Janayugom Online
Nun_

പീഡനത്തിനിരയായ കന്യാസ്ത്രീയെ പി സി ജോര്‍ജ് അവഹേളിക്കുകയാണ്: സഹോദരി

Web Desk

തിരുവനന്തപുരം

Posted on October 22, 2018, 8:12 pm
പീഡനത്തിനിരയായ കന്യസ്ത്രീയെ  പി സി ജോര്‍ജ് എംഎല്‍എ മാധ്യമങ്ങളില്‍ക്കൂടി നിരന്തരമായി അവഹേളിക്കുകയാണെന്ന് കന്യാസ്ത്രീയുടെ സഹോദരി ഡാര്‍ലി ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനാല്‍, പിസി ജോര്‍ജ്ജിനെ നിയമസഭ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുകയും നിയമസഭാംഗത്വം റദ്ദാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭാ സ്പീക്കറെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിച്ചതായി സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിനിധികള്‍ അറിയിച്ചു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണവും തുടര്‍ന്നുള്ള കോടതി നടപടികളും ഏറ്റവും കാര്യക്ഷമമായും സമയബന്ധിതവുമാക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടതായും കൗണ്‍സില്‍ കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. ഈ കേസിന്‍റെ ഫലപ്രദമായ നടത്തിപ്പിനുവേണ്ടി ഒരു സ്‌പെഷല്‍ കോടതിയും ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കേസില്‍ കന്യാസ്ത്രീക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ ഒട്ടേറെ അസത്യപ്രചരണങ്ങളുമായി പിസി ജോര്‍ജ്ജ് അടക്കമുള്ള നിരവധി ഉന്നതസ്ഥാനീയര്‍ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ സഭയുമായി ബന്ധപ്പെട്ടവരും മറ്റുമായ സാക്ഷികളെ സ്വാധീനിക്കാന്‍ ഭീഷണിയടക്കമുള്ള എല്ലാവിധ ശ്രമങ്ങളും ഇവര്‍ നടത്തുന്നതായി സംശയിക്കുന്നു. അത്തരത്തില്‍ ബിഷപ് ഫ്രാങ്കോ എന്ന പ്രതിക്കനുകൂലമായി കേസ് ദുര്‍ബലപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളെ ആശങ്കയോടെ കാണുന്നു. ഇത് തടയാന്‍ വേണ്ട നടപടികള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നിലപാടെടുക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത പൂച്ചാക്കല്‍ പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി  പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കിയിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴിയും നല്‍കിയിട്ടുണ്ട്. നിരവധി ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍പ്പെട്ട കന്യാസ്ത്രീയുടെയും അവരോടൊപ്പം നില്ക്കുന്നവരുടെയും ജീവനുതന്നെ ഭീഷണിയുള്ളതായി ഭയപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു. എസ്ഒഎസ് ഭാരവാഹികളായ പ്രൊഫ. പി ഗീത, ഷൈജു ആന്റണി,ഹേമ ജോസഫ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.