Web Desk

ന്യൂഡല്‍ഹി

January 25, 2020, 9:07 pm

കേരളത്തിന് അഭിമാനം: പത്മശ്രീ പുരസ്കാര നിറവിൽ ഈ മലയാളികൾ

Janayugom Online

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിന് അഭിമാനനേട്ടമായി രണ്ട് പേര്‍ക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചു. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, അരുണാചലിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തകനായ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരെ തേടിയാണ് പുരസ്‌കാരം എത്തിയത്. ജഗദീഷ് ലാല്‍ അഹുജ( പഞ്ചാബ്), മുഹമ്മഷരീഫ് ( യുപി), ജാവേദ് അഹമ്മദ് ടക്( ജമ്മുകശ്മീര്‍) അടക്കം 21 പേര്‍ക്കാണ് പത്മശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചത്.

അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. കോട്ടയം സ്വദേശിനിയായ ഇവര്‍ എട്ടാംവയസ്സ് മുതല്‍ നാട്ടിലും വിദേശരാജ്യങ്ങളിലുമായി നോക്കുവിദ്യ പാവകളി അവതരിപ്പിച്ച്‌ ഇതിന്റെ പ്രശസ്തി ലോകരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ മുണ്ടയൂര്‍ കഴിഞ്ഞ നാലുദശാബ്ദ കാലമായി അരുണാചല്‍ പ്രദേശിലെ ഗ്രാമീണ മേഖലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണ മേഖലയില്‍ വായനശാലകള്‍ ആരംഭിച്ചതിനുമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

കർണാടകത്തിലെ സാധു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ഹരേക്കള ഹജ്ജബ്ബ (64), പഞ്ചാബിലെ നൂറ് കണക്കിന് രോഗികൾക്ക് രണ്ടു ദശാബ്ദമായി ഭക്ഷണം നല്കുന്ന  84കാരൻ ജഗദിഷ് ലാൽ അഹൂജ, ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകൾക്കായി മൂന്നു ദശാബ്ദമായി  പൊരുതിയ മധ്യ പ്രദേശിലെ 63 കാരൻ അബ്ദുൽ ജബ്ബാർ,  കാടിന്റെ എൻസൈക്ളോപീഡിയ എന്നറിയപ്പെടുന്ന കർണാടകത്തിലെ 72 കാരി തുളസി ഗൗഡ തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.

അതേസമയം ബോക്സിങ് താരം മേരി കോമിന് പത്മവിഭൂഷൺ ലഭിച്ചു. കേന്ദ്രമന്ത്രിമാരായിരുന്ന അരുൺ ജയ്റ്റ്ലിക്കും സുഷമ സ്വരാജിനും ജോർജ് ഫെർണാണ്ടസിനും ഉടുപ്പി മഠാധിപതി വിശ്വേശതീർഥയ്ക്കും മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. ഇവർക്കടക്കം ഏഴു പേർക്കാണ് പത്മവിഭൂഷൺ. രണ്ടു മലയാളികളടക്കം 16 പേർക്ക് പത്മഭൂഷൺ ലഭിച്ചു. ആത്മീയാചര്യനായ ശ്രീഎമ്മും എൻ ആർ മാധവമേനോനുമാണ് പത്മഭൂഷൺ ബഹുമതി ലഭിച്ച മലയാളികൾ.

Eng­lish Sum­ma­ry: Path­ma award for two malayalees

You may also like this video