സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി

July 22, 2021, 9:59 pm

പെഗാസസും കര്‍ഷക സമരവും: ഇരുസഭകളും സ്തംഭിച്ചു

Janayugom Online

പെഗാസസ് ചാരനിരീക്ഷണ വിവാദത്തിലും കര്‍ഷക സമരത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാം ദിനവും പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ പ്രതിരോധത്തില്‍ മുങ്ങി.
രാജ്യസഭ പതിവു പോലെ രാവിലെ 11ന് സമ്മേളിച്ചെങ്കിലും പ്ലാക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ നിലയുറപ്പിച്ച പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തില്‍ സഭാ നടപടികള്‍ തടസപ്പെടുകയാണുണ്ടായത്. ചോദ്യവേള മുന്നോട്ടു കൊണ്ടുപോകാന്‍ രാജ്യസഭാ അധ്യക്ഷന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ രാജ്യസഭ ആദ്യം 12 മണിവരെ നിര്‍ത്തിവച്ചു. തുടര്‍ന്ന് സമ്മേളിച്ചപ്പോഴും പിന്‍വാങ്ങാന്‍ പ്രതിപക്ഷം വിസമ്മതിച്ചതോടെ രണ്ടു മണി വരെ നിര്‍ത്തിയ സഭ വീണ്ടും സമ്മേളിച്ചപ്പോഴും സമാനമായ അന്തരീക്ഷത്തെ തുടര്‍ന്ന് സഭ പിരിഞ്ഞതായി ചെയര്‍ അറിയിച്ചു.

ലോക്‌സഭയില്‍ പ്രതിപക്ഷത്തെ പ്രതിഷേധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ആദ്യം 12 വരെ നിര്‍ത്തിവച്ച സഭ തുടര്‍ന്ന് സമ്മേളിച്ചെങ്കിലും പ്രതിപക്ഷ പ്രതിരോധം കനത്തതോടെ രണ്ടു മണി വരെയും തുടര്‍ന്ന് നാലുമണിവരെയും നിര്‍ത്തിവച്ച് പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.
സര്‍ക്കാരിനെതിരെ വന്‍ പ്രതിരോധം ഉയര്‍ത്തുന്ന പ്രതിപക്ഷ നീക്കമാണ് കഴിഞ്ഞ മൂന്നു ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ദൃശ്യമായത്. രാജ്യം അഭിമുഖീകരിക്കുന്ന നിര്‍ണായക വിഷയങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവവും വീഴ്ചകളും ഉയര്‍ത്തിക്കാട്ടാനുള്ള പ്രതിപക്ഷത്തിന്റെ സംയുക്ത നീക്കം സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പ്രതിരോധത്തെ മറികടക്കാനുള്ള തന്ത്രങ്ങള്‍ എത്തരത്തിലാകും സര്‍ക്കാര്‍ പുറത്തിറക്കുക എന്നതാണ് ഇനി ശ്രദ്ധേയം.

രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍

പെഗാസസ് ചാരനിരീക്ഷണ വിവാദത്തില്‍ രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. പെഗാസസ് വിവാദം വെള്ളപൂശാന്‍ കേന്ദ്ര ഐ ടി മന്ത്രി അശ്വനി കുമാര്‍ രാജ്യസഭയില്‍ നടത്തിയ പ്രസ്താവന പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ മന്ത്രിയുടെ കയ്യിലെ രേഖകള്‍ പിടിച്ചു വാങ്ങി കീറിയെറിഞ്ഞ് തൃണമൂല്‍ അംഗം ശന്തനു സെന്‍. സെന്നിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം രാജ്യസഭാ അധ്യക്ഷനെ സമീപിച്ചു. ശന്തനുവിനെതിരെ പ്രിവിലേജ് മോഷനുമായി സര്‍ക്കാര്‍ ബെഞ്ചുകള്‍ ചെയര്‍മാനെ സമീപിച്ചു. മന്ത്രി സര്‍ക്കാരിന്റെ ചാരപ്പണികള്‍ക്ക് അനുകൂല നിലപാടുമായി എത്തിയതാണ് തൃണമൂല്‍ അംഗത്തെ ചൊടിപ്പിച്ചത്. പെഗാസസ് വിവാദത്തില്‍ നിന്നും തലയൂരാന്‍ സര്‍ക്കാര്‍ നടത്തുന്ന കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നും അനുദിനം സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതിസ്ഥാനത്തേക്ക് നീങ്ങുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് പുറത്തു വരുന്നത്.

Eng­lish sum­ma­ry; Pega­sus and the Peas­ant Strug­gle: Both Church­es Stunned

You may also like this video;