പോള്‍ ഗോഗിന് -(1848-1903); തിരസ്കരിക്കപ്പെട്ടവന്റെ കല

സൂര്‍ദാസ് രാമകൃഷ്ണന്
”എനിക്കറിയാം ഞാനൊരു മഹാനായ ചിത്രകാരനാണെന്ന്. അതുകൊണ്ടാണല്ലോ, ഈ പ്രതിസന്ധികളെയൊക്കെ എനിക്ക് നേരിടേണ്ടി വരുന്നത്.” ചിത്രകാരനായ പോള്‍ ഗോഗിന് ഒരിക്കല്‍ തന്റെ ഭാര്യയ്ക്ക് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നുണ്ട്. പോള്‍ യൂജിന്‍ ഹെന്റി ഗോഗിന് മഹാനായ ചിത്രകാരന് തന്നെയായിരുന്നു. ഒരുതരത്തിലുമുള്ള ചിത്രകലാപരിശീലനം നേടാതെ ചിത്രകലയിലേക്ക് സാഹസികമായി ഇറങ്ങിച്ചെന്ന റാഡിക്കല്‍ മനസ്സ്. കലയിലും ജീവിതത്തിലും പാരമ്പര്യ നിഷേധത്തിന്റെ അനുസരണക്കേടില്‍ ആനന്ദം കണ്ടെത്തിയ ഗോഗിന് പക്ഷേ, ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നതുപോലെ മഹാനായ ചിത്രകാരനാണെന്ന് ആരും അംഗീകരിച്ചിരുന്നില്ല. 1903ല്‍ ഗോഗിന് മരണപ്പെട്ടു. മൂന്നു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ 227 ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം പാരീസില്‍ നടന്നു. അതോടെ ലോകര്‍ക്ക് ഗോഗിന് മഹാപ്രതിഭയായി മാറി. ഇരുപതാം നൂറ്റാണ്ടിന്റെ ചിത്രകലയിലെ ഏറ്റവും വലിയ സ്വാധീനശക്തിയായി മാറി ഗോഗിന്റെ ചിത്രകലാജീവിതം. ഇംപ്രഷണിസത്തിന്റെയും പ്രിമിറ്റിവിസത്തിന്റെയും വിസ്മയകരമായ ലയം നിരൂപകലോകം ഗോഗിന്റെ ചിത്രങ്ങളില്‍ ദര്‍ശിച്ചു. ഗോഗിന് ചിത്രകലയെക്കുറിച്ച് വ്യക്തമായൊരു ദാര്‍ശനിക നിലപാടുണ്ടായിരുന്നു. കല ദിവ്യമായൊരു വരദാനമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
”കലയ്ക്ക് ദിവ്യമായൊരു ഉറവിടമുണ്ടെന്നാണ് എന്റെ വിശ്വാസം. അത് പ്രകാശമാനമായ ഹൃദയങ്ങളിലെല്ലാമുണ്ട്. ഒരിക്കല്‍ നാം അതിന്റെ അനുഭൂതി നുകര്‍ന്നു കഴിഞ്ഞാല്‍ രക്ഷപ്പെടാനാകാത്തവിധം നാമതില്‍ മുഴുകിപ്പോകും-” എന്ന് ഗോഗിന് എഴുതിയിട്ടുണ്ട്. ഗോഗിന് സംഭവിച്ചതും ഇതുതന്നെ. മുപ്പത്തിയഞ്ചാം വയസ്സില്‍ ഒരു മുന്നൊരുക്കവുമില്ലാതെ ചിത്രകലയുടെ മായികലോകത്തേക്ക് സ്വയം ഇറങ്ങിച്ചെന്ന ഗോഗിന്, ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നപ്പോഴൊന്നും കലയുടെ അനുഭൂതിലോകത്തു നിന്നും പുറത്തുവരാന്‍ ആഗ്രഹിച്ചില്ല. കാന്‍വാസ് വാങ്ങാന്‍ പണമില്ലാത്തപ്പോള്‍ വലിച്ചുകെട്ടിയ ചാക്കിന് കഷണങ്ങളില്‍ വരച്ചു. എല്ലാ ചിത്രകാരന്മാരേയുംപോലെ പാരീസ് എന്ന സ്വപ്നം മനസ്സില്‍പേറി നടന്നില്ല. നാഗരികതയുടെ ശബ്ദകോലാഹലങ്ങളില്‍ നിന്നും പൊങ്ങച്ചങ്ങളില്‍ നിന്നും അകന്ന് തെക്കന്‍ പെസഫിക് സമുദ്രത്തിലെ ദീപസമൂഹത്തില്‍ സ്വാസ്ഥ്യമാര്ന്നൊരു കലാജീവിതം അദ്ദേഹം കണ്ടെത്തി. താഹിതിയും മാര്ക്വിസസും ആയിരുന്നു ഗോഗിന്റെ കലാജീവിതം പങ്കിട്ടെടുത്ത രണ്ടു ദ്വീപുകള്‍. നഗരപരിഷ്കാരങ്ങള്‍ കടന്നു കയറിയിട്ടില്ലാതിരുന്ന ഈ ദ്വീപുകളിലെ മനുഷ്യരുടെ പ്രാകൃതിക ജീവിതത്തിന്റെ സൗന്ദര്യം, ചിത്രകലയുടെ സാങ്കേതികാ സ്വാതന്ത്ര്യങ്ങളൊന്നുമില്ലാതെ ഗോഗിള്‍ വരച്ചുകൊണ്ടേയിരുന്നു. അങ്ങനെ പാരീസില്‍ ജനിച്ചിട്ടും ചിത്രകലയുടെ വാഗ്ദത്തഭൂമിയായ പാരീസിനെ ഉപേക്ഷിച്ച് വളരെയകലെ പരിഷ്കാരം അശുദ്ധമാക്കാത്ത ദ്വീപുകളില്‍ സര്‍ഗാത്മക സ്വാതന്ത്ര്യം അനുഭവിക്കുകയായിരുന്നു ഗോഗിന്.
1848ല്‍ പാരീസിലാണ് ഗോഗിന് ജനിച്ചത്. പിതാവ് ക്ലോവിസ്, ഭരണകൂടത്തെ വിമര്‍ശിച്ച് എഴുതിയിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു. മാതാവ് എലെയ്ന് ആകട്ടെ, ഫെമിനിസ്റ്റും സോഷ്യലിസ്റ്റുമായിരുന്ന ഫ്ളോറാ ട്രിസ്റ്റന്‍ എന്ന ബഹുമാന്യയായ സ്ത്രീയുടെ മകളും. മാതാപിതാക്കളുടെ പാരമ്പര്യത്തിലൂടെയാവാം ഗോഗിന്റെ ജീവിതത്തിലും റാഡിക്കലായ ഒരു മനോഭാവം കടന്നുകൂടിയത്. ഗോഗിന് ജനിച്ച വര്‍ഷം പക്ഷേ, റാഡിക്കല്‍ ബുദ്ധിജീവികള്‍ക്ക് മോശം കാലത്തിന്റെ തുടക്കമായിരുന്നു ഫ്രാന്‍സില്‍. ലൂയി നെപ്പോളിയന് അധികാരം പിടിച്ചെടുത്ത വര്‍ഷമായിരുന്നു അത്. സ്വാഭാവികമായും നെപ്പോളിയന്റെ രാഷ്ട്രീയ എതിരാളികളെല്ലാം ഫ്രാന്‍സ് വിട്ടുതുടങ്ങിയിരുന്നു. ഗോഗിന്റെ കുടുംബവും ഫ്രാന്‍സ് വിട്ട് പെറുവിലെക്ക് പോയി; ഗോഗിന്റെ മാതാവിന്റെ നാട്ടിലേക്ക്. ആ യാത്രയ്ക്കിടയില്‍ പിതാവായ ക്ളോവിസ് ഹൃദയാഘാതത്താല്‍ മരിച്ചു. പിന്നെ ആറു വര്‍ഷം എലെയ്ന്റെ അമ്മാവന്റെ സംരക്ഷണയിലായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്. പിന്നീട്, ഫ്രാന്‍സില്‍ താമസിച്ചിരുന്ന മുചത്തച്ഛന്റെ മരണശേഷം ഗോഗിനും സഹോദരിയും അമ്മയും മുത്തച്ഛന്റെ വീട്ടിലേക്ക് താമസം മാറി. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പതിനേഴാം വയസ്സില്‍ ഗോഗിന് നാവിക പരിശീലനം നേടുകയും ചരക്കു കപ്പലില്‍ ജോലിയെടുക്കുകയും ചെയ്തു. കടലുമായി മല്ലിട്ടുള്ള സാഹസിക ജീവിതം ഗോഗിന് ശരിക്കും ആസ്വദിച്ചു. രാത്രിയുടെ ഏകാന്തതകളില്‍ ഉള്‍ക്കടലില്‍ സഞ്ചരിക്കവേ കൂടെയുള്ള കപ്പല്‍ തൊഴിലാളികള്‍ പറയുന്ന രസകരമായ അനുഭവകഥകള്‍ ഗോഗിനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ആക്കൂട്ടത്തിലാണ് തെക്കന്‍ പെസഫിക് ദ്വീപസമൂഹത്തിലെ താഹിതി ദ്വീപിനെക്കുറിച്ച് ഗോഗിന് മനസ്സിലാക്കുന്നത്. അവിടുത്തെ സുന്ദരിമാരെക്കുറിച്ച്, എളുപ്പം വഴങ്ങിത്തരുന്ന അവരുടെ സ്വഭാത്തെക്കുറിച്ച്, പൂക്കളും പഴങ്ങളും കൊണ്ടു നിറഞ്ഞ മനോഹരമായ പ്രകൃതിയെക്കുറിച്ച്, പകലിന്റെ തെളിമയെക്കുറിച്ച്, രാത്രിയുടെ മായിക സൗന്ദര്യത്തെക്കുറിച്ച്… കപ്പല്‍ത്തട്ടില്‍ വച്ചുകേട്ട കഥകളിലൂടെ ഗോഗിന് അന്നേ താഹിതിയുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. പില്ക്കാലത്ത് അദ്ദേഹം കലാജീവിതത്തിന്റെ സ്വാസ്ഥ്യം തേടിപോയതും തന്നെ മോഹിപ്പിച്ചുകൊണ്ടിരുന്ന ആ ദ്വീപിലേക്കു തന്നെയായിരുന്നു.
ഇരുപത്തിമൂന്നാം വയസ്സില്‍ കപ്പല്‍ ജീവിതം അവസാനിപ്പിച്ച് ഗോഗിന്, പിന്നെ പ്രത്യക്ഷനാകുന്നത് പാരീസ് ഓഹരി വിപണിയില്‍ അതിസമര്‍ത്ഥനായ ഒരു ഓഹരി ദല്ലാളായിട്ടാണ്. ചുരുങ്ങിയകാലംകൊണ്ട് അദ്ദേഹം ധാരാളം സമ്പാദിച്ചുകൂട്ടി. അങ്ങനെ സമ്പന്നതയില്‍ നില്‍ക്കുമ്പോഴാണ് ഡെന്മാര്ക്കുകാരിയായ മെറ്റിഗാഡിനെ വിവാഹം കഴിക്കുന്നത്. പ്രായോഗിക ബുദ്ധിയും കാര്യശേഷിയുമുള്ള സുന്ദരിയായിരുന്നു മെറ്റി. അവരുടെ ജീവിതം സുന്ദരമായി മുന്നോട്ടുപോയി. അതിനിടയിലാണ് ചിത്രം വരയ്ക്കാനുള്ള മോഹം ഗോഗിനെ പിടികൂടിയത്. പലരുടേയും ചിത്രങ്ങള്‍ വിലയ്ക്കുവാങ്ങി സൂക്ഷിച്ചിരുന്ന ഗോഗിന് ഒഴിവു സമയങ്ങളില്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങി. തനിക്കു തോന്നുന്നതുപോലെ മനുഷ്യരെയും പ്രകൃതിയെയും തനിക്കിഷ്ടപ്പെട്ട നിറങ്ങളില്‍ അദ്ദേഹം വരച്ചു. ഒഴിവു സമയത്തെ ഒരു വിനോദമായി കണ്ട് മെറ്റിയുടെ ഗോഗിന്റെ കിറുക്കിനെ പ്രോത്സാഹിപ്പിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. അവര്‍ അഞ്ചു മക്കളുടെ മാതാപിതാക്കളായി. അങ്ങനെയിരിക്കെ മുപ്പത്തിയഞ്ചാം വയസ്സില്‍ ഗോഗിന്റെ ‘സ്റ്റഡി ഓഫ് എ ന്യൂഡ്’ എന്ന ചിത്രം പാരീസിലെ ഒരു ചിത്രപ്രദര്‍ശനത്തില്‍ ഇടം നേടി. ചിത്രം കണ്ട ഒരു കലാ നിരൂപകന്, റെബ്രറ്റിന്റെ ചിത്രങ്ങള്‍ക്കുശേഷം താന്‍ കണ്ട മനോഹരമായ നഗ്നചിത്ര രചനയാണ് ഗോഗിന്റേതെന്ന് വാഴ്ത്തി. അത് ഗോഗിന്റെ മനസ്സിനെ ഇളക്കി മറിച്ചു. ഓഹരി ദല്ലാള്‍ പണിയില്‍ നിന്ന് പതുക്കെ പതുക്കെ അദ്ദേഹം പിന്മാറി. ചിത്രകലയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് തന്റെ ജീവിതമെന്ന് അദ്ദേഹം വിശ്വസിച്ചു. അതോടെ കുടുംബജീവിതമാകെ തകിടം മറിഞ്ഞു. തൊഴിലുപേക്ഷിച്ചതോടെ വരുമാനമില്ലാതായി. ഒറ്റവര്‍ഷംകൊണ്ട് ആ കുടുംബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. നില്‍ക്കെക്കള്ളിയില്ലാതെ മെറ്റി മക്കളേയും കൂട്ടി സ്വന്തം നാട്ടിലേക്ക്, ഡെന്മാര്ക്കിലേക്ക് പോയി. ഗോഗിനും കൂടെ കൂടി. പക്ഷേ, അവിടെ ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നവന് എന്ന ആക്ഷേപം കേട്ടു നില്ക്കാനാവാതെ ഗോഗിന് പാരീസിലേക്ക് മടങ്ങി, ഒറ്റയ്ക്ക്.
പിന്നീട് ദാരിദ്ര്യത്തിലും അലച്ചിലിലും പെട്ടുപോയൊരു ജീവിതമായിരുന്നു ഗോഗിന്റേത്. ഫ്രാന്‍സിന്റെ പലപല പ്രദേശങ്ങളിലും ഒരു കാറ്റിനെപോലെ വിശ്രമമില്ലാതെ അദ്ദേഹം അലഞ്ഞുനടന്നു. അപ്പോഴും കിട്ടിയ ചെറിയ സൗകര്യങ്ങളുപയോഗപ്പെടുത്തി വരച്ചുകൊണ്ടേയിരുന്നു. മെറ്റിയോടുള്ള തന്റെ തീവ്രമായ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് നിരന്തരം കത്തുകളയച്ചു.”ഞാന്തിരികെയെത്തുമ്പോള് പൂര്‍വാധികം ശക്തിയോടെ നമ്മള് പ്രണയത്തിലാകണം. ഈ കത്തില്‍ നിനക്കുള്ള പ്രണയചുംബനങ്ങളാണ്. തീവ്രമായ കെട്ടിപ്പുണരലുകളാണ്.” എന്നൊക്കെ വികാരാധീനനായി ഗോഗിന് എഴുതി. പക്ഷേ, മെറ്റി ഒരിക്കലും ഗോഗിന്റെ അടുത്തേക്ക് മടങ്ങി വന്നില്ല.
അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിനിടയില്‍ ഗോഗിന് സുഹൃത്തായ വിന്‍സന്റ് വാന്‍ഗോഗുമായി കണ്ടുമുട്ടുന്നുണ്ട്. ഗോഗിന്റെ വരവുപ്രമാണിച്ച് വാന്‍ തന്റെ വീടാകെ മോടിപിടിപ്പിച്ചു. അവര്‍ ഒന്നിച്ചിരുന്നു വരച്ചു, കലയെക്കുറിച്ചു സംസാരിച്ചു. പക്ഷേ, ഗോഗിന്റെ വാക്കുകളിലെ ആധിപത്യ സ്വഭാവം വാന്‍ഗോഗിന്റെ അസ്വസ്ഥമായ മനസ്സിനെ കൂടുതല്‍ കലുഷമാക്കി. ഒരു സായാഹ്നത്തില്‍ കഫേയിലിരിക്കവേ വാന്‍ഗോഗ് ഒരു ഭ്രാന്തനെപോലെ വൈന്‍ഗ്ലാസ് ഗോഗിന്റെ ശിരസ്സിനുനേരേ എറിഞ്ഞു. പിറ്റേ ദിവസം നിവര്‍ത്തിപ്പിടിച്ച ഒരു കത്തിയുമായി ഗോഗിനെ ആക്രമിക്കാന്പിറകെ പതുങ്ങിചെന്നു. ഒടുവില്‍ ഗോഗിനും തിയോയും(വാന്‍ഗോഗിന്റെ സഹോദരന്) കൂടി ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി വാന്‍ഗോഗിനെ ചിത്തരോഗാശുപത്രിയില്‍ കൊണ്ടുപോയി. ദരിദ്രനായി ഏകാകിയായി ദുരനുഭവങ്ങളിലൂടെ അലഞ്ഞു നടക്കുന്നതിനിടയില്‍ ചില ചിത്ര പ്രദര്‍ശനങ്ങളിലൊക്കെ ഗോഗിന്റെ സൃഷ്ടികള്‍ ഇടം നേടിയിരുന്നു. കലാനരൂപകരില് ചിലരൊക്കെ പ്രശംസിച്ചിരുന്നുവെങ്കിലും സമൂഹം ‘വഷളത്തരം’ എന്ന ഒറ്റ വാക്കുകൊണ്ടാണ് ഗോഗിന്റെ ചിത്രങ്ങളെ തള്ളിക്കളഞ്ഞത്. നിരാശകൊണ്ട് വീര്‍പ്പുമുട്ടിയ ഗോഗിന് അങ്ങനെയാണ് നഗരമനുഷ്യന്റെ പൊങ്ങച്ചങ്ങളില്ലാത്ത താഹിതി ദ്വീപിലേക്ക് പോയത്. അവിടെ ഒരു കുടിലില്‍ ഗോഗിന് തന്റെ വരജീവിതം തുടര്‍ന്നു. കൂട്ടിന് ഒരു താഹിതി പെണ്‍കുട്ടിയും. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങളില്‍ ഈ പെണ്‍കുട്ടിയുടെ മുഖവും നഗ്നശരീരവും കടന്നുവരുന്നുണ്ട്. ഇരുപത്തിയേഴ് മാസങ്ങള്‍ക്കുശേഷം വരയുടെ അസാധാരണശൈലി പ്രകടമാക്കുന്ന അനേകം കാന്വാസുകളുമായി അദ്ദേഹം ഫ്രാന്‍സിലേക്ക് മടങ്ങി. അതില്‍ 44ചിത്രങ്ങള്‍ പാരീസില്‍ പ്രദര്‍ശിപ്പിച്ചു. ചിലതൊക്കെ വിറ്റുപോയി., എല്ലാംകൂടി വെറും നൂറ് ഡോളറിന്. പ്രദര്‍ശനംകണ്ട ഒരു നിരൂപകന് എഴുതി; ”നിങ്ങളുടെ കുട്ടികളെ ചിരിപ്പിക്കണമെങ്കില്‍ അവരെ ഗോഗിന്റെ ചിത്രപ്രദര്‍ശനം കാണിച്ചാല്‍ മതി.” കടുത്ത ഈ ആക്ഷേപവാക്കുകള് വായിച്ച് ഗോഗിന് കരഞ്ഞു. പിന്നീടദ്ദേഹം ഫ്രാന്‍സില്‍ നിന്നില്ല. ജന്മദേശത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് താഹിതിയിലേക്കു മടങ്ങി. അപ്പോള്‍ നാല്‍പ്പത്തിയേഴു വയസ്സായിരുന്നു അദ്ദേഹത്തിന്. ദുരിതപൂര്‍ണമായ ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് കടക്കുകയായിരുന്നു അദ്ദേഹം. സിഫിലിസ് എന്ന മാരകമായ ലൈംഗിക രോഗം പിടിപ്പെട്ടിരുന്നു ഗോഗിന്. കാലുകള്‍ വളഞ്ഞു. ശരീരം മുഴുവന്‍ ചൊറിഞ്ഞുപൊട്ടുന്ന ത്വക്രോഗം കൊണ്ട് മൂടി. ഈ രോഗം വര്‍ദ്ധിക്കും മുമ്പേതന്നെ ഗോഗിന് താഹിതിയില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള മാര്ക്വിസസ് ദ്വീപിലേക്ക് താമസം മാറ്റിയിരുന്നു. അവിടെ, കടല്‍ത്തീരത്ത് തന്റെ ചെറിയ സ്റ്റുഡിയോയില്‍ രോഗങ്ങളുടെ മാത്രം കെട്ടിപ്പുണരലില്‍ പെട്ട് അന്ധതയിലേക്ക് സാവധാനം നീങ്ങിക്കൊണ്ടിരിക്കെ ഗോഗിന്റെ ജീവിതം മരണം വരച്ചവസാനിപ്പിച്ചു.
താഹിതിയില്‍ വച്ചു വരച്ച ‘നമ്മള് എവിടെ നിന്നും വരുന്നു? നമ്മള് ആരാണ്? നമ്മള് എങ്ങോട്ടാണ് പോകുന്നത്?'( Where do we comefrom? What are we?Where are you going to?) എന്ന പന്ത്രണ്ടടി നീളമുള്ള ചിത്രമാണ് ഗോഗിന്റെ മാസ്റ്റര്‍പീസ്. ചിത്രത്തിന്റെ വലത്തു നിന്നും ഇടത്തോട്ട് മനുഷ്യജീവിതത്തിന്റെ നിഗൂഢമായ പരിണാമങ്ങളെ ഗോഗിന് ചിത്രീകരിച്ചിരിക്കുന്നു. ശൈശവം മുതല്‍ മരണാഭിമുഖമായിരിക്കുന്ന വാര്‍ദ്ധക്യംവരെ ചിത്രത്തില്‍ കാണാം. ഗോഗിന്റെ ചിത്രങ്ങളില്‍ വര്‍ണങ്ങള്‍ അതിന്റെ സ്വാഭാവികമായ തീക്ഷ്ണഭംഗി പ്രകടിപ്പിക്കുന്നു. കനമുള്ള രേഖകള്‍ കൊണ്ട് മനുഷ്യരെയും വസ്തുക്കളെയുമെല്ലാം വേര്‍തിരിക്കുന്ന രീതിയാണ് ഗോഗിന്റേത്. ചിത്രങ്ങളില്‍ ത്രിമാനതയുടെ സ്വഭാവം തീരെ കുറവാണ്. കാഴ്ചകള്‍ തന്നിലുണ്ടാക്കുന്നതെന്താണോ അതില്‍ മാത്രമാണ് ഗോഗിന് ശ്രദ്ധിച്ചിരുന്നത്. ചുവന്ന ഇലകളുള്ള മരങ്ങളും മഞ്ഞ ശരീരമുള്ള ക്രിസ്തുവും ഒക്കെ ഗോഗിന്റെ മാത്രം ഭാവനയുടെ നിഷ്ക്കളങ്കമായ ആവിഷ്കാരങ്ങളാണ്. വാസ്തവത്തില്‍ ശിശൂ സഹജമായ ഒരു ശുദ്ധതയോടെയാണ് ഗോഗിന് വരച്ചത്. ചിത്രകല പഠിക്കാതെ, സാങ്കേതികതയുടെ നിയന്ത്രണങ്ങളില്ലാതെ നിഗൂഢമായൊരു ഉള്‍പ്രേരണയുടെ ശക്തിയാല്‍ വരയ്ക്കുകയായിരുന്നു അദ്ദേഹം.
മാര്ക്വിസസില് അദ്ദേഹത്തിന്റെ സ്റ്റുഡിയോ ആയിരുന്ന മുഷിഞ്ഞ കുടിലില്‍, മൂന്നു വലിയ പെട്ടികളിലായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കുത്തിനിറച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അതിന്റെ മഹത്ത്വമെന്തെന്നറയാതിരുന്ന ഒരു മുക്കുവന് ആ പെട്ടികള്‍ കടലില്‍ തള്ളി. ഇന്ന് ആ ദാരുണമായ സംഭവം അറിയപ്പെടുന്നത് ‘ഒരുകോടി ഡോളറിന്റെ അബദ്ധ’മെന്നാണ്. ജീവിച്ചിരുന്നപ്പോള്‍ ചിത്രങ്ങള്‍ നല്ല വിലയ്ക്ക് വില്ക്കാന് ഗോഗിന് കഴിഞ്ഞിരുന്നില്ല. സമൂഹം ആ ചിത്രങ്ങളെ പരിഹസിച്ചു, നിരൂപകന്മാര് ക്രൂരമായി ആക്രമിച്ചു. പക്ഷേ, മരണത്തിനുശേഷം ഗോഗിന്റെ ചിത്രങ്ങള്‍ വിലമതിക്കാനാകാത്ത കലാസൃഷ്ടികളായി മാറി. 1959ല്‍ ഒരു ഗോഗിന് ചിത്രം വിറ്റുപോയത് 3,69,000 ഡോളറിനാണ്. ഇതൊന്നും കാണാന്‍ ഗോഗിനുണ്ടായിരുന്നില്ല. എല്ലാം കാലത്തിന്റെ ക്രൂരമായ തമാശ!