തിരുമൂലപുരം ശ്രീനാരായണ വിലാസം സംസ്‌കൃത ഹൈസ്‌കൂളിന്റെ വജ്രജൂബിലി

Web Desk
Posted on January 11, 2018, 10:19 pm

തിരുവല്ല: തിരുമൂലപുരം ശ്രീനാരായണ വിലാസം സംസ്‌കൃത ഹൈസ്‌കൂളിന്റെ 83ാംമത് വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും ഹൈസ്‌കൂളിന്റെ വജ്രജൂബിലി ആഘോഷവും നാളെ നടക്കും. നാളെ രണ്ടിന് സ്‌കൂള്‍ അങ്കണത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ കെ.വി വര്‍ഗീസ് വജ്രജൂബിലി സന്ദേശം നല്‍കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ എം.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡി. സന്ധ്യ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സ്‌കൂള്‍ മാനേജര്‍ പി.ടി.പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉഷാകുമാരി, പി.ടി.എ പ്രസിഡണ്ട് അനില്‍കുമാര്‍, തിരുവല്ല എസ്.എന്‍.ഡി.പി യുണിയന്‍ ചെയര്‍മാന്‍ ബിജു ഇരവിപേരൂര്‍, കണ്‍വീനര്‍ അനില്‍ എസ് ഉഴത്തില്‍, നഗരസഭാ പ്രതിപക്ഷ നേതാവ് എം.പി ഗോപാലകൃഷ്ണന്‍, തിരുവല്ല ടൌണ്‍ ശാഖാ പ്രസിഡണ്ട് സന്തോഷ് ഐക്കരപറമ്പില്‍, വൈസ് പ്രസിഡണ്ട് പി.എന്‍. മണിക്കുട്ടന്‍, മുന്‍യുണിയന്‍ കൌണ്‍സിലര്‍ കെ.എന്‍.രവീന്ദ്രന്‍, മുന്‍സിപ്പല്‍ കൌണ്‍സിലര്‍മാരായ ഷേര്‍ളി ഷാജി, വര്‍ഗീസ് പി വര്‍ഗീസ്, പി.ടി.എ വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍, എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ.കെ.അജിത, സ്റ്റാഫ് പ്രതിനിധി ജയ വാസുദേവന്‍, സെക്രട്ടറി എസ്.അജിത എന്നിവര്‍ പ്രസംഗിക്കും. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ സമ്മേളനത്തില്‍ അനുമോദിക്കും. ജില്ലയിലെ ആദ്യത്തെ സംസ്‌കൃത യു.പി സ്‌കൂളായി 1934ല്‍ സ്ഥാപിതമായതാണ് ഈ സരസ്വതി വിദ്യാലയം. വാലയില്‍ കൊച്ചുകുഞ്ഞ് വൈദ്യനും കണ്ണാറ ഗോപാലകൃഷ്ണ പണിക്കരും സ്‌കൂളിന്റെ ആരംഭംകുറിക്കാന്‍ നേതൃത്വം വഹിച്ചു. 1957ലാണ് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടത്. എസ്.എന്‍.ഡി.പി യോഗം തിരുവല്ല ടൌണ്‍ ശാഖയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളില്‍ ഉള്‍പ്പെടെ ആയിരത്തിലധികം കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു.
അഞ്ചു മുതല്‍ പത്തുക്ലാസുകള്‍ വരെ 20 ഡിവിഷനുകളിലായി എഴുന്നൂറോളം കുട്ടികളുണ്ട്. എസ്.എസ്.എല്‍.സിക്ക് തുടര്‍ച്ചയായി നൂറുശതമാനം വിജയം കരസ്ഥമാക്കി മുന്നേറുന്ന സ്‌കൂള്‍ കലാകായികരംഗത്തും ഏറെ മുന്നിലാണെന്നും സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി എസ്.അജിത മാനേജര്‍ പി.ടി.പ്രസാദ്, എസ്.എന്‍.ഡി.പി തിരുവല്ല ടൌണ്‍ ശാഖാ പ്രസിഡണ്ട് സന്തോഷ് ഐക്കരപറമ്പില്‍, മുന്‍ കൌണ്‍സിലര്‍ കെ.എന്‍.രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.