റെജി കുര്യന്‍

ന്യൂഡല്‍ഹി

December 30, 2020, 10:57 pm

കർഷക പ്രക്ഷോഭം: ചർച്ച പരാജയം

Janayugom Online

തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സമിതി രൂപീകരിക്കാമെന്നും കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തത്തോടെ കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്ര സര്‍ക്കാരുമായി നടന്ന ആറാംവട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന 41 കര്‍ഷക സംഘടനാ നേതാക്കളുമായാണ് പ്രശ്‌നപരിഹാരത്തിനായി കേന്ദ്രം ഇന്നലെ ചര്‍ച്ച നടത്തിയത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, മന്ത്രിമാരായ പീയൂഷ് ഗോയല്‍, സോം പ്രകാശ് എന്നിവരാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഗത്തുനിന്നും ചര്‍ച്ചയില്‍ പങ്കെടുത്തത്. 

നിയമങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ നടത്തിയ നടപടി ക്രമങ്ങള്‍പോലെ നിയമങ്ങള്‍ പിന്‍വലിക്കാനും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. താങ്ങുവിലയ്ക്കായി പുതിയ നിയമം, കര്‍ഷകര്‍ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനെതിരെ കൊണ്ടുവന്ന നിയമ നടപടികള്‍ എന്നിവയ്ക്കു പുറമെ വൈദ്യുതി ഭേദഗതി ബില്ലിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

താങ്ങുവില സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്. നിയമം പ്രാബല്യത്തിലായശേഷം പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്ക് താങ്ങുവില ലഭിക്കുന്നില്ല. ഇതിനു പുറമെ കരാര്‍ കൃഷി പ്രകാരം കോര്‍പ്പറേറ്റുകള്‍ കര്‍ഷകര്‍ക്കു നല്‍കിയ ചെക്കുകള്‍ മടങ്ങി. ഇവയ്‌ക്കൊന്നിനും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്നും കര്‍ഷക നേതാക്കള്‍ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന കേസുകളും പരാതികളും കര്‍ഷകര്‍ ചര്‍ച്ചയില്‍ രേഖാമൂലം സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചു.

രാജ്യത്തെ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകുന്നതല്ലെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കുക എന്നതിനപ്പുറം യാതൊരു നിര്‍ദ്ദേശത്തോടും യോജിക്കാന്‍ കഴിയില്ല. പ്രക്ഷോഭം ആറുമാസത്തിലധികം നീണ്ടാലും അതിനുള്ള തയ്യാറെടുപ്പുമായാണ് സമരമുഖത്തേക്ക് വന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. രണ്ടാം മാസത്തിലേക്കു നീങ്ങിയ കര്‍ഷക സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ഡല്‍ഹി അതിര്‍ത്തി മേഖലകളായ സിംഘു, ടിക്രി, ഗാസിപൂര്‍ തുടങ്ങിയ മേഖലകളില്‍ കിലോ മീറ്ററുകളോളം കര്‍ഷക പ്രക്ഷോഭകാരികളാല്‍ നിറഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ മുഖ്യ ഗുണഭോക്താക്കളായ കോര്‍പ്പറേറ്റുകള്‍ക്കു നേരെ കര്‍ഷകര്‍ തിരിയുന്നതിനും രാജ്യം സാക്ഷിയാകുകയാണ്. 

ENGLISH SUMMARY:Peasant agi­ta­tion: Nego­ti­a­tion failure
You may also like this video