Janayugom Online
pediyakunnu, kavitha

പേടിയാവുന്നു!!

Web Desk
Posted on July 01, 2018, 6:59 am

എം.ടി ഗിരിജാകുമാരി
PH: 9847774637

പേടിയാവുന്നു.….….….!
പേടിയാവുന്നു കാലമേ നിന്‍വഴി-
ക്കോണിലൂടൊട്ടു ദൂരം നടക്കുവാന്‍ !

ആരിവള്‍? പാതവക്കില്‍ പിടയുന്നു
പ്രാണനായ്, പിഞ്ചുപൈതലൊന്നല്ലയോ.….!
ഏതു കാമപ്പിശാചിന്‍ നഖങ്ങളില്‍
കോര്‍ത്തു വീണു നീ? കുഞ്ഞേ! പൊറുക്കുക!
പിച്ചവച്ചേ തുടങ്ങിയോളല്ലേ നീ?
കൊച്ചു പൂത്തുമ്പിയായിപ്പറക്കുവാന്‍

പാല്‍ മണക്കുന്ന ചെഞ്ചുണ്ടിതാകെയും
വേട്ടനായിനെപ്പോലവന്‍ തിന്നുവോ!
താമരത്തളിര്‍ മെയ്യിലും പൈതലേ
കാമമുണ്ടവന്‍ കൂത്തരങ്ങാടിയോ!

കെട്ട കാലത്തിന്‍ നെറ്റിയിലിന്നു ഞാന്‍
മുഷ്ടിയാഞ്ഞാഞ്ഞിടിക്കുന്നു പിന്നെയും!
ഉണ്ടു ഞങ്ങള്‍ക്കും മോഹ,മീ മണ്ണിലെ
നന്മ പൂക്കും മരങ്ങളായ് മാറുവാന്‍
ഉണ്ടു ഞങ്ങള്‍ക്കും ദാഹം പിറന്നൊ,രീ-
മണ്ണിലൂടൊന്നു നിര്‍ഭയം നീങ്ങുവാന്‍
നൊന്തു പെറ്റൊ,രീ ഭൂമിമാതാവുതന്‍
നെഞ്ചിലെ ദുഗ്ധമുണ്ടൊന്നുറങ്ങുവാന്‍.….
പണ്ടു ഞങ്ങള്‍ തന്‍ മുത്തിമുത്തശ്ശിമാര്‍
വന്നു പോയതാണീ മണ്ണില്‍ നിര്‍ഭയം
ഇന്നു ഞങ്ങള്‍ക്കിതാരേ വിലങ്ങുകള്‍
തീര്‍ത്തു താഴിട്ടു പൂട്ടുന്നു പെണ്ണിനെ?
പണ്ടുമില്ലായിരുന്നുവോ ജീവിത-
പ്പങ്കുമായ് സ്‌നേഹമുത്തച്ഛരൊക്കെയും
ഏതു പുസ്തകത്താളിലും കണ്ടതി-
ല്ലേറെ നോവിന്‍ ചരിത്രങ്ങളിത്രമേല്‍!

ഏതുപെണ്ണിന്റെ കണ്ണുനീരുപ്പിലും
കാണ്‍മതെത്രയോ നോവിന്‍ തുടര്‍ക്കഥ!
ഏതനീതിക്കു കാവലാളിപ്പൊഴും
മാറ്റി നിര്‍ത്തുന്നവള്‍തന്‍ കരങ്ങളെ?

ഏതനീതിയാല്‍ തേങ്ങുകയായിടാം
എണ്ണമില്ലാത്ത പെണ്‍സ്വപ്നമൊക്കെയും!
ഏതനീതിക്കൊടുംവിളി മോളില്‍ നി-
ന്നോടിയെത്തു,ന്നീ നീചപ്പരിഷയ്ക്കായ്?
അമ്മ പെങ്ങളില്‍ പിഞ്ചു പൈതങ്ങളില്‍
കാമമുണ്ണും കിരാതര്‍ക്കു വേണ്ടിയോ?
ആയുസ്സത്രയും നിങ്ങളെ, മക്കളെ
ഊട്ടി നില്‍ക്കുന്ന പെണ്ണിന്നു വേണ്ടിയോ?
ആര്‍ക്കു വേണ്ടിയാണീ വിളി മോളില്‍ നി-
ന്നാരൊരാള്‍ക്കാണു നീതി നിഘണ്ടുവില്‍?
പെറ്റ നോവിന്റെ വേവുപോലും പുകഴ്-
പ്പെറ്റ സാക്ഷരര്‍ക്കെന്നേ കളഞ്ഞുപോയ്!

ഇത്രനീചമോ കൂട്ടരേ നിങ്ങളില്‍
കാമമിത്രക്കൊടും ശാപതീഷ്ണമോ?
ചത്തപെണ്ണിലും കാമമുണ്ണുന്നവന്‍
എത്ര കാടിന്‍ ശവക്കോട്ട കേറവേ
പേടിയാവുന്നൂ,
പേടിയാവുന്നു കാലമേ നിന്‍ വഴി-
ക്കോണിലൂടൊട്ടു ദൂരം നടക്കുവാന്‍!
പേപിടിച്ചതാം കാമപ്പിശാചുകള്‍
പാത്തുപാത്തതാ, കാലൊച്ച കേള്‍പ്പൂ ഞാന്‍!