18 April 2024, Thursday

മെഡിക്കൽ കോളജിൽ രോഗിയും കൂടെവന്നവരും ചേര്‍ന്ന് ആശുപത്രി ജീവനക്കാരി അടക്കം രണ്ടുപേരെ ആക്രമിച്ചു

Janayugom Webdesk
July 12, 2022 6:08 pm

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയും കൂടെവന്നവരും വനിതാ ജീവനക്കാരിയടക്കം രണ്ടുപേരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിനകം സ്വദേശി സന്തു(27), ചികിത്സയ്ക്കെത്തിയ സുജിത്ത് ജോയി( 27) ഇടവക്കോട്, അനീഷ് രാജേന്ദ്രൻ( 27 ) ഇടവക്കോട് എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇനി ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വെളുപ്പിന് ഒന്നരയോടെയാണ് സംഭവം. കൈയ്ക്ക് നീരുമായിട്ടാണ് സുജിത്ത് ജോയിയെ(27) ഓർത്തോപീഡിക് കാഷ്വാലിറ്റിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നത്. പരിശോധനയ്ക്കു ശേഷം ഡോക്ടർ കയ്യുടെ എക്സ്റേ എടുക്കാൻ നിര്‍ദ്ദേശിച്ചു. ഡിജിറ്റൽ എക്സ്റേ മെഷീന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നു. അതിനാലാണ് പഴയ കാഷ്വാലിറ്റി ഏരിയയിൽ നിന്ന് എക്സ്റേ എടുക്കാൻ നിർദ്ദേശിച്ചത്. ഗുരുതര രോഗികൾക്ക് പോർട്ടബിൾ സിസ്റ്റം ഉപയോഗിച്ച് എക്സ്റേ എടുത്തു നൽകുന്നുണ്ട്.
സുജിത്ത് ജോയിക്ക് ചെറിയ പരിക്ക് മാത്രമുള്ളതിനാൽ പഴയ കാഷ്വാലിറ്റി എക്സ്‌റേ ഏരിയയിൽ നിന്ന് എക്സ്‌റേ എടുക്കാൻ ഇയാൾക്കൊപ്പം വന്നവരോടു പറഞ്ഞു. ഇതിൽ പ്രകോപിതരായാണ് ഇവർ എക്‌സ്‌റേ ഏരിയയിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ചത്. ആക്രമണത്തിൽ റേഡിയോഗ്രാഫർ വിഷ്ണു, സുനിത(നഴ്സിങ് അസിസ്റ്റന്റ്) എന്നിവർക്ക് പരിക്കേറ്റു.
സുനിതയുടെ കൈത്തണ്ട പിടിച്ചു തിരിച്ചാണ് പരിക്കേൽപ്പിച്ചത്. വിഷ്ണുവിന്റെ കഴുത്തിലാണ് പരിക്ക്. ഇരുവരും അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടി.
സംഭവത്തെക്കുറിച്ച് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനിൽ സുന്ദരം, സെക്യൂരിറ്റി ഓഫീസർ നാസറുദിൻ എന്നിവർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. എ നിസാറുദീൻ മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Eng­lish Sum­ma­ry: patient attacked staff at med­ical college

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.