Web Desk

പാരിസ്

July 20, 2021, 5:37 pm

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്

Janayugom Online

ഇസ്രയേലിന്റെ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ ഫ്രാന്‍സില്‍ അന്വേഷണം. മൊറോകോ ഇന്റലിജന്‍സ് വിഭാഗത്തിനെതിരായ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ മാധ്യമങ്ങളുടെ സംയുക്ത അന്വേഷണത്തില്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ആദ്യമായാണ് ഒരു രാജ്യം അന്വേഷണത്തിന് തയ്യാറായിരിക്കുന്നത്.

ഫ്രാന്‍സിലെ ചില മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതിനായി മൊറോകോ ഇന്റലിജന്‍സ് പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു എന്ന കണ്ടെത്തിയിരുന്നു. 30 മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആയിരത്തോളം ഫ്രഞ്ച് പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് മൊറോകോ നിഷേധിച്ചു.

ഇസ്രയേലി ചാര സോഫ്റ്റ്‌വെയറിന്റെ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും വിവിധരാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ, രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്‍ത്തകരാണ്. വാഷിങ്ടണ്‍ പോസ്റ്റ്, ദ ഗാര്‍ഡിയന്‍, ദ വയര്‍ തുടങ്ങി 17 മാധ്യമങ്ങള്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളനുസരിച്ച് അമ്പതിനായിരത്തിലധികം ഫോണ്‍ വിവരമാണ് ചോര്‍ത്തപ്പെട്ടത്. ഇതില്‍ തിരിച്ചറിയാനായത് 50 രാജ്യത്തുനിന്നുള്ള ആയിരത്തിലധികം പേരെയാണ്.

189 മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകരും ഉന്നത സ്ഥാനങ്ങളിലുള്ളവരുമായ അറുനൂറോളം പേര്‍, 85 മനുഷ്യാവകാശ പ്രവര്‍ത്തകരും അറുപത്തഞ്ചോളം ബിസിനസ് പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു. ദ അസോസിയേറ്റഡ് പ്രസ്, റോയ്‌റ്റേഴ്‌സ്, സിഎന്‍എന്‍, ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ലെ മുന്ദ്, ദ ഫൈനാന്‍ഷ്യല്‍ ടൈംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരെയാണ് പ്രധാനമായും ചോര്‍ത്തിയത്.

Eng­lish sum­ma­ry; pega­sus phone tap­ping lat­est updation

You may also like this video;