അയ്യര്‍ ദി ഗ്രേറ്റ് പട്ടാഭിരാമന്‍

Web Desk
Posted on September 01, 2019, 7:02 am

അശ്വതി

ഒരു സാധാരണ വാണിജ്യ സിനിമയുടെ എല്ലാ ചിട്ടവട്ടങ്ങളും പാലിക്കുന്ന ചേരുവകളിട്ട് തയ്യാറാക്കിയ സമ്പൂര്‍ണ കോമഡി എന്റര്‍ടെയിനറാണ് അയ്യര്‍ ദി ഗ്രേറ്റ് എന്ന ടാഗ് ലൈനോട് കൂടി അവതരിപ്പിക്കുന്ന ‘പട്ടാഭിരാമന്‍’. ചിന്തിച്ച് തലപുകയ്ക്കാതെ പ്രത്യേകിച്ച് ഒരജണ്ടയുമില്ലാതെ കുടുംബ മേളയില്‍ പങ്കെടുത്ത് മടങ്ങുന്ന പ്രതീതിയാണ് പട്ടാഭിരാമന്‍ തരുന്ന അനുഭവം.

ഗൗരവമേറിയ വിഷയം
കുടിവെള്ളത്തിലും ഭക്ഷണത്തിലും പ്രാണവായുവിലും എന്നുവേണ്ട അസുഖം വന്നാല്‍ കഴിക്കുന്ന മരുന്നില്‍ പോലും മായം കലര്‍ത്തുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അതേക്കുറിച്ച് മലയാളികള്‍ ഗൗരവത്തോടെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നും ഓര്‍മ്മിപ്പിക്കുകയാണ് പട്ടാഭിരാമന്‍. വരും തലമുറയുടെ ആരോഗ്യകരമായ നിലനില്‍പിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന അതീവ ഗൗരവമേറിയ വിഷയമാണ് ദിനേശ് പള്ളത്തിന്റെ തിരക്കഥയുടെ കാതല്‍. എന്നാല്‍ കണ്ണന്‍ താമരക്കുളം എന്ന സംവിധായകന്‍ അത് പറയാനായി സ്വീകരിച്ചത് വളരെ ലളിതവും ഒട്ടും ഗൗരവം തോന്നാത്തതുമായ സ്വീക്കന്‍സുകളിലൂടെയാണ്. പട്ടാഭിരാമന്‍ എന്ന ടൈറ്റില്‍ റോളില്‍ വരുന്ന ജയറാമിന്റെയും സഹപ്രവര്‍ത്തകരായി വരുന്ന ബൈജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങിയവരുടെയും അമിതാഭിനയത്തിന്റെ ചുവടുകളിലൂടെയാണ് കാര്യങ്ങളുടെ ചുരുള്‍ നിവരുന്നത്.

പുതിയകുപ്പിയില്‍ പഴയ വീഞ്ഞ്
അതീവ രുചികരമായി സദ്യഒരുക്കാന്‍ കഴിവുള്ള പട്ടരാണ് പട്ടാഭിരാമന്‍. വര്‍ഷങ്ങളായി കണ്ട് പഴകിയ രൂപവും ശരീരഭാഷയുമായാണ് പട്ടാഭിരാമനില്‍ ജയറാം പ്രത്യക്ഷപ്പെടുന്നത്. കല്ല്യാണസദ്യയൊരുക്കുന്ന ബഹളങ്ങളെല്ലാം ചേര്‍ത്തുള്ള തട്ടുപൊളിപ്പന്‍ പാട്ടിന്റെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ ടൈറ്റിലുകള്‍ തെളിയുന്നത്. അധികം വൈകാതെ അദ്ദേഹം വെറുമൊരു പാചകക്കാരന്‍ മാത്രമല്ലെന്നും നാട്ടുകാരുടെയെല്ലാം ആരോഗ്യത്തെയും ഭക്ഷണത്തെയും കുറിച്ച് ഉത്കണ്ഠയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൂടിയാണെന്ന് നമുക്ക് മനസ്സിലാകും. തുടര്‍ന്ന് സ്വതസിദ്ധമായ ശൈലിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പട്ടാഭിരാമന്‍ സ്വന്തം ഭക്ഷണ ശീലങ്ങളിലെ സവിശേഷ കൂട്ടുകള്‍ വ്യക്തമാക്കുന്നതോടൊപ്പം നാട്ടുകാരെ നല്ല ഭക്ഷണം ശീലിപ്പിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങുകയാണ്. എല്ലാ നേരംപോക്കുകള്‍ക്കുമൊപ്പം അയാള്‍ക്ക് കൂട്ടായി ഹരീഷ് കണാരന്റെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും, എല്ലായ്‌പോഴും എതിര്‍പ്പായി ബൈജുവിന്റെ കൈക്കൂലിക്കാരന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഉണ്ട്. മലയാളി എന്തുകൊണ്ട് നന്നാവുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം തരുന്നവിധമാണ് ബൈജു അവതരിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ജീവിതത്തിലൂടെ കാണിക്കുന്നത്. എല്ലാ ദിവസവും വിവിധ ഹോട്ടലുകളില്‍ നിന്നും കൈക്കൂലിയായി കൊണ്ടുവരുന്ന ഭക്ഷണം കഴിച്ച് രോഗാതുരമായി ചീര്‍ക്കുകയും ബാല്യത്തില്‍ തന്നെ മരണമടയുകയും ചെയ്യുകയാണ് അയാളുടെ മകന്‍. പിന്നീട് ജീവിതത്തോടുള്ള മനോഭാവം തന്നെ മാറുന്ന വത്സന്‍ (ബൈജു) ജോലി ഉപേക്ഷിച്ച് മനോനിലതെറ്റി അലഞ്ഞുതിരിയുകയാണ്. വളരെ ലളിതമായി തമാശ രൂപേണയാണ് കണ്ണന്‍ താമരക്കുളം ഇതൊക്കെ പറഞ്ഞ് വയ്ക്കുന്നതെങ്കിലും കുടുംബപ്രേക്ഷകരെ ഏറെ ആഴത്തില്‍ സ്വാധീനിക്കാന്‍ ഇടയുള്ള വിഷയമാണ് അദ്ദേഹം തിരഞ്ഞെടുത്തത് എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഓണക്കാലത്ത് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പട്ടാഭിരാമന് അതുകൊണ്ട് തന്നെ കഴിഞ്ഞേക്കാം. പക്ഷെ അമ്പതുപിന്നിട്ട നായകന്‍മാരുടെ പരമ്പരാഗത പെണ്ണുകാണല്‍ ചടങ്ങൊക്കെ അരോചകമാണെന്ന് പറയാതെവയ്യ.

കഥാപാത്രങ്ങളുടെ ഘോഷയാത്ര
നാല്‍പത്തിയെട്ട് കഥാപാത്രങ്ങളുടെ പേരുകളാണ് ടൈറ്റില്‍ കാര്‍ഡില്‍ തെളിഞ്ഞത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ കൂടാതെ മേയര്‍, കളക്ടര്‍, തമ്പുരാന്‍, ചാനല്‍ റിപ്പോര്‍ട്ടര്‍, ടെലിവിഷന്‍ അവതാരക തുടങ്ങി എല്ലാ തുറകളില്‍ നിന്നും പട്ടാഭിരാമനില്‍ കഥാപാത്രങ്ങളുണ്ട്. ഒരു കഥ ഗൗരവത്തോടെ പറയാന്‍ ഇത്രയേറെ കഥാപാത്രങ്ങളുടെ ആവശ്യമുണ്ടോ?
പട്ടാഭിരാമന്റെ ഭാര്യയായി ഷീലു എബ്രഹാമും, അയല്‍ക്കാരിയും ടെലിവിഷന്‍ അവതാരകയുമായി മിയ ജോര്‍ജ്ജുമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ പ്രത്യേകതകളും പ്രാധാന്യവും ഒന്നുമില്ലാത്ത രണ്ട് സ്ത്രീകഥാപാത്രങ്ങള്‍. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വത്സന്റെ അമ്മാവനായി നന്ദുവും ഹോട്ടലുടമയായി സുധീര്‍ കരമനയും വ്യത്യസ്തമായ അഭിനയ മുഹൂര്‍ത്തങ്ങളാണ് കാഴ്ചവച്ചത്. മികച്ച അഭിനേത്രികളായ അനുമോളും പാര്‍വ്വതി നമ്പ്യാരും ഒന്നും ചെയ്യാനില്ലാത്ത കാഴ്ചക്കഥാപാത്രങ്ങളായി വന്നുപോകുന്നു. ശ്രീ പത്മനാഭന്റെ സ്വന്തം മണ്ണെന്ന വിശേഷണത്തോടെ തിരവനന്തപുരത്ത് നടക്കുന്ന കഥയായി പട്ടാഭിരാമന്‍ നിര്‍മ്മിച്ചത് എബ്രഹാം മാത്യുവാണ്.