അണ്ടര്‍ 19 ട്രാവൻകൂര്‍ കപ്പ് ടൂർണമെന്റിൽ പത്തനംതിട്ടയ്ക്ക് കിരീടം

Web Desk
Posted on October 30, 2019, 8:18 pm

തിരുവനന്തപുരം:രണ്ടാമത് പി ശ്രീകുമാർ മെമ്മോറിയൽ അണ്ടര്‍ 19 ട്രാവൻകൂര്‍ കപ്പ് ടൂർണമെന്റിൽ പത്തനംതിട്ടയ്ക്ക് കിരീടം.കോട്ടയത്തെ തോൽപ്പിച്ചാണ് പത്തനംതിട്ട കിരീടം നേടിയത്. ചൊവ്വാഴ്ച്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം.
ലീഗ്-കം-നോക്കൗട്ട് രീതിയിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് പത്തനംതിട്ട ഫൈനലിലെത്തിയത്. പത്തനംതിട്ട, ആതിഥേയരായ തിരുവനന്തപുരത്തിനെയും, കോട്ടയം, ചാമ്പ്യന്മാരായിരുന്ന വയനാടിനെയും സെമി ഫൈനലിൽ തോൽപ്പിച്ചിരുന്നു.
ട്രാവൻകൂർ ഗേൾസ് ക്രിക്കറ്റ് ക്ലബ്ബും, കേരളാ ക്രിക്കറ്റ് അസോസിയേഷനും, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി സമ്മാനദാനം നിർവഹിച്ച ചടങ്ങിൽ കെസിഎയുടെയും ടിഡിസിഎയുടെയും ഭാരവാഹികൾ പങ്കെടുത്തു.