക്കപ്പെട്ടാല്‍ പാര്‍ലമെന്ററി ജനാധിപത്യം തന്നെ നിരര്‍ഥകമായി മാറും. അതുകൊണ്ടുതന്നെ കര്‍ഷകരുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ശക്തിയുക്തം ഉന്നയിക്കാനും അത് അംഗീകരിപ്പിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. ഉന്നതമായ ജനാധിപത്യ‑രാഷ്ട്രീയ അവബോധത്തോടെ കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ഈ ആവശ്യം നിരാകരിക്കാന്‍ ഭരണമുന്നണി മുതിര്‍ന്നാല്‍ അവര്‍ സ്വന്തം കര്‍ഷക വിരുദ്ധതയായിരിക്കും തുറന്നുകാട്ടുക.

കര്‍ഷകരുടെ മുന്നേറ്റത്തില്‍ ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ നേതൃത്വപരമായ പങ്ക് നിര്‍വഹിക്കുകയുണ്ടായി. എന്നാല്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ചട്ടക്കൂട്ടില്‍ ഒതുങ്ങാന്‍ വിസമ്മതിക്കുന്ന ഡസന്‍ കണക്കിന് കര്‍ഷക സംഘടനകള്‍ മാര്‍ച്ചിലും റാലിയിലും അണിനിരന്നുവെന്നത് ശ്രദ്ധേയമാണ്. നഗരകേന്ദ്രീകൃത സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും അധ്യാപകരും അഭിഭാഷകരും ഇതര പ്രൊഫഷനലുകളും അടങ്ങുന്ന വലിയൊരു വിഭാഗം കര്‍ഷകരോടുള്ളള സാഹോദര്യവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് സമരത്തില്‍ അണിചേര്‍ന്നു. അത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശുഭോദര്‍ക്കമായ അനുഭവങ്ങളില്‍ ഒന്നാണ്. കര്‍ഷകരുടെ അഭൂതപൂര്‍വമായ ഈ രാഷ്ട്രീയ മുന്നേറ്റത്തിന്റെ പിന്തുടര്‍ച്ചയെന്നോണം 2019 ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുന്ന ദ്വിദിന അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ തയാറെടുപ്പുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരു വഴിത്തിരിവിനെയാണ് സുചിപ്പിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന് ഉപരി അടിസ്ഥാനവര്‍ഗങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പിനും പൊതുതാല്‍പര്യ സംരക്ഷണത്തിനുമായി കൈകോര്‍ക്കേണ്ടത് അനിവാര്യമായ ചരിത്രദൗത്യമാണ്. അത്തരത്തില്‍ കര്‍മപദ്ധതിയിലുറച്ച കര്‍ഷകത്തൊഴിലാളി ഐക്യമായിരിക്കും രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുക.