19 April 2024, Friday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

മൂന്നാം തരംഗം; 48 ആശുപത്രികളില്‍ പീഡിയാട്രിക് സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 18, 2021 9:23 am

മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്ഡിയു കിടക്കകള്‍, 96 ഐസിയു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആശുപത്രികളില്‍ ഐസിയു, ഓക്സിജന്‍ കിടക്കകള്‍ വര്‍ധിപ്പിച്ച് വരുന്നു. ഇതോടൊപ്പം ഓക്സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് കോവിഡ് 19 കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങളാണ് കോവിഡ് കണ്‍ട്രോള്‍ റൂം ചെയ്തു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് 2020 ജനുവരി 30നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അതിനുമുമ്പേ ജനുവരി 24ന് സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ഒന്നേ മുക്കാല്‍ കൊല്ലമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കണ്‍ട്രോള്‍ റൂം ചെയ്യുന്നത്. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് പ്രതിരോധത്തിന് ആത്മാര്‍ത്ഥ സേവനം നടത്തുന്ന സംസ്ഥാന, ജില്ലാതല കണ്‍ട്രോള്‍ റൂമിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

സര്‍വയലന്‍സ് ടീം, കോള്‍ സെന്റര്‍ മാനേജ്മെന്റ് ടീം, ട്രെയിനിംഗ് ആന്റ് അവയര്‍നസ് ജെനറേഷന്‍, മെറ്റീരിയല്‍ മാനേജ്മെന്റ് ടീം, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ലാബ് സര്‍വയലന്‍സ് ടീം, മീഡിയ സര്‍വയലന്‍സ് ടീം, ഡോക്യുമെന്റേഷന്‍ ടീം, പ്രൈവറ്റ് ഹോസ്പിറ്റല്‍ സര്‍വയലന്‍സ് ടീം, വാക്സിനേഷന്‍ ടീം തുടങ്ങിയ നിരവധി വിദഗ്ധ കമ്മിറ്റികളാണ് കണ്‍ട്രോള്‍ റൂമിലുള്ളത്. ഓരോ വിഭാഗവും ഒരു നോഡല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടിംഗ് ഓഫീസറുടെയും മറ്റ് സഹായികളുടേയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഓരോ ദിവസവും ഈ കമ്മിറ്റികള്‍ ചെയ്ത പ്രവര്‍ത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികള്‍ സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവരുടെയാരുടെയെങ്കിലും നേതൃത്വത്തിലാണ് അവലോകന യോഗം നടത്തുന്നത്.

ഈ കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് കോള്‍ സെന്ററുമുണ്ട്. കോള്‍സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരിച്ച് ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറും.

Eng­lish sum­ma­ry: Pedi­atric facil­i­ties to be set up in 48 hospitals
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.