Janayugom Online
congress

കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം കമ്മിറ്റിയില്‍ എ‑ഐ ഗ്രൂപ്പ് പോര്

Web Desk
Posted on April 18, 2018, 10:31 pm

ചിറ്റാര്‍ : കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം കമ്മിറ്റിയില്‍ എ‑ഐ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മാത്യു കല്ലേത്തിന്റെ സീതത്തോട്ടിലുള്ള വസതയില്‍ ഡി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നതോടെ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഇരുഗ്രൂപ്പുകളുടെയും സമാന്തര കമ്മിറ്റികള്‍ കൂടിയായതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഇനി തെരുവില്‍ ഏറ്റുമുട്ടുന്ന സ്ഥിതി എത്തി .ഒരു വര്‍ഷത്തിലധികമായി സീതത്തോട്ടില്‍ മണ്ഡലംകോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. ഐ ഗ്രൂപ്പ് പ്രതിനിധിയായ ജോയല്‍ മാത്യുവാണ് ഇപ്പോഴത്തെ മണ്ഡലം പ്രസിഡന്റ്. എന്നാല്‍, ഈ കമ്മിറ്റിയെ എ ഗ്രൂപ്പ് അംഗീകരിക്കാതെ വന്നിട്ടുള്ളതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എ ഗ്രൂപ്പ് കാരനായിരുന്ന സുരേഷ് ആങ്ങമൂഴി മണ്ഡലം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങിയതാണ്. അതേസമയം ഐ ഗ്രൂപ്പ് നേതാവായ കോന്നി എം.എല്‍.എ. അടൂര്‍ പ്രകാശിനെതിരേ, എ ഗ്രൂപ്പ് ആധിപത്യം പുലര്‍ത്തുന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പടയൊരുക്കത്തിന്റെ ഭാഗമാണ് സീതത്തോട് ഉള്‍പ്പടെയുള്ള മലയോര മേഖലയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുള്ളതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. കോന്നി നിയോജകമണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഗ്രൂപ്പിന് അതീതമായി അടൂര്‍പ്രകാശിന് വന്‍ സ്വാധീനമുണ്ട്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പ് മുതല്‍ അടൂര്‍ പ്രകാശിനെതിരേ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം ഉയര്‍ത്തിയ എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കുകയാണ് എ വിഭാഗത്തിന്റെ പുതിയ നീക്കം. സീതത്തോട്ടില്‍ ഇടതുഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ മണ്ഡലം കമ്മിറ്റി നടത്തി വരുന്ന പ്രതിഷേധ സമരം ബ്ലോക്ക് ഡി.സി.സി. നേതൃത്വത്തെ അറിയിച്ചില്ലെന്നും എ. വിഭാഗം പറയുന്നു. സമരത്തില്‍നിന്ന് വിട്ടു നില്‍ക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുകയാണ്. എ. ഗ്രൂപ്പ് യോഗത്തില്‍ 31‑ഭാരവാഹികള്‍ പങ്കെടുത്തിരുന്നു