ആർ ബാലചന്ദ്രൻ

ആലപ്പുഴ

February 25, 2020, 9:54 pm

പീലി വിടർത്താൻ ഇനി അപ്പു ഇല്ല; നാടിന് കണ്ണീരോർമ

Janayugom Online

മണ്ണഞ്ചേരി കാവുങ്കൽ ഗ്രാമത്തിന്റെ അഴകായിരുന്ന ‘അപ്പു’ എന്ന മയിലിന്റെ ആകസ്മിക വിയോഗം നാടിന്റെ ദുഃഖമായി. കഴിഞ്ഞ ദിവസം അജ്ഞാത വാഹനമിടിച്ചാണ് അപ്പു ഓർമയായത്. മണ്ണഞ്ചേരി സ്കുൾ കവലക്ക് സമീപം ഷേണായീസ് ഡയറിഫാം നടത്തുന്ന ശ്രീ പ്രകാശ് ഷേണായിയാണ് അപ്പുവിനെ നാടിന്റെ പ്രിയപ്പെട്ടവനാക്കിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു ആ കടന്നുവരവ്. കർഷകനായ പ്രകാശ് ഷേണായിക്ക് വീടിനോട് ചേർന്ന് കോഴി വളർത്തൽ കേന്ദ്രവും പശു വളർത്തലും ഉണ്ട്. ഈ കോഴി വളർത്തൽ കേന്ദ്രത്തിലെ ഇൻകുബേറ്ററിൽ വിരിയിച്ചെടുത്തവയിൽ കോഴിക്കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ വ്യത്യസ്തമായ ഒന്നിനെ കണ്ടെത്തി. ആദ്യം തിരിച്ചറിഞ്ഞില്ല. കാലക്രമേണ ഇതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പിന്നിട്ടപ്പോൾ ഈ കുഞ്ഞ് മയിലിന്റെതാണെന്ന് തിരിച്ചറിഞ്ഞു. മറ്റ് കോഴിക്കുഞ്ഞുങ്ങളെ പരിചരിക്കുന്ന കൂട്ടത്തിൽ അപ്രതീക്ഷിതമായി വന്ന അതിഥിക്ക് പ്രത്യേക പരിചരണവും നൽകി.

പിന്നീട് ഷേണായി മയിൽ കുഞ്ഞിനെ അപ്പു എന്ന് പേരിട്ട് വളർത്തി. സംഭവം നാട്ടിൽ അറിഞ്ഞതോടെ അപ്പുവിനെ കാണാനും അടുത്തുകൂടാനും കുട്ടികളും മുതിർന്നവരും നിരന്തരം ഷേണായിസ് ഡയറി ഫാമിൽ എത്താറുണ്ടായിരുന്നു. വളർച്ചയുടെ പകുതിഘട്ടം പൂർത്തിയായ അപ്പുവിനെ തുറന്നുവിടാൻ ശ്രീപ്രകാശ് തീരുമാനിച്ചെങ്കിലും നാടിനോടും വളർത്തച്ഛനോടുമുള്ള ഇഷ്ടം കാരണം അവൻ അവിടെതന്നെ നിന്നു. മനോഹരമായ പീലികൾ വിടർത്തി നാട്ടുകാരെ രസിപ്പിക്കുന്ന അപ്പു വളരെ പെട്ടെന്ന് ജനഹൃദയങ്ങളിൽ സ്ഥാനം നേടി. അമ്പലമെന്നോ പള്ളിയെന്നോ മസ്ജിദെന്നോ തരംതിരിവില്ലാതെ അപ്പു എല്ലായിടത്തും സാന്നിധ്യം അറിയിച്ചിരുന്നു. സമീപത്തെ സ്കൂൾ അസംബ്ലികളിൽ പോലും എത്തിയിരുന്നു. ആരും അപ്പുവിനെ തടയാൻ ശ്രമിച്ചിരുന്നില്ല. നാടിന്റെ കണ്ണിലുണ്ണിയായിരുന്ന അപ്പുവിന് കണ്ണീരോടെയാണ് കാവുങ്കൽ ഗ്രാമം വിട നൽകിയത്.

ENGLISH SUMMARY: Pea­cock pet died in alapuzha

YOU MAY ALSO LIKE THIS VIDEO