Web Desk

ബോംബെ

February 15, 2020, 7:13 pm

സമാധാനപരമായി പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളോ ദേശവിരുദ്ധരോ അല്ല: ബോംബെ ഹൈക്കോടതി

Janayugom Online

ഒരു നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നോ ദേശവിരുദ്ധർ എന്നോ വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. പൗരത്വ നിയമ ദേദഗതിക്കെതിരെ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പ്രതിഷേധം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപെട്ട് ഇഫ്തിഖർ ഷെയ്ക്ക് എന്നയാൾ കൊടുത്ത ഹർജിയിലാണ് ബോംബെ ഹൈക്കോടതിയു‍ടെ ഔറംഗാബാദ് ബെഞ്ചിന്റെ പരാമർശം.

പ്രതിഷേധം നടത്താന്‍ ജനുവരി 21ന് പോലീസും ജനുവരി 31ന് മജിസ്‌ട്രേട്ടുമാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. മജല്‍ഗാവിലെ ഓള്‍ഡ് ഈദ്ഗാഹ് മൈതാനത്ത് അനിശ്ചിതകാല സമരം നടത്താനായിരുന്നു പ്രതിഷേധക്കാർ ഉദ്ദേശിച്ചിരുന്നത്. സമാധാനപരമായി പ്രതിഷേധിക്കുക എന്നതു മാത്രമായിരുന്നു ഹര്‍ജിക്കാരനും കൂടെയുള്ളവരും ആഗ്രഹിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി.

ഹർജി സമർപ്പിച്ചവർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടോ എന്നു മാത്രമേ കോടതി പരിശോധിക്കുന്നുള്ളുവെന്നു കോടതി പറഞ്ഞു. ഇത് പൗരന്റെ മൗലികാവകാശങ്ങളുടെ ഭാഗമാണോ എന്നു മാത്രമാണ് കോടതി നോക്കുന്നത്. അതിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമോ എന്ന് നോക്കേണ്ടത് കോടതിയല്ല. അത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ അത് പ്രതിഷേധക്കാരുമായി സംസാരിച്ച് പരിഹരിക്കേണ്ടത് സർക്കാരാണെന്നും കോടതി പറഞ്ഞു.

ENGLISH SUMMARY: Peace­ful pro­tes­tors can­not be called as trai­tors or anti nationalists

YOU MAY ALSO LIKE THIS VIDEO