തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് പി ചിദംബരം

Web Desk
Posted on September 02, 2019, 2:29 pm

ന്യൂഡല്‍ഹി: തന്നെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം സുപ്രീംകോടതിയില്‍.
തനിക്ക് 74 വയസുണ്ടെന്നും ഇക്കാരണത്താല്‍ സംരക്ഷണം നല്‍കണമെന്നും വീട്ടുതടങ്കല്‍ പരിഗണിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുതടങ്കല്‍ രാഷ്ട്രീയത്തടവുകാര്‍ക്ക മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വ്യാഴാഴ്ചവരെ സിബിഐ കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്.
സിബിഐ പ്രത്യേക കോടതിക്ക് മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കാത്തതെന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ ഭാനുമതി, എ എ ബൊപ്പണ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.
ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ നാടകീയമായി സിബിഐ അറസ്റ്റ് ചെയ്തത്. 11 ദിവസമായി സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ ഡല്‍ഹിയിലെ സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സ്യൂട്ട് റൂമിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.