January 27, 2023 Friday

പി സി ആർ ലാബ് സജ്ജം, ജില്ലയിൽ കോവിഡ് പരിശോധന ഫലം ഇനി രണ്ടര മണിക്കൂറിനകം

Janayugom Webdesk
കൊച്ചി
April 16, 2020 5:22 pm

കോവിഡ് 19 പരിശോധനക്ക് സഹായകമാവാൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആർ. ടി. പി. സി. ആർ ലബോറട്ടറികൾ സജ്ജമായി. പരിശോധന ഫലം രണ്ടര മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ സഹായിക്കുന്ന റിയൽ ടൈം റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ പരിശോധന സംവിധാനമാണ് പ്രാവർത്തികമായത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജില്ലയിൽ നിന്നുള്ള സാംപിളുകൾ പ്രധാനമായി പരിശോധിച്ചിരുന്നത്. ഇതിന് കാലതാമസം നേരിടുന്നതിനെ തുടർന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പുതിയ സംവിധാനം ക്രമീകരിക്കുന്നത്. ദിവസേന 180 സാംപിളുകളാണ് ലാബിൽ പരിശോധിക്കാൻ സാധിക്കുന്നത്. രണ്ട് പി സി ആർ ഉപകരണങ്ങളാണ് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിട്ടുള്ളത്. ഒന്നേകാൽ കോടി രൂപയാണ് ലാബ് സജ്ജീകരണത്തിന് ഇതുവരെ ചെലവായുട്ടുള്ളത്.

നിപ്പ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടർമാർക്കാണ് ലാബിന്റെ ചുമതല. ഐ സി എം ആറിന്റെ അനുമതിയോടു കൂടി വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയും പുതിയ ലാബിൽ നടത്താൻ സാധിക്കും. പി ടിതോമസ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 27.57 ലക്ഷം രൂപ ചെലവിൽ ബയോ സേഫ്റ്റി ക്യാബിനറ്റുകളും ഹൈബി ഈഡൻ എം. പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ ചെലവിൽ പരിശോധന കിറ്റുകളും ലാബിലേക്ക് അനുവദിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ ജെ ലാൻസിയുടെ നേതൃത്വത്തിൽ മൈക്രോ ബയോളജി വിഭാഗം ജീവനക്കാരായ ഡോ ജോന, ഡോ ഇന്ദു, ടെക്നീഷ്യൻമാരായ വിപിൻദാസ്, ആഫി, അഞ്ജു സെബാസ്റ്റ്യൻ, അർച്ചന എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകും.

ബാംഗ്ലൂർ, ചെന്നൈ എന്നീ സ്ഥലങ്ങളിൽ നിന്നാണ് പരിശോധനക്കാവശ്യമായ സാമഗ്രികൾ എത്തേണ്ടിയിരുന്നത്. ജില്ല കളക്ടർ എസ്സു ഹാസിന്റെ നിർദേശ പ്രകാരം ജില്ലയിൽ നിന്ന് പ്രത്യേക വാഹനം ക്രമീകരിച്ചാണ് പരിശോധനക്കാവശ്യമായ സംയുക്തങ്ങൾ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഡി. എം. ഒ എം കെ കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ മാത്യുസ് നുമ്പേലി, അഡീഷണൽ ഡി. എം. ഒ ഡോ. വിവേക് തുടങ്ങിയരുടെ നേതൃത്വത്തിലാണ് പരിശോധന സാമഗ്രികൾ മെഡിക്കൽ കോളേജിൽ എത്തിയത്. പി. സി. ആർ പരിശോധനക്കായി മെഡിക്കൽ കോളേജ് സൂപ്രണ്ട് പീറ്റർ പി വാഴയിൽ, പ്രിൻസിപ്പൽ ഡയറക്ടർ ഡോ തോമസ് മാത്യു ആർ എം ഒ ഡോ. ഗണേശ് മോഹൻ, എ ആർ എം ഒ ഡോ മനോജ്, ഡോ നിഖിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക ലാബ് തന്നെ സജീകരിച്ചു നൽകി.

പി. ഡബ്ലു. ഡി നേതൃത്വത്തിലാണ് പുതിയ ലാബിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മൈക്രോ ബയോളജി ലാബ് സമുച്ചയത്തിൽ ഒഴിഞ്ഞു കിടന്നിരുന്ന രണ്ടു മുറികൾ ആധുനികവത്കരിച്ച ശേഷം പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്താണ് വൈറോളജി ലാബ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ചു മുറികളിൽ ആദ്യത്തേത് റിസപ്ഷനും സാമ്പിൾ കൈപ്പറ്റുന്നതിനും റിപ്പോർട്ട് പ്രിൻറിങ്ങിനുമായി സജ്ജീകരിച്ചിരിക്കുന്നു. പരിശോധനയുടെ ആദ്യഘട്ടം ആരംഭിക്കുന്നത് സാമ്പിൾ പ്രോസസിങ് റൂമിലാണ്. അത്യാധുനിക യന്ത്രങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ആരോഗ്യ പ്രവർത്തകർ സാമ്പിളുകൾ കളക്ട് ചെയ്തു പ്രോസസ്സ് ചെയ്യുന്നത്. മൂന്നു ലക്ഷം രൂപ വിലയുള്ള സേഫ്റ്റി കാബിനറ്റ് ആണ് സാമ്പിൾ പ്രോസസിങ് യൂണിറ്റിൽ ഉള്ളത്. അതിനുശേഷം അടുത്ത യൂണിറ്റിൽ ആർ എൻ എ എക്സ്ട്രാറ്റ് ചെയ്തെടുക്കുന്ന പ്രോസസ്സ് ആണ്. അതിനു ശേഷം പരിശോധനയുടെ ഭാഗമായുള്ള മാസ്റ്റർ മിക്സ് റൂമിൽ അടുത്ത ഘട്ട പ്രോസസിങ് നടത്തപ്പെടുന്നു. റിയൽ ടൈം പി സി ആർ എന്ന അവസാന ഘട്ടത്തിലാണ് കോവിഡ് പരിശോധന പൂർണ്ണമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.