Web Desk

August 01, 2021, 3:17 am

പെഗാസസ് എന്ന ആകാശക്കുതിര

Janayugom Online

കാശക്കുതിര മണ്ണിലിറങ്ങുമോ? സത്യത്തിന്റെ നിധികുഭം കാട്ടാനതിനാകുമോ? പരമമായ സത്യമെന്ന ദൗത്യമാണ് പാര്‍ലമെന്റിനുള്ളത്. ജനാധിപത്യത്തിന്റെ വിജയത്തിനായി സത്യത്തിന്റെ പാത തെളിയിക്കുക തന്നെ വേണം. എന്നാല്‍ ലോക്‌സഭയില്‍ തെളിയുന്ന സത്യങ്ങള്‍ അസത്യങ്ങളുടെ തളപ്പൂട്ടുകളില്‍ കുരുങ്ങി കിടക്കുകയുമാണ്. പെഗാസസ് മഹാമാരിയുടെ രണ്ടാം വരവുപോലെ വ്യാപിക്കുകയാണ്. അതു വഹിക്കുന്ന ദുരന്തം അറിവിനതീതമല്ല, പക്ഷെ തീക്ഷ്ണമാണ്. പെഗാസസിന് മുന്‍ഗാമികളുമുണ്ട്. 2019ല്‍ ഫോണ്‍ ചോര്‍ത്തലിന്റെ മാതൃകയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതിന്റെ സൂചനകളുണ്ടായിരുന്നു. വാട്സ്ആപ് സംഭാഷണങ്ങളും ഇതില്‍പ്പെട്ടു. ജനാധിപത്യ സീമകളെ ലംഘിച്ച് നിരീക്ഷണങ്ങള്‍ ശക്തമായി. എതിര്‍ ശബ്ദങ്ങള്‍ ഉയരുമ്പോള്‍ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി. വിമര്‍ശനങ്ങള്‍ യുഎപിഎ ഉപയോഗിച്ച് അടിച്ചമര്‍ത്തപ്പെട്ടു. നിയമനിര്‍മ്മാണങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ ക്ഷയിപ്പിച്ചു. കാര്‍ഷിക മേഖലയും വ്യവസായ വളര്‍ച്ചയും പിന്നോട്ടടിച്ചു. വിവര സ്വകാര്യതയുമായി ചേര്‍ന്ന ബില്ല് സെലക്ട് കമ്മറ്റിയുടെ പരിഗണനയിലെത്തിയിരിക്കുന്നു. തങ്ങള്‍ക്കൊപ്പമല്ലാത്ത സര്‍ക്കാരുകളെ മറിച്ചിടുന്ന പരിപാടിയും കേന്ദ്രഭരണത്തിന്റെ ഭാഗമായി. പെഗാസസ് മാരകമായ ആയുധങ്ങളുമായി തങ്ങളുടെ വേരുകള്‍ ആഴ്‌ത്തുകയാണ്. സംശയത്തിലുള്ളവരെ ഇസ്രയേലി ചാരസോഫ്റ്റ്‌വേര്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര ഭരണകൂടം സദാ തങ്ങളുടെ നിരീക്ഷണത്തിലാക്കിയിരിക്കുന്നു.

പെഗാസസ് അതിന്റെ ചാരക്കണ്ണുകള്‍ ഉപയോഗിച്ച് രാജ്യത്ത് 300 പൗരന്മാരില്‍ ചൂഴ്‌ന്നിറങ്ങിയതായി വ്യക്തമായ വിവരങ്ങളുണ്ട്. ഇതില്‍ സുപ്രീം കോടതി ജഡ്ജി, മന്ത്രിമാര്‍, ബുദ്ധിജീവികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്നു. മോഡിയോടും മോഡി സര്‍ക്കാരിനോടുമുള്ള ഇവരുടെ സമീപനം അറിയുന്നതിനൊപ്പം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിശകലനവും ഭരണകൂടം ലക്ഷ്യമിട്ടിരുന്നു. പെഗാസസ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ പരിപൂര്‍ണ നി­ശബ്ദത തുടരുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളൊന്നാകെ കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. വെളിപ്പെടുത്തലിന്റെ വിശ്വാസ്യ­ത ചോദ്യം ചെയ്ത് പിന്നിലൊളിക്കുകയാണവര്‍. “വിലക്കപ്പെട്ട കഥകളെ“ന്ന മാധ്യമ പോര്‍ട്ടല്‍ ചോര്‍ത്തിയെടുത്ത വിവരങ്ങളുടെ വഴി വ്യക്തമായിരുന്നു. ആംനെസ്റ്റി രാജ്യാന്തര ഫോറന്‍സിക് ലാബ് ചാരക്കണ്ണുകളുടെ ചെയ്തികള്‍ വെളിപ്പെടുത്തിയപ്പോള്‍ ഉണ്ടായ വിസ്ഫോടനം മറയ്ക്കുക എളുപ്പമല്ല. 67 ഫോണുകള്‍, അതില്‍ 23 എണ്ണം ചാര വൈറസ് ഉപയോഗിച്ച് ചോര്‍ത്തിയിരുന്നു. 14 എണ്ണത്തില്‍ കടന്നു കയറാനുള്ള പരിശ്രമം വ്യക്തമായിരുന്നു. രാജ്യത്ത് ചാര വൈറസ് ആഴ്‌ന്നിറങ്ങിയ മുന്നൂറു ഫോണുകളും പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യം ഇതോടൊപ്പം ബലപ്പെട്ടു. കാര്യങ്ങള്‍ സങ്കീര്‍ണമാകുമ്പോള്‍ വെളിപ്പെടത്തലിന്റെ ഉറവിടമറിയാന്‍ കേന്ദ്രം കിണഞ്ഞു ശ്രമിച്ചുതുടങ്ങിയിരിക്കുന്നു. പക്ഷെ, വാര്‍ത്താ ഉറവിടം വെളിപ്പെടുത്തുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ രീതിയില്ലല്ലോ. ഇസ്രയേലിലെ പെഗാസസ് ചാര സോഫ്റ്റ് വേര്‍ നിര്‍മ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിന്റെ സേവനം തേടിയിരുന്നോ എന്ന കാര്യത്തില്‍ യാതൊരു വെളിപ്പെടുത്തലിനും കേന്ദ്രം തയ്യാറുമല്ല. 2019ലെ പോലെ ഇത്തവണയും ഒഴിഞ്ഞുമാറാമെന്ന ധാരണയിലാണ് കേന്ദ്രഭരണം.

സ്വകാര്യതകളിലേക്കും ഉള്ളറകളിലേക്കും ആഴ്‌ന്നിറങ്ങുന്നു ചാര ഉപകരണങ്ങള്‍ എന്‍എസ്ഒ ഗ്രൂപ്പ് സര്‍ക്കാരിന് വിറ്റു എന്ന വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. എന്‍എസ്ഒ ഉപകരണങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിച്ചിട്ടുണ്ടാകും. എന്‍എസ്ഒയുടെ അവകാശം ഇത്തരം ഉപകരണങ്ങള്‍ കുറ്റകൃത്യങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ചെറുക്കാന്‍ നിയമപരമായ അന്വേഷണങ്ങള്‍ക്ക് മാത്രമേ ഉപകരിക്കാവൂ എന്ന് വ്യക്തമാക്കിയിരുന്നു. എന്‍ഐഎ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യങ്ങളുണ്ട്. എന്‍എസ്ഒയുടെ ഇത്തരം വിശദീകരണം ചിലതൊക്കെ വ്യക്തമാക്കുന്നുമുണ്ട്. 2019 നവംബര്‍ 28ന് തന്നെ പെഗാസിസിനെ ഉപയോഗിച്ചുള്ള ഇത്തരം ചൂഴ്‌ന്നുനോട്ടം മോഡി പാര്‍ലമെന്റില്‍ ഏറ്റുപറഞ്ഞിരുന്നു. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവാകട്ടെ സ്ഫടിക യുക്തിയുടെ അടിസ്ഥാനത്തില്‍ അനധികൃതമായ നിരീക്ഷണമുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിക്കുന്നു. സ്ഫടിക യുക്തി ഏതെങ്കിലും നിരീക്ഷണത്തിന് അനുമതി നല്‍കുന്നുണ്ടോ എന്ന മറു ചോദ്യവും ഉയര്‍ത്തുന്നുണ്ട്. ഇതിനിടെ വിലക്കപ്പെട്ട സര്‍ക്കാരുകളെ കുറിച്ചുള്ള ഐടി മന്ത്രിയുടെ പരാമര്‍ശവും ചോദ്യങ്ങളേറെ ഉയര്‍ത്തുന്നു.

ഏതെങ്കിലും സര്‍ക്കാരുകളെ വിലക്കപ്പെട്ടവരായി കരുതാന്‍ എന്‍എസ്ഒയ്ക്ക് അവകാശമുണ്ടോ? ഉണ്ടെങ്കില്‍ ഇത് വ്യക്തമാക്കേണ്ടതുണ്ട്. അന്യന്റെ സ്വകാര്യതിലേക്ക് അനാവശ്യമായി തലയിടുന്ന പെഗാസിസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അളമുട്ടിയ അവസ്ഥയിലാണിപ്പോള്‍ മന്ത്രി. ഉണ്മയില്‍ രാജ്യത്തെ ജനാധിപത്യ പാരമ്പര്യങ്ങളും സ്ഥാപനങ്ങളും കൊടിയ ദുരവസ്ഥയിലും. രാഷ്ട്രീയ എതിരാളികള്‍, സഹപ്രവര്‍ത്തകര്‍ തെരെഞ്ഞെടുപ്പു കമ്മിഷന്‍ തുടങ്ങിയവരെല്ലാം നിരീക്ഷണ വലയത്തിലാണ്. തറയില്‍ കാലുറപ്പിക്കാനാകാത്ത് ദുരിതമാണ്. ഇതാണോ രാജ്യം കാത്തിരുന്ന ജനാധിപത്യം. സ്വകാര്യത, സ്വയം വെളിപ്പെടുത്താനും ചോദ്യങ്ങള്‍ ആരായാനുമുള്ള അവകാശം തുടങ്ങി എല്ലാം നിഷേധിക്കുമ്പോള്‍ രാജ്യം ആവര്‍ത്തിക്കുന്നു, ഇതാണോ നാം കാത്തിരുന്ന ജനാധിപത്യം.