പ്രൊഫ. കെ അരവിന്ദാക്ഷന്‍

December 19, 2020, 5:30 am

കൃത്രിമ പ്രതിച്ഛായ തകർക്കുന്ന കർഷക സമരം

Janayugom Online
പ്രൊഫ. കെ അരവിന്ദാക്ഷന്‍

 

മീപകാലത്ത് തികച്ചും ജനാധിപത്യ വിരുദ്ധവും യുക്തിക്കു നിരക്കാത്തതുമായ ഒരു സമീപനമാണ് വിമർശകർക്കെതിരെ കേന്ദ്ര മോഡി ഭരണകൂടത്തിൽ നിന്നും ബിജെപി — സംഘപരിവാർ വൃന്ദങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്. ആരെങ്കിലും സർക്കാരിന്റെ ഏതെങ്കിലും നയത്തെ വിമർശിക്കുന്നപക്ഷം അതിനെ ‘ദേശവിരുദ്ധ’ മെന്നും ഖാലിസ്ഥാൻ പ്രേരിതമെന്നും ‘മാവോയിസ്’ പ്രചോദിതമെന്നും മുദ്രകുത്തുകയാണ് ഇതിന്റെ ഭാഗമായി പതിവാക്കിയിരിക്കുന്നത്. ഏറെനാൾ, കൈവശമുള്ള മുഴുവൻ കുതന്ത്രങ്ങളും വ്യാജപ്രചരണങ്ങളും ചെപ്പടിവിദ്യകളും പുറത്തെടുത്തതിനു ശേഷവും യാതൊരുവിധ ആഘാതവും ഏല്പിക്കാൻ കഴിയാത്തവിധത്തിൽ കർഷകസമരം അനുദിനം വ്യാപ്തിയും ശക്തിയും ആർജ്ജിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഞെട്ടലിലായ സംഘപരിവാർശക്തികൾ സിഎഎ വിരുദ്ധ കലാപത്തെ നേരിടാൻ പ്രയോഗിച്ച അതേ ദേശവിരുദ്ധ മാവോയിസ്റ്റ് തന്ത്രംതന്നെ കർഷകസമരത്തെ അടിച്ചമർത്താൻ പരീക്ഷിച്ചു നോക്കുകയാണിപ്പോൾ. കർഷക സംഘടനകൾക്ക് സമരാവേശം പകർന്നുനൽകുന്നത് സമര സംഘാടക സമിതിയിൽ നുഴഞ്ഞുകയറിയ ഖാലിസ്ഥാൻ വിഘടനവാദികളാണെന്നാണ് ഔദ്യോഗിക തലത്തിൽ കേന്ദ്ര മന്ത്രിസഭയിലെ‍ പ്രമുഖർപോലും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനാവശ്യമായ തെളിവുകളൊന്നും ഹാജരാക്കപ്പെടുന്നുമില്ല. ബിജെപിയുടെ ഐടി സെൽ തലവനായ അമിത് മാളവ്യയുടെ ആരോപണം കർഷക പ്രക്ഷോഭണത്തിനുപിന്നിൽ ഖാലിസ്ഥാനികൾക്കു പുറമെ മാവോയിസ്റ്റുകളും ഉണ്ടെന്നാണ്. ഇതിനും തെളിവുകളില്ല.

കർഷക സമരത്തിനെതിരായി അസഹിഷ്ണുതയോടെയുള്ള ആദ്യ പ്രതികരണം വന്നത് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽഖട്ടാർ എന്ന മോഡി ശിഷ്യനിൽ നിന്നുതന്നെയായിരുന്നു. ഈ മാന്യനും അമിത് മാളവ്യയോടൊപ്പം ഉന്നയിച്ച ആരോപണങ്ങൾ സമരത്തിനുള്ള ആവേശം പകരുന്നത് ഖാലിസ്ഥാനികളാണെന്നായിരുന്നു എന്നത് യാദൃശ്ചികമല്ല. അല്പം മയപ്പെടുത്തിയ ഭാഷയിലായിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ‘മൻകിബാത്ത്’ പരിപാടിയുടെയും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. തല്പരകക്ഷികൾ കർഷക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്നായിരുന്നല്ലോ മോഡിയുടെ ഭാഷ്യം. എന്നാൽ സംഘപരിവാർ നേതൃത്വത്തിന്റെ അപവാദപ്രചരണങ്ങളോ, പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളിൽ നിന്നുള്ള ആഹ്വാനങ്ങളോ, സമരരംഗത്ത് ഉറച്ചുനിൽക്കുന്നതിൽ നിന്നും തെല്ലും അകറ്റാൻ കർഷക സംഘടനകളെ സ്വാധീനിക്കുകയുണ്ടായില്ല. അത്രയേറെ വിപുലവും രാഷ്ട്രീയത്തിനതീതവുമായ ജനവിഭാഗങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമാണ് കർഷക സമരത്തിന് പിന്തുണ ലഭിക്കുന്നത്. അവർ തുടക്കം മുതൽ ഉയർത്തിവരുന്ന ഡിമാൻഡുകളിലും നാമമാത്രമായ മാറ്റം പോലും ഉണ്ടായിട്ടുമില്ല. മോഡി സർക്കാർ തീർത്തും ഏകപക്ഷീയമായ വിധത്തിൽ പാസാക്കിയെടുത്ത മൂന്ന് നിയമങ്ങൾ പൂർണമായും പിൻവലിക്കണം എന്നതാണ് ഈ ഡിമാൻസ്. കാർഷിക വിപണന നിയമം (എഫ്­പിടിസി) കർഷകർക്ക് അഗ്രി ബിസിനസ് സംരംഭകരുമായി കരാർ കൃഷിക്ക് സൗകര്യങ്ങളൊരുക്കുക (എഫ്­പിടിഎഫ്), അവശ്യവസ്തു നിയമ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയവയ്ക്കു പുറമെ പുതുതായി നിലവിൽ വന്ന നിയമങ്ങളെ തുടർന്ന് നിർത്തലാക്കപ്പെട്ടിരിക്കുന്ന കാർഷിക വിളകൾക്കുള്ള മിനിമം താങ്ങുവില (എംഎസ്­പി) പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളിൽ നിന്നും കടുകിട വിട്ടുവീഴ്ചക്ക് സമരരംഗത്ത് ഉറച്ചുനിൽക്കുന്ന കർഷക സംഘടനകൾ ഒരുക്കമല്ല. ഇത്തരം ആവശ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് വിഘടനസ്വഭാവമോ അക്രമ പ്രോത്സാഹന സ്വഭാവമോ രാജ്യദ്രോഹ പ്രോത്സാഹന ആഹ്വാനമോ ഉണ്ടെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലുള്ളവർ മാത്രമായിരിക്കും. ഇത്തരം കുപ്രചരണങ്ങളിൽ കുടുങ്ങാൻ പോരാട്ടവീര്യം മാത്രമല്ല, രാജ്യതാല്പര്യ സംരക്ഷണവും കൈമുതലായി എക്കാലവും സൂക്ഷിച്ചുവന്നിട്ടുള്ള പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ഒരിക്കലും തയ്യാറല്ല. അവരുടേത് ഭഗത്സിംഗിന്റെ പാരമ്പര്യമാണ്. ഗോൾവാൾക്കറുടേതല്ല എന്നുകൂടി പറയട്ടെ.

ഇത്തരം കാരണങ്ങളാൽതന്നെയാണ് തുടർച്ചയായി വിളിച്ചുചേർത്ത ഒത്തുതീർപ്പു ചർച്ചകൾക്കു ശേഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത നിലപാടിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുന്നത്. ഇതിനിടെ പിന്തുണയുമായി എത്തിയ ഐക്യരാഷ്ട്രസഭയും കാനഡ അടക്കമുള്ള ലോക രാജ്യങ്ങളും സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന പ്രഖ്യാപനം നടത്തിയതും കർഷക സമരത്തിന് ഊർജ്ജം പകർന്നുനൽകി യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗൂട്ടറസും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സമരക്കാർക്കുള്ള പിന്തുണ ആവർത്തിക്കുകയുമായിരുന്നു. കനേഡിയൻ പ്രധാനമന്ത്രി വിളിച്ചുചേർത്ത ഒരു ആഗോള സമ്മേളനം ഇതിന്റെ പേരിൽ ബഹിഷ്കരിക്കാൻ മോഡി സർക്കാർ തയ്യാറായതിനുശേഷവും ട്രൂഡോയുടെ നിലപാടിൽ മാറ്റമുണ്ടായില്ല. ബ്രിട്ടനിലാണെങ്കിൽ വിവിധ പാർട്ടികളിലെ 36 എം പിമാരാണ് കർഷക സമരം ഒത്തുതീർപ്പാക്കുന്നതിൽ ആശങ്കയുമായി രംഗത്തുവന്നിരിക്കുന്നത്. ഏറ്റവുമൊടുവിൽ കിട്ടുന്ന വിവരമനുസരിച്ച് നിരവധി യുഎസ് എംപിമാരും മറ്റു നിരവധി ജനപ്രതിനിധി സംഭാംഗങ്ങളും ഇന്ത്യൻ വംശജരായ നിരവധി അമേരിക്കൻ നിവാസികളും കർഷക സമരത്തിനനുകൂലമായ നിലപാടുകളുമായി പരസ്യമായിതന്നെ രംഗത്തുവന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ബിബിസിയും ന്യൂയോർക്ക് ടൈംസ് ദിനപത്രവും മുന്തിയ പ്രാധാന്യത്തോടെയാണ് കർഷക സമരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യക്കകത്താണെങ്കിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല സമരത്തിനു പിന്തുണ നല്കിവരുന്നത്. ഹരിയാനയിലെ ബിജെപി നേതാവ് മനോഹർ ലാൽ ഖട്ടാർ നയിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലനില്പിനുതന്നെ നിർണായക സ്വാധീനം ചെലുത്തുന്ന സംസ്ഥാന ഉപമുഖ്യമന്ത്രിയും ജനായക് ജനതാ പാർട്ടി (ജെജെപി) നേതാവുമായ ദുഷ്യന്ത്ചൗതാള ഖട്ടാറിനുള്ള പിന്തുണ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ചൗതാളയുടെ പാർട്ടി എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു പുറമെ ബിജെപിയുടെയും ആർഎസ്എസിന്റെയും പോഷക സംഘടനകളായ സ്വദേശി ജാഗരൺ മഞ്ച്, ഭാരതീയ കിസാൻ മഞ്ച് തുടങ്ങിയവയും കർഷക സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഏറ്റവുമൊടുവിൽ ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പഞ്ചാബ് പ്രിസൺസ് ഐജിയുമായ ലക്ഷ്മീന്ദർസിംഗ് ജാക്കർ കർഷക സമരത്തോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി രാജിവച്ചിരിക്കുന്നു. (ദി ഹിന്ദു ഡിസംബർ 14,2020). തുടക്കം പഞ്ചാബിൽ നിന്നുള്ള ഒരു റയിൽ തടയൽ സമരത്തോടുകൂടിയായിരുന്നെങ്കിലും ക്രമേണ പ്രാദേശിക മാനങ്ങൾ കടന്ന് ഈ ജീവൻ മരണ സമരം സംഘടിതമായൊരു ദേശീയ പ്രക്ഷോഭമായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. ഇന്നിപ്പോൾ ഒരു പ്രാദേശിക റയിൽ റോഖോ പ്രക്ഷോഭണം, ഡൽഹി ബ്ലോക്കേഡായി വളർന്നു വലുതായിരിക്കുന്നു. ദേശീയ തലസ്ഥാന നഗരിയെ അക്ഷരാർത്ഥത്തിൽ തടങ്കലിലാക്കിയ സ്ഥിതിവിശേഷമാണിപ്പോൾ നിലവിലുള്ളത്. ടാക്സി തൊഴിലാളി യൂണിയനുകൾ, റോഡ് ട്രാൻസ്പോർട്ട് മേഖലാ തൊഴിലാളി യൂണിയനുകൾ, ഉടമാ ട്രക്ക് വർക്കേഴ്സ് സംഘടനകൾ, കർഷക തൊഴിലാളി യൂണിയനുകൾ എന്നുവേണ്ട അധ്യാപകരും, സർക്കാർ, ബാങ്ക് ജീവനക്കാരും വ്യവസായ തൊഴിലാളികളും കർഷകരുടെ ഭാരത് ബന്ദിന് പിന്നിൽ അണിനിരന്ന കാഴ്ചയാണ് നമുക്ക് കാണാനായത്. സിഎഎ വിരുദ്ധ പ്രക്ഷോഭണത്തിന് സമാനമായൊരു പ്രതിഷേധത്തിനു പകരം കർഷക പ്രക്ഷോഭണം മത, ജാതി, പ്രാദേശിക ചിന്തകൾക്കും താല്പര്യങ്ങൾക്കും അതീതമായ ഒരു ദേശീയ വികാരമായി മാറിയിരിക്കുകയാണ് നമ്മുടെ കർഷക സമൂഹത്തിന്റെ പോരാട്ടം. എന്തുവിലകൊടുത്തും എത്രനാൾ തുടരേണ്ടിവന്നാലും നിയമങ്ങൾ പിൻവലിക്കയില്ലാതെ മറ്റൊന്നിനു വഴങ്ങിയും സമരരംഗത്തുനിന്നു പിന്മാറില്ലെന്നു ഉറച്ച നിലപാടിലാണ് സമരസംഘടനകൾ എല്ലാംതന്നെ ഇന്നും നിലകൊള്ളുന്നത്. മൊത്തം 96,000 ൽ പരം ട്രാക്ടറുകളും 12 മില്യൻ കർഷകരുമാണ് സമരരംഗത്തുള്ളത്.

കർഷക സമരം സമീപകാലം വരെ നഗരവാസികളെ കാര്യമായി സ്വാധീനിക്കുന്നതിൽ വിജയിച്ചിട്ടില്ല. കാരണം അവർക്ക് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുമായോ ഗ്രാമീണ കാർഷിക ജനതയുടെ ജീവൽ പ്രശ്നങ്ങളുമായോ അടുത്ത് ഇടപഴകിയ അനുഭവങ്ങളില്ല. അവരുടെ താല്പര്യം സ്വന്തം ആവശ്യങ്ങൾ‍ക്കായി റിലയൻസ് റീറ്റേയിൽ, വാൾമാർട്ട്, അഡാനി തുടങ്ങിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ എത്തിച്ചുകൊടുക്കുന്ന നിത്യോപയോഗ വസ്തുക്കളിൽ മാത്രമായിരുന്നു. ജീവൻ‍ രക്ഷാ ഔഷധങ്ങൾ മുതൽ കമ്പ്യൂട്ടറുകളും ടിവി, എസി, ഫ്രി‍ഡ്ജ്, മൊബൈൽ വരെ സകലവിധ ഉല്പന്നങ്ങളും ഓൺലൈൻ ഓർഡർ വഴി വീടുകളിലെത്തിച്ചുകൊടുക്കാൻ വിൻകിട കോർപ്പറേറ്റുകൾക്ക് സംവിധാനങ്ങളുണ്ട്. ഇവയുടെ ഉല്പാദന സ്രോതസുകളെയോ ഇതിലേക്കായി വിയർപ്പൊഴുക്കി പണിയെടുത്തവർ ആരെന്നതിനേയോ സംബന്ധമായി നഗരവാസികളായ ഉപഭോക്താക്കളും അവരുടെ കുടുംബങ്ങളും അജ്ഞരാണ്. സ്വാഭാവികമായും 2020 ൽ കേന്ദ്ര ഭരണത്തിലെത്തിയ മോഡി ഭരണകൂടത്തിനോ അതിന് പിന്തുണ നൽകുന്ന സംഘപരിവാർ ശക്തികൾക്കോ കാർഷികോല്പന്നങ്ങളുടെ വിലനിർണയവും വിപണനവും സംബന്ധമായ ചുമതല നിർവഹിച്ചുവരുന്ന ഗ്രാമീണ വിപണികളുടെ മാൻഡിസ് പ്രവർത്തനങ്ങളെയും വിപണി സമിതികളെയും (എപിഎംസി) മിനിമം താങ്ങുവിലയെയും പറ്റി എന്തെങ്കിലും അറിവുണ്ടാവണമെന്നില്ല.

(അവസാനിക്കുന്നില്ല)

Eng­lish Sum­ma­ry: Peas­ant strug­gle to destroy arti­fi­cial image

You May Like This video also