ഞാന്‍ ഗന്ധര്‍വ്വന്‍…

Web Desk
Posted on May 23, 2018, 9:02 am

ഞാന്‍ ഗന്ധര്‍വ്വന്‍… ചിത്രശലഭമാകാനും മേഘങ്ങളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്‍റെ ചുണ്ടിന്‍റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരി. ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകര്‍ന്ന് കഴിയാന്‍ അനുമതി കിട്ടിയ അരൂപിയായ ഒരു വര്‍ണ ശലഭം.. ഞാന്‍ ഗന്ധര്‍വ്വന്‍…

 

അനശ്വര പ്രണയ കഥകളുടെ ഗന്ധര്‍വ്വന്‍ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് ഇന്ന് എഴുപത്തി മൂന്നാം ജന്മദിനം ആഘോഷഭരിതമായേനെ. അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ട് 27 വർഷങ്ങൾ കടന്നു പോയെങ്കിലും   അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ സാനിദ്ധ്യം ഓരോരുത്തരും അനുഭവിച്ചറിയുന്നു.

സര്‍ഗ്ഗാത്മകതയുടെ വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിച്ച വ്യക്തിയാണ് പത്മരാജന്‍. പത്മരാജനെ നമ്മളില്‍ ഓരോരുത്തരും അറിയുന്നത് പ്രണയത്തെ മനോഹരമായി ചിത്രീകരിച്ച കലാകാരനായാണ്. സിനിമയില്‍ കാണിച്ചതിന്‍റെ നൂറിരട്ടി മികവ് തന്‍റെ പുസ്തകങ്ങളില്‍ കൊണ്ടുവരാന്‍ പത്മരാജന് കഴിഞ്ഞിട്ടുണ്ട്. ഏതൊരു ക്ഷുഭിതനായ മനുഷ്യന്‍റെ മനസ്സിലും പ്രണയത്തിന്‍റെ പൂമൊട്ടുകള്‍ വിരിയിക്കാന്‍ കഴിയുമെന്നത് ഇദ്ദേഹത്തിന്‍റെ മാത്രം സവിശേഷതയാണ്.

വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക, എന്ന് പത്മരാജന്‍ കുറിച്ചപ്പോള്‍ പ്രണയ വര്‍ണനകള്‍ അസ്ത്രങ്ങളെപ്പോലെ തുളച്ച് കയറുകയായിരുന്നു. ശക്തമായ ഭാഷ, അയത്നമായ എഴുത്തിന്‍റെ അനായാസത, ആരെയും പിടിച്ചിരുത്തുന്ന ഭാവാത്മകത പത്മരാജന്‍ രചനകളിലെ സര്‍ഗ്ഗാത്മകതയെ വര്‍ണിക്കാന്‍ തുടങ്ങിയാല്‍ അവസാനമില്ല. തനിക്കായി മാത്രം നിര്‍മ്മിച്ച ഒരു പന്ഥാവിലൂടെയായിരുന്നു പത്മരാജന്‍ എന്ന എഴുത്തുകാരന്‍റെ യാത്ര. ശക്തമായ ഭാഷയുടെ പിന്‍ബലത്തില്‍ ഭാവന കൂട്ടിച്ചേര്‍ത്ത് മെനഞ്ഞെടുത്ത മനുഷ്യ ബന്ധങ്ങളുടെ വൈകാരിക വര്‍ണനകള്‍ എന്നും പത്മരാജന്‍റെ രചനകളെ വേറിട്ട് നിര്‍ത്തി.