Web Desk

ന്യൂഡല്‍ഹി

July 21, 2021, 10:31 pm

പെഗാസസ് : പാര്‍ലമെന്ററി സമിതി ചോദ്യം ചെയ്യും

Janayugom Online

പെഗാസസ് ഫോണ്‍ചോർത്തലുമായി ബന്ധപ്പെട്ട് ഐ ടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ടെലികോം വകുപ്പിലെയും ഉദ്യോഗസ്ഥരെ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി ഐടി സമിതി ചോദ്യം ചെയ്യും. ഐ ടി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തില്‍ ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 28 ന് വൈകിട്ട് നാലുമണിക്കാണ് യോഗം ചേരുന്നത്.

ശശി തരൂര്‍ എംപി അധ്യക്ഷനായ സമിതിയില്‍ കാര്‍ത്തി ചിദംബരം, തേജസ്വി സൂര്യ, മഹുവാ മോയിത്ര തുടങ്ങിയവരുൾപ്പെടെ 32 അംഗങ്ങളാണുള്ളത്. പൗരന്മാരുടെ വിവരസുരക്ഷയും സ്വകാര്യതയും എന്ന വിഷയത്തില്‍ ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെയും (ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ്) ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ആരായുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട.

2019ല്‍ പെഗാസസ് സ്‌പൈവേര്‍ എത്തരത്തിലാണ് വാട്ട്‌സ്ആപ്പില്‍ പ്രവര്‍ത്തന ക്ഷമമാകുക എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമിതി ചര്‍ച്ച ചെയ്തിരുന്നു. വിഷയം ചർച്ചക്കെടുക്കാൻ ബിജെപി അംഗങ്ങൾ വിസമ്മതിച്ചതിനെ തുടർന്ന് വോട്ടെടുപ്പിലൂടെയാണ് വിഷയം പരിഗണനയ്ക്ക് എടുത്തത്.

ഐ ടി സ്റ്റാന്റിങ് കമ്മിറ്റിയിൽ വോട്ടുകൾ തുല്യമായതോടെ ചെയർമാനായ ശശി തരൂർ കാസ്റ്റിങ് വോട്ടിലൂടെ വിഷയം ചർച്ചക്കെടുക്കുകയായിരുന്നു.

അതേസമയം പെഗാസസ് വിവാദം സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്നു ശശി തരൂര്‍ പ്രതികരിച്ചു. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിച്ചാല്‍ പ്രധാനമന്ത്രിയെ വരെ വിളിച്ചുവരുത്താന്‍ കഴിയും. മോഡി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് പെഗാസസ് വിഷയത്തെ സമീപിച്ചിരിക്കുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും തരൂർ പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്‌വേര്‍ പെഗാസസ് ഉപയോഗിച്ച് അനധികൃതമായി നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിട്ടുള്ളത്.

ബക്രീദ് അവധിക്കു ശേഷം ഇന്ന് പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ വിഷയം ഇരുസഭകളെയും വീണ്ടും പ്രക്ഷുബ്ധമാക്കും.

Eng­lish Sum­ma­ry: Pega­sus par­lia­ment com­mit­tee will inquire

You may like this video also