May 27, 2023 Saturday

പൗരത്വം- ചങ്ങലയ്ക്ക് ഭ്രാന്തു വരുമ്പോള്‍

Janayugom Webdesk
December 23, 2019 10:37 pm

‘The Con­sul banged the table and said If you have no pass­port you are offi­cial­ly dead — Refugee Blues ‑W.H. Auden പൗരത്വം സംബന്ധിച്ച് ഇന്ത്യയുടെ അസം, വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങള്‍ ഒഴികെയുള്ള ഒരു പ്രദേശത്തും ഒരു പ്രശ്നവും നാളിതുവരെ ഉണ്ടായിരുന്നില്ല എന്നത് ലോകത്തെല്ലാവര്‍ക്കുമറിയാവുന്ന ഒരു സത്യമാണ്. ഇന്ത്യയുടെ സാമ്പത്തിക നില പൂര്‍ണമായി തകര്‍ന്നത് നോട്ടുനിരോധനം മൂലമാണ് എന്ന വസ്തുത പോലെ തന്നെ, ഇന്ത്യയില്‍ സമീപ ചരിത്രകാലത്തൊന്നും ഇത്തരം ഒരു പ്രശ്നം ഉയര്‍ന്നു വന്നിട്ടില്ല. ഇന്ത്യയില്‍ 1858 ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് 1858 പ്രകാരമാണ് നേരിട്ടുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ ഭരണം നിലവില്‍ വന്നത്.

ഈ നിയമം നിലവില്‍ വന്നതോടെ ഇന്ത്യയിലെ ജനങ്ങള്‍ പൊതുവെ പൗരത്വ കാര്യത്തില്‍ 2 വിഭാഗങ്ങളായിരുന്നു. ഒന്ന് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ ഉള്ള ഇന്ത്യന്‍ പ്രവിശ്യകളില്‍ ജനിച്ച ആളുകള്‍‍, ഈ പ്രവിശ്യകളില്‍ ജനിച്ചതോ, പൗരത്വം നേടിയതോ ആയ പുരുഷനെ വിവാഹം കഴിച്ച സ്ത്രീ, അവരുടെ മക്കള്‍ എന്നിവര്‍ ബ്രിട്ടീഷ് പൗരന്മാരായിരുന്നു. 1914 ല്‍ തന്നെ ബ്രിട്ടീഷ് നാഷണാലിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് ഏലിയന്‍സ് ആക്ട് അനുസരിച്ച് ബ്രിട്ടന്‍, ബ്രിട്ടീഷ് പ്രജകളായി അംഗീകരിച്ചിരുന്നു. രണ്ടാമത്തെ വിഭാഗം ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു നാട്ടുരാജ്യത്തില്‍ ജനിച്ച വ്യക്തി. ബ്രിട്ടനാല്‍ സംരക്ഷിക്കപ്പെടുന്ന വ്യക്തി ( British Pro­tect­ed Per­son) എന്നതായിരുന്നു നാട്ടുരാജ്യങ്ങളിലെ പ്രജകളുടെ പദവി. ഇത് അവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ബാധകമായിരുന്നു. നിയമത്തിന്റെ പിന്തുണയുള്ള വിദേശികള്‍ക്ക് ‍ (De Jure for­eign­ers) പക്ഷെ ബ്രിട്ടിഷ് പാസ്പോര്‍ട്ടില്‍ സഞ്ചരിക്കാം.

ബ്രിട്ടീഷ് ഭരണകാല‍ത്ത് ബ്രിട്ടന്റെ ഡൊമിനിയന്‍ പദവി മാത്രമുണ്ടായിരുന്ന ഇന്ത്യ, ആസ്ത്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, അങ്ങനെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ പ്രജകള്‍ ആവിക്കപ്പലുകളില്‍ കയറി ലോകമാകെ സഞ്ചരിച്ചു. ഇഷ്ടമുള്ള നാടുകളില്‍ പാര്‍പ്പുറപ്പിച്ചു. ആരും ഒന്നും ചോദിച്ചുമില്ല, പറഞ്ഞുമില്ല. റങ്കുണിലും പെനാങ്കിലും കൊളംബോയിലും കാന്‍ഡിയിലും ജോഹനാസ് ബര്‍ഗിലും സിങ്കപ്പൂരുമൊക്കെ അതൃമാന്‍ കുട്ടിയും, ബാലന്‍മേനോനും ജയിംസ് പെരേരയുമൊക്കെ പോയി അവര്‍ക്കറിയാവുന്ന തൊഴിലുകള്‍ ചെയ്തു. വര്‍ഷങ്ങളുടെ ഇടവേളകളില്‍ ട്രങ്കുപെട്ടികളുമായി തലശ്ശേരിയും, കോഴിക്കോടുമൊക്കെ തീവണ്ടിയിറങ്ങി. കമ്പിളിയും കുതിരപ്പവനുമൊക്കെ കൊണ്ടു വന്നു. ഓല മാറ്റി ഓടുമേഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയിലെ എല്ലാ പ്രവിശ്യകളില്‍ നിന്നും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും മനുഷ്യര്‍ ചിറകടിച്ചു. കനഡയിലെ സിഖ് സമൂഹവും ബ്രിട്ടണിലെയും, സൗത്ത് ആഫ്രിക്കയിലെയുമെല്ലാം പ്രബലമായ ഇന്ത്യന്‍ സമൂഹവും ഈ പക്ഷഭേദമില്ലാതിരുന്ന ബ്രിട്ടീഷ് പാസ്പോര്‍ട്ടിന്റെ സൃഷ്ടിയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജനിച്ച് മൂന്നു ദിവസത്തിനുള്ളില്‍ അമ്മ നഷ്ടപ്പെട്ട ഒരു കുട്ടി ബാപ്പയുടെ കൈപിടിച്ച് കേരളത്തിലെത്തി.

ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായി മാറിയതും നമ്മുടെ കണ്‍മുന്നിലാണ്. തൃക്കോട്ടൂര്‍ പെരുമയുടെ പുര വൃത്തങ്ങള്‍ മറ്റാരാണ് നമുക്ക് ചൊല്ലിത്തരാനുള്ളത് ? ലോകമാകെ വലിയ സാംസ്കാരിക വിനിമയങ്ങള്‍ നടന്നു. ലണ്ടനിലെ ഒരു സ്റ്റോക്ക് ബ്രോക്കറായിരുന്ന പോള്‍ ഗോഗിന്‍ ഒരു സുപ്രഭാതത്തില്‍ തന്റെ വിജയപ്രദമായ ജീവിതമുപേക്ഷിച്ച് താഹിതി ദ്വീപസമൂഹത്തില്‍ പോയി ചിത്രകാരനാവുന്നു. കുടുംബത്തിന്റെ നിര്‍ബന്ധം കൊണ്ട് അയാളെ അന്വേഷിച്ചു പോയ സുഹൃത്ത് സോമര്‍സെറ്റ് മോം തിരിച്ചുവന്ന് ഗോഗിന്റെ ജീവിതത്തെ കുറിച്ച് ദ മൂണ്‍ ആന്റ് ഡിക്സ് പെന്‍സ് എന്ന വിഖ്യാതമായ നോവല്‍ രചിക്കുന്നു അതെ ഇന്ത്യ കോളനിയാക്കി അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്ക് അവരുടെ സാമ്രാജ്യത്തിലെ വിവിധ ദേശങ്ങളിലെ പൗരന്മാര്‍ സമന്‍മാരായിരുന്നു. രാജാറാം മോഹന്‍റായിയും മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവുമുള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം നേടി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പടപൊരുതി.

ബ്രിട്ടന്‍ അവരുടെ ആരുടെയും പൗരത്വം റദ്ദാക്കിയില്ല, പാസപോര്‍ട്ടുകള്‍ കണ്ടുകെട്ടിയില്ല. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായി. അപ്പോഴും ഇന്ത്യന്‍ ഇന്‍ഡി പെന്‍ഡന്‍സ് ആക്ട് സെക്ഷന്‍ 18 (3) പ്രകാരം ഇന്ത്യക്കാര്‍ ബ്രിട്ടീഷ് പൗരന്മാരായി തുടര്‍ന്ന്. 1949 ജനുവരി 1 ന് ബ്രിട്ടീഷ് നാഷണാലിറ്റി ആക്ട് നിലവില്‍ വന്ന ദിവസം മുതല്‍ 1950 ജനുവരി 25 വരെ ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വമുള്ള ബ്രിട്ടീഷ് പ്രജകളായ് തുടര്‍ന്നു. 1950 ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക്കായി. 1955 ല്‍ ഇന്ത്യന്‍ പൗരത്വ നിയമം നിലവില്‍ വന്നു. മുന്‍ ബ്രിട്ടീഷ് ഇന്ത്യ നാട്ടുരാജ്യങ്ങള്‍ എന്ന വ്യത്യാസമില്ലാതെ ഏവരും ഇന്ത്യന്‍ പൗരന്മാരായി. 1961 ഡിസംബര്‍ 20 ന് ഇന്ത്യ ഗോവ, ഡിയു, ഡാമന്‍, ദാദ്ര നഗര്‍ഹവേലി എന്നീ പോര്‍ച്ചുഗീസ് അധീന ഇന്ത്യന്‍ പ്രദേശങ്ങള്‍ സൈനികമായി തന്നെ തിരിച്ചു പിടിച്ചു. അതിനു മുമ്പു തകന്ന പോണ്ടിച്ചേരി, മാഹി, യാനം എന്നീ ഫ്രഞ്ച് അധീന ഇന്ത്യന്‍ പ്രദേശങ്ങള്‍ 1954 ല്‍ ഫ്രഞ്ച് സര്‍ക്കാരുമായുള്ള ഉടമ്പടിപ്രകാരം ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ന്നു. 1975 മെയ് 16 ന് സിക്കിം ഇന്ത്യയില്‍ ലയിച്ചു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കെല്ലാം തന്നെ, 1962 ലെ വിവിധ പൗരത്വ ഉത്തരവുകള്‍ പ്രകാരവും, സിക്കിമിലെ ജനതക്ക് ആര്‍ട്ടിക്കിള്‍ 371 F(n) പ്രകാരവും പൗരത്വം ലഭിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 5 മുതല്‍ 11 വരെ (പാര്‍ട്ട് II) യുടെ അനുച്ഛേദങ്ങളിലാണ് ഇന്ത്യന്‍ പൗരത്വത്തെക്കുറിച്ച് വിശദമാക്കുന്നത്.

1955 ലെ പൗരത്വ നിയമം 1986, 1992,2003, 2005, 2015 വര്‍ഷങ്ങളില്‍ ഇതിനു മുമ്പ് വിവിധ കാര്യങ്ങള്‍ക്കായി ഭേദഗതി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 2019 ല്‍ വരുത്തിയ ഭേദഗതി വലിയ ജനരോഷത്തിനിടയാക്കുന്നത് ഇന്ത്യന്‍ ഭരണഘടന ഒരിക്കലും വിഭാവനം ചെയ്യാത്ത തരത്തില്‍ ഇന്ത്യയുടെ മതേതര സത്യം നശിപ്പിക്കുന്ന രീതിയില്‍ അയല്‍രാജ്യങ്ങളില്‍ നിന്നും കുടിയേറുന്ന അഭയാര്‍ഥികളില്‍ മുസ്ലീം സമുദായ അംഗങ്ങള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്ന നിലപാടാണ്. ഈ നിലപാട് പൗരത്വ വിഷയത്തില്‍ ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇല്ലാതിരുന്നതാണ്. (ഇതിനോട് ചേര്‍ത്തു വായിക്കേണ്ട മറ്റൊരു വസ്തുത ദേശീയ പൗരത്വ രജിസ്ട്രര്‍ രൂപീകരിക്കും എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ്. അസം പോലൊരു കൊച്ചുസംസ്ഥാനത്തു അന്‍പത്തി മുവായിരം ജീവനക്കാരെയും 200 ട്രിബ്യൂണലുകളെയും നിയമിച്ച് കഴിഞ്ഞ പത്തുവര്‍ഷമായി സംസ്ഥാനത്തെ മൂന്നുകോടി മുപ്പതു ലക്ഷം ജനങ്ങളെയും, നോട്ടുനിരോധന കാലത്തേതുപോലെ അപേക്ഷയുമായി വരിനിര്‍ത്തി, 1600 കോടി രൂപ ചെലവഴിച്ച് നടത്തിയ അഭ്യാസം വഴി സംഭവിച്ചത്).

മുന്‍ രാഷ്ട്രപതി ഫക്റുദ്ദീന്‍ അഹമ്മദിന്റെയും കാര്‍ഗിലില്‍ വിശിഷ്ടസേവാ മെഡല്‍ ലഭിച്ച സെനികന്റെയും കുടുംബങ്ങളടക്കം 19 ലക്ഷം പേര്‍ പൗരത്വമില്ലാത്തവരായി മാറി എന്നതാണ്. ഇവരെ പാര്‍പ്പിക്കാനായി 6 ക്യാമ്പുകള്‍ പൂര്‍ത്തിയായി. കൂടുതല്‍ ക്യാമ്പുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന അസാമില്‍ ജനിച്ചുവളര്‍ന്ന ലക്ഷങ്ങള്‍ ഈ പട്ടികക്ക് പുറത്താണ്. ഇവരെ ജീവിതാന്ത്യം വരെ ക്യാമ്പുകളില്‍ തടവില്‍ പാര്‍പ്പിക്കുക എന്ന ക്രൂരതല്ക്കാണോ സര്‍ക്കാര്‍ ഒരുങ്ങുന്നത് ? പല കുടുംബങ്ങളിലും ചില അംഗങ്ങള്‍മാത്രം, വൃദ്ധരായ മാതാപിതാക്കള്,‍ മക്കളില്‍ ചിലര്‍ പൗരത്വ പട്ടികക്ക് പുറത്തായിട്ടുണ്ട് ഇവരെ അവരുടെ കുടുംബങ്ങളില്‍ നിന്നും പറിച്ചെടുത്ത് ജയിലുകളില്‍ നിക്ഷേപിക്കുക എന്നാണോ ഉദ്ദേശിക്കുന്നത് ? പുതിയ തെളിവുകള്‍ സംഘടിപ്പിച്ച് വിവിധ ഉപരി ഫോറങ്ങളില്‍ അപ്പീല്‍ നല്‍കുക ജീവിതം മുഴുവന്‍ ജനിച്ചു ജീവിച്ച നാട്ടില്‍ പൗരത്വം തെളിയിക്കാനായി ഹോമിക്കുക.

ഇവരില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച വൃദ്ധരുണ്ട്, അമ്മമാരുണ്ട്, പെണ്‍മക്കളുണ്ട്, കുടുംബം പോറ്റുന്ന ആണ്‍മക്കളുണ്ട്. അസം പോലൊരു ചെറിയ സംസ്ഥാനത്ത് ഇതാണ് അവസ്ഥയെങ്കില്‍ രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്ട്രര്‍ നടപ്പിലാക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത്? ഇതിനായി വേണ്ടിവരുന്ന ദശലക്ഷക്കണക്കിന് ജീവനക്കാര്‍ക്കും ട്രബ്യുണലുകള്‍ക്കും വേണ്ടി വരുന്ന ശതകോടി പണം ഇപ്പോള്‍ തന്നെ തകര്‍ന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ എവിടെനിന്നാണ് കണ്ടെത്തുക ? വര്‍ഷങ്ങള്‍ നീളുന്ന ഈ പ്രക്രിയക്കായി ഒരു രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍‍ ആ രാജ്യത്തിന്റെ അസ്തിവാരം തകരില്ലേ? ഈ അസംബന്ധ നാടകത്തിനൊടുവില്‍ വഴിയാധാരമാവുന്ന കോടിക്കണക്കിന് നിരപരാധികളെ ജീവിതാന്ത്യം വരെ തടവിലിടാന്‍ എത്രലക്ഷം ജയിലുകള്‍ പുതുതായി നിര്‍മ്മിക്കണം? വര്‍ഷം തോറും രണ്ടുകോടി പുതിയ തൊഴിലവസരങ്ങളും, പത്തുശതമാനം സാമ്പത്തിക വളര്‍ച്ചയുമൊക്കെ പ്രസംഗിച്ച് അധികാരത്തില്‍ വന്ന് അവസാനം രാജ്യത്തെ പൊതുമേഖലയിലെ നവരത്ന കമ്പനികളടക്കം വിറ്റുതുലച്ചശേഷം നാട്ടിലെ പൗരന്മാരെ തടവിലിടാന്‍ തടവറകള്‍ പണിയുന്ന തിരക്കിലാണിപ്പോള്‍ മോഡിയും കൂട്ടരും ഈ അസംബന്ധ നാടകം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.