പഴശ്ശി കോവിലകം സര്‍ക്കാര്‍ ഏറ്റെടുക്കും

Web Desk

തിരുവനന്തപുരം

Posted on November 02, 2017, 10:13 pm

കണ്ണൂര്‍ ജില്ലയിലെ പഴശ്ശി കോവിലകം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
പഴശ്ശി കോവിലകവും അനുബന്ധ സ്ഥലവും പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. കോവിലകവും അനുബന്ധ സ്ഥലവും അന്യാധീനപ്പെടുന്ന സാഹചര്യത്തില്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും മട്ടന്നൂര്‍ നഗരസഭ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
യോഗത്തില്‍ തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, പഴശ്ശിരാജ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.