തോക്കുമേന്തി കാടിനുള്ളിൽ രാഷ്ട്രീയം നടത്തിയവൻ…

Web Desk
Posted on November 17, 2019, 7:42 am
ഫോട്ടോ: പൗലോ പോലിനോ പരിശീലനത്തിൽ

അന്ന

മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ വെടിയുണ്ടക്കിരയായപ്പോൾ പൊതുസമൂഹം ആദ്യം ചോദിച്ച ചോദ്യമിതായിരുന്നു.

“തോക്കുമേന്തി കാട്ടിനുള്ളിൽ എന്തു രാഷ്ട്രീയമാണ് ഇവർ നടത്തുന്നത്? ”

തോക്കിൻകുഴലിലൂടെ വിപ്ളവം നടത്താമെന്നും, അങ്ങനെയങ്ങനെ അധികാരത്തിലെത്താമെന്നുമുള്ള മൂഢസ്വർഗത്തിന്റെ അന്ത: പ്പുരത്തിൽ അന്തിയുറങ്ങി കാലം കഴിക്കുന്നവരാരാണ് സത്യത്തിൽ ഈ മാവോയിസ്റ്റുകൾ! പൊതുസമൂഹത്തിന്റെയും ആധുനിക സമൂഹാലോചനകളുടെയും പരിധിയിലെങ്ങും പെടുത്താനാവാത്തവർ. സായുധവിപ്ലവത്തിലൂടെ അധികാരം പിടിക്കാമെന്ന പ്രത്യയശാസ്ത്രം മണ്ണിനടിയിൽ പോയതറിയാതെ അതിന്റെ ശവപറമ്പിലൂടെ തോക്കുമേന്തി നടക്കുന്നവർ. കൊന്നും കൊല്ലിച്ചും സിംഹാസനങ്ങളേറിയ ‘രാജാപാർട്ട്‘കൾക്ക് തിരശ്ശീല വീണതറിയാതെ ആട്ടം കാണുന്നവർ. ഇനിയുമെത്രയെങ്കിലും വിശേഷണങ്ങൾ ഈ കാൽപ്പനിക വിപ്ളവാഭിനിവേശങ്ങൾക്ക് ചാർത്തിക്കൊടുക്കാനുള്ളപ്പോഴും അതിലൊരാളുടെ ജീവൻ പോലും തിര കൊണ്ട് അവസാനിപ്പിക്കാൻ ഒരു അധികാരോപകരണത്തിനും അധികാരമില്ലെന്ന ‘ആധുനിക’ഭാഷയിലാണ് പുരോഗമനസമൂഹം അടിമുടി നിർമിക്കപ്പെട്ടിരിക്കുന്നത്. അതേ ഭാഷയിലാണ് ഈ സമൂഹം ചോദിക്കുന്നത്,

“തോക്കുകൊണ്ട് കാടിനുള്ളിൽ നടത്തുന്ന രാഷ്ട്രീയമെന്ത്? ” എന്ന്.

എന്നാൽ മഞ്ചക്കണ്ടിയിലെ ആ ചോദ്യം ഇന്ത്യക്ക് പുറത്തുള്ള മറ്റൊരു ‘ഇന്ത്യക്കാർ’ക്ക് ഒട്ടും പാകമാവില്ല. ഒറ്റക്കുഴൽത്തോക്ക് തോളിലേന്തി ജീവിതം മാറ്റിമറിക്കാൻ ഒരുമ്പെട്ട് നടക്കുന്നവരുടെ ആ ‘ഇന്ത്യ’ ഇവിടെയല്ല

വലതുപക്ഷ പുണ്യാളന്മാർ ആടിത്തിമിർക്കുന്ന ബ്രസീലിനുള്ളിലാണ്; അമ്പത് ദശലക്ഷം ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾക്കുള്ളിൽ!

പണ്ട് ‘ലാ സെന്റ് മരിയ’ എന്ന് പേരിട്ട പായ്ക്കപ്പലിൽ സമുദ്രങ്ങൾ താണ്ടി അമേരിക്ക കണ്ടെത്തിയ ക്രിസ്റ്റഫർ കൊളമ്പസ് പക്ഷെ തന്റെ കടൽസഞ്ചാരം തുടങ്ങിവെച്ചത് വായിച്ചും കേട്ടുമറിഞ്ഞ ‘ഇന്ത്യ’യെ കണ്ടെത്താനായിരുന്നു. കണ്ടെത്തിയ നാട് ഇന്ത്യയെന്ന് കരുതി കൊളമ്പസ് അന്നാട്ടുകാരെ ‘ഇന്ത്യാ‘ക്കാരെന്ന് വിളിച്ചു. കൊളമ്പസിന്റെ പിഴവ് മായ്ചുകളയാൻ ചരിത്രം കൂട്ടാക്കിയില്ല. അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദിമഗോത്രജനത ഇന്ത്യൻസ് അഥവാ അമരിന്ത്യൻസ് എന്നറിയപ്പെട്ടു. ആമസോൺകാടുകളിലെ ആദിമവംശങ്ങളിന്നും ‘ഇന്ത്യൻ’സായി തന്നെ അറിയപ്പെടുന്നു. അങ്ങനെ ഏതാണ്ട് എഴുപതോളം ചെറുഗോത്രങ്ങൾ പുറംലോകസ്പർശമേൽക്കാതെ (Uncon­tact­ed Indige­nous) ഇന്നും മഴക്കാടുകളിലുണ്ട്. ആ വംശങ്ങളിൽ ഏതാണ്ട് പതിമൂവായിരത്തോളം പേർ മാത്രം ഉൾപ്പെടുന്ന ചെറിയൊരു ഗോത്രമാണ് ഗോജജാര(Gaujajara). ആ ഗോത്രത്തിലെ ഇരുപത്താറുകാരനായ ചെറുപ്പക്കാരനാണ് പൗലോ പൗലിനോ. സ്വന്തം വീടും വീടുനിൽക്കുന്ന കാടും കാക്കാൻ തോളിൽ തോക്കേന്തി നടന്ന ആ ‘കാടിന്റെ കാവൽക്കാരൻ’ നവംബർ ഒന്നാം തീയതി കാട്ടുകള്ളൻമാരുടെ വെടിയുണ്ടയിൽ തല തകർന്ന് മരിച്ചു!

അനിവാര്യമായ ആ ചോദ്യം വീണ്ടുമുയരുന്നു, തോക്കേന്തിയ പൗലിനോ എന്ത് രാഷ്ട്രീയമാണ് കാടിനുള്ളിൽ നടത്തിയത്?

ചോദ്യത്തിന് മാറ്റമില്ലായിരിക്കാം, പക്ഷെ ഒരിക്കലും മഞ്ചക്കണ്ടിയിലെ ഉത്തരം പൗലിനോക്ക് പാകമാവില്ല, ആമസോണിലെ ആദിമജനതയ്ക്കും.

ആഴ്ചകൾക്ക് മുമ്പ്ആമസോൺ പച്ചിലകൾ നിന്നുകത്തിയപ്പോഴാണ് ലോകം ശ്വാസമടക്കി പറഞ്ഞത് ‘അത് ഭൂമിയുടെ ശ്വാസകോശ’ മാണെന്ന്. ആമസോൺ മഴക്കാടിന്റെ അറുപത് ശതമാനവും ബ്രസീലിലാണ്. ആ മഴക്കാടിന് തനിയെ തീപിടിക്കാറില്ല. കാടും കാട്ടുതടിയും കാട്ടുത്തറയ്ക്കടിയിലെ ഖനനദ്രവ്യങ്ങൾക്കുമായി ആർത്തിയോടെ പതിയിരിക്കുന്ന പരിസ്ഥിതിവിരുദ്ധ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ ജഠരാഗ്നിയാണ് പച്ചിലക്കാട്ടിൽ എന്നും പടർന്നുപരന്നത്. വലതുമുതലാളിത്തരാഷ്ട്രീയത്തിന്റെ ദത്ത്സന്തതിയായ പ്രസിഡണ്ട് ബൊൾസനാരോ ഈ തീപടർപ്പിൽ എണ്ണയൊഴിച്ചുകൊണ്ടേയിരിക്കുന്നു. കാട്ടുതടി മോഷ്ടാക്കൾക്കും കാട്ടുൽപ്പന്നങ്ങളുടെ കള്ളക്കടത്തുകാർക്കും ഖനനമാഫിയക്കും കൃഷിമാഫിയയക്കും ബൊൾസനോരോ ഇടവിടാതെ മുതുകു വളച്ചു കൊടുത്തുകൊണ്ടേയിരുന്നു. ഭീമൻലോറികളും വാളുകളും ബുൾഡോസറുകളും കൊണ്ട് കാട്ടുമാഫിയ കാടിനെ തരിശ്ശാക്കി. നിർദയമായ കടന്നുകയറ്റത്തിൽ ചിതറിത്തെറിച്ചത് പക്ഷികളും മൃഗങ്ങളും മാത്രമായിരുന്നില്ല. കാടിനു പുറത്തൊരു ലോകമുണ്ടെന്നുപോലും തിരിച്ചറിയാത്ത ‘ആരാലും എന്തിനാലും സ്പർശിക്കപ്പെടാത്ത’ എഴുപതോളം ഗോത്രസമൂഹങ്ങളായിരുന്നു. വിട്ടുപോയ മനുഷ്യചരിത്രം പൂർത്തീകരിക്കാനായി പ്രകൃതി കരുതിവെച്ച അനാഗന്ധ ലിപികളായിരുന്നു അവരോരുത്തരും. പ്രകൃതിയെ സ്വന്തം അവയവങ്ങൾ പോലെ കണ്ട് ജീവിച്ചവർ. എന്നിട്ടും കാടിന്റെ വാതായനങ്ങൾ ബൊൾസനാരോയും തൊട്ടു മുൻപത്തെ പ്രസിഡന്റ് മൈക്കൽ ടെമറും കാട്ടുമാഫിയകൾക്ക് മലർക്കെ തുറന്നിട്ടുകൊടുത്തു. സമാനതകളില്ലാത്ത ചൂഷണത്തിന്റെ ആർത്തിപൂണ്ട ദശകങ്ങൾ. ആമസോൺകാടുകളിലെ ഗോത്രങ്ങൾ പലതും ഓർമ്മകൾ പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായി. ജോസ് കാർലോസ് എന്ന ബ്രസീലിയൻ ജഡ്ജിക്ക് ഒരുവേള പറയേണ്ടിവന്നു, ‘കാട്ടുകള്ളൻമാർ ഗോത്രജനതക്ക് മേൽ നടത്തുന്നത് വെറും കൊലയല്ല, അത് വംശഹത്യ തന്നെയാണ്’ എന്ന്.

ചവിട്ടി മെതിക്കപ്പെട്ട കാടിനൊപ്പം മനസ്സും എരിഞ്ഞുനീറിയപ്പോഴാണ് 2012ൽ ഗോജജാര ഗോത്രത്തിലെ ചെറുപ്പക്കാർ സ്വയം സംഘടിച്ചത്. ബ്രസീലിലെ ഗോത്രക്ഷേമത്തിനായുള്ള സ്വയംഭരണ സംഘങ്ങളുമായി അവർ ബന്ധപ്പെട്ടു. സ്വയം പ്രതിരോധിക്കാൻ തീരുമാനിച്ചു. ‘കാടിന്റെ കാവൽക്കാർ’ (Guardian of the For­est) എന്ന സംഘമുണ്ടാക്കി. കാടുകടന്നകയറ്റക്കാർക്കെതിരെ നെഞ്ചൂക്കോടെ പോരാടി. കാടിനും ജീവനും വേണ്ടി രാത്രിയും പകലും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു, മനുഷ്യത്വരഹിതമായ അത്യാർത്തിക്കെതിരെ ഉന്നംപിടിക്കാൻ ഒരു ഒറ്റക്കുഴൽത്തോക്കും അവർ കൂടെകൂട്ടി.

“ഞങ്ങൾ പോരാടുന്നത് പക്ഷികളും മൃഗങ്ങളും മരങ്ങളും പിന്നെ ഞങ്ങളും ഉൾപ്പെടുന്ന ഈ കാടിനെ രക്ഷിക്കാനും, ഞങ്ങൾക്ക് തലയുയർത്തിപ്പിടിച്ച് നടക്കാനുമാണ്” എന്ന് പറഞ്ഞ പൗലോ പൗലിനോയുടെ തലയോട്ടിയാണ് കാടിനു പുറത്തെ ‘കാട്ടുമനുഷ്യർ’ വെടിയുണ്ട കൊണ്ട് തകർത്തത്. തനിക്കറിയാവുന്ന ‘കാട്ടുഭാഷ’യിൽ പൗലിനോ പറഞ്ഞത് തനി രാഷ്ട്രീയമായിരുന്നു. ഒരുപക്ഷെ വൈറ്റ്ഹൗസിന്റെ വെള്ളാരംകല്ലുവരെ നീളുന്ന രാഷ്ട്രീയം. ആഴ്ചകൾക്ക് മുമ്പാണ് അമേരിക്ക‑ചൈന വ്യാപാരയുദ്ധം ലോകത്തിന്റെ വൻതലക്കെട്ടുകളായത്. കഴിഞ്ഞ വർഷമവസാനം ചൈനാ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 25% അധികനികുതി ചുമത്തി. പ്രതികാരമായി ചൈന തിരിച്ചും ചുമത്തി. അതാണ് ആഴ്ചകൾക്ക് മുമ്പ് മൂർച്ഛിച്ച് വ്യാപാരയുദ്ധമായി മാറിയത്. വ്യാപാര യുദ്ധത്തിലെ സ്റ്റാറായിരുന്നു സോയാബീൻ. വർഷംപ്രതി 40 ദശലക്ഷം ടൺ സോയാബീൻ ചൈന അമേരിക്കയിൽ നിന്ന് വാങ്ങുന്നുണ്ട്. വ്യാപാരവൈരാഗ്യം തുടങ്ങിയതോടെ ചൈന ബ്രസീലിലേക്ക് തിരിഞ്ഞു. ലോകത്തെ സോയാപയറിന്റെ വമ്പൻ ഉൽപ്പാദകരായ ബ്രസീൽ ചൈനയുമായി കരാർ ഒപ്പിട്ടതോടെ ബ്രസീലിന്റെ സോയാബീൻ കയറ്റുമതി 75% ആണ് വർദ്ധിച്ചത്. കാടും മേടും കാട്ടാറും അധികപ്പറ്റായി കരുതുന്ന ബൊൾസനാരോയ്ക്ക് ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം? സോയാ ഉൽപ്പാദനം ഇനിയും കൂട്ടാൻ പ്രസിഡന്റ് കണ്ട മാർഗം ആമസോൺകാടുകൾ വീണ്ടും വെട്ടിത്തെളിക്കുക എന്നതായിരുന്നു. അങ്ങനെയാണ് തടിമാഫിയക്കൊപ്പം കൃഷിമാഫിയയും ആമസോണിൽ കൂട്ടുചൂഷണം തുടങ്ങുന്നത്. വിദഗ്ദ്ധപഠനമനുസരിച്ച് 2019ൽ ചൈനയുടെ ഡിമാന്റ് പരിരക്ഷിക്കാൻ ബ്രസീലിന്റെ സോയാബീൻ ഉൽപ്പാദനം 40% കണ്ട് വർദ്ധിക്കണം. അതിനായി 13 ദശലക്ഷം ഹെക്ടർ ഭൂമി ഇനിയും ചെത്തിയൊരുക്കണം. അതായത് കേരളത്തിന്റെ മൂന്നുമടങ്ങ് വലിപ്പത്തിൽ സോയാകൃഷി നടത്തണം അഥവാ തമിഴ്നാടിനെക്കാൾ വലിപ്പത്തിൽ ആമസോൺ കാട് വെട്ടിത്തെളിക്കണം എന്നർത്ഥം! . അപ്പോഴാണ് പൗലോ പോലിനോ ചോദ്യം ചെയ്യാനും കാഞ്ചി വലിക്കാനും ചൂണ്ടാണിവിരലുയർത്തിയത്.

അതുകൊണ്ടാണ് അവൻ കയ്യിലെടുത്ത തോക്കിനും അവന്റെ തലയോട്ടി തകർത്ത വെടിയുണ്ടയ്ക്കും ഒരു രാഷ്ട്രീയമുണ്ടെന്ന് പറയുന്നത്. പൗലിനോയും കൂട്ടരും കാട്ടിനുള്ളിൽ തോക്കേന്തി നടത്തിയത് രാഷ്ട്രീയപ്രവർത്തനം തന്നെയെന്ന് സമ്മതിക്കേണ്ടി വരുന്നതും. ചിത്രശലഭത്തിന്റെ കഥ പറയുന്ന പഴയ കയോസ് തിയറിയെ ആ സമ്മിതിയിൽ ചേർത്തുവച്ച് പുതിയകാലത്ത് നമുക്കിങ്ങനെ വായിക്കാം.

‘വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ട്രംപ് കയ്യിലേന്തിയ നെവൽ ബ്രാന്റ് ഷാർപി പേനത്തുമ്പ് ഉടമ്പടിക്കടലാസിലുരയുമ്പോഴുണ്ടാകുന്ന നേരിയ ശബ്ദം ആമസോൺകാടുകളിലെ അനാഘ്രാതഗോത്രങ്ങളുടെ തലയോട്ടി തെറിപ്പിക്കുന്ന വെടിയൊച്ചയായി മാറിയേക്കാം, ഒരുവേളയല്ല, പല വേള! ’