കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പി സി ജോര്‍ജ്ജ്

Web Desk
Posted on September 08, 2018, 10:27 pm

കോട്ടയം: ജലന്ധറിലെ റോമന്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്തു എന്ന് പരാതിപ്പെട്ട കന്യാസ്ത്രീ അഭിസാരികയെന്ന് പി സി ജോര്‍ജ് എംഎല്‍എ. പന്ത്രണ്ട് പ്രാവശ്യം പീഡനത്തിന് ഇരയായിട്ടും പതിമൂന്നാമത്തെ തവണ മാത്രം അത് എങ്ങനെ ബലാത്സംഗമായി മാറി, ഇരയെ പരിഹസിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ്ജ് ചോദിച്ചു.

ആദ്യതവണ ബിഷപ്പ് പീഡിപ്പിച്ചപ്പോള്‍ തന്നെ പരാതി നല്‍കണമായിരുന്നു. ഒപ്പം കന്യക അല്ലാതായതോടെ കന്യാസ്ത്രീ കുപ്പായവും ഊരണമായിരുന്നു. കന്യാസ്ത്രീയെന്നാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയെന്നാണ്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രീയല്ല. പന്ത്രണ്ടാമത്തെ പ്രാവശ്യവും സഭാവസ്ത്രം ഇട്ടുകൊണ്ട് പീഡനത്തിനിരയായി എന്നുപറയുമ്പോള്‍ അവര്‍ പാപമാണ് ചെയ്തത്. ബിഷപ്പിനെക്കാള്‍ കുഴപ്പക്കാരിയാണ് കന്യാസ്ത്രീയെന്നും പി സി ജോര്‍ജ്ജ് ആക്ഷേപിച്ചു.
കത്തോലിക്കസഭയില്‍ ആയിരത്തില്‍ ഒന്നോ രണ്ടോ കന്യാസ്ത്രീകള്‍ വീതം അഭിസാരികകള്‍ക്ക് തുല്യമാണ്. സ്ത്രീയെന്ന പരിഗണനയും ദയയും നല്‍കിയാലേ കന്യാസ്ത്രീയുടെ ത്രാസ് താണു കിടക്കൂ. കൊച്ചിയില്‍ സമരം നടത്തുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധന നടത്തിയാല്‍ അവര്‍ കന്യകളാണോയെന്ന് അറിയാമെന്നും പി സി ജോര്‍ജ് ആവര്‍ത്തിച്ച് പരിഹസിച്ചു.
ആത്മീയമായി ഉന്നതിയിലായിരിക്കേണ്ട ബിഷപ്പ് സ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ പട്ടം ഉപേക്ഷിച്ച് സഭയോട് ക്ഷമപറയണം. കേസില്‍ സത്യമുണ്ടെങ്കില്‍ ബിഷപ്പിനെ തുറുങ്കില്‍ അടയ്ക്കണം. പീഡന നിയമം പല സ്ത്രീകളും പുരുഷമാരെ കേസില്‍ കുടുക്കാനായി ദുരുപയോഗം ചെയ്യുന്നുവെന്നും പി സി ജോര്‍ജ് തുടര്‍ന്നു.

ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതന്മാര്‍ക്ക് എതിരെയുള്ള പീഡനക്കേസില്‍ കേരള പൊലീസ് അന്വേഷണം നടത്തുന്നത് വേറെ പണിയില്ലാത്തുകൊണ്ടാണ്.പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ കേസ് എടുത്ത് ജയിലിലിടണം. പീഡനാരോപണ പരാതിയുമായി വന്ന സ്ത്രീയാണ് കേസ് പാര്‍ട്ടിയാണോ പൊലീസ് ആണോ അന്വേഷിക്കണം എന്ന് തീരുമാനിക്കേണ്ടതെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.