Janayugom Online
Patrolling- janayugom

പട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദ്ദേശം, പുനരധിവാസത്തിനും പൊലീസ് സഹായം

Web Desk
Posted on August 20, 2018, 9:49 pm

തിരുവനന്തപുരം: ദുരിതാശ്വാസ മേഖലകളില്‍ പ്രളയജലം ഇറങ്ങുകയും ആളുകള്‍ മടങ്ങിയെത്തുകയും ചെയ്യുന്ന മുറയ്ക്ക് മോഷണ ശ്രമങ്ങളും മറ്റു അതിക്രമങ്ങളും തടയുന്നതിന് ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. പകലും രാത്രിയും ആവശ്യമായ പരിശോധനകളും മറ്റും നടത്താന്‍ ലോക്കല്‍ പൊലീസിന് ഡിജിപി നിര്‍ദ്ദേശം നല്‍കി.

ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പൊലീസ് ഉദ്യോഗസ്ഥരെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുചീകരണത്തിനും ദുരിതബാധിതര്‍ക്ക് വീടുകള്‍ വീണ്ടും താമസയോഗ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡിജിപി അറിയിച്ചു. പ്രളയത്തെത്തുടര്‍ന്ന് നിരവധി വീടുകളും റോഡുകളും പരിസരപ്രദേശങ്ങളും വെള്ളംകയറി വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ കുടുംബങ്ങള്‍ക്ക് വീണ്ടും താമസിക്കുന്നതിന് വലിയ ശ്രമം ആവശ്യമാണ്. അതില്‍ പൊലീസ് സേന മുന്നിട്ടു നിന്ന് പ്രവര്‍ത്തിക്കും. സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാവും ഇതു ചെയ്യുന്നത്.