Web Desk

ന്യൂഡല്‍ഹി

July 22, 2021, 9:07 pm

പെഗാസസ് ഫോണ്‍ ചോര്‍ത്തൽ: നരേന്ദ്ര മോഡിയെ എതിർകക്ഷിയാക്കി സുപ്രീം കോടതിയില്‍ ഹർജി

Janayugom Online

പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എതിർകക്ഷിയാക്കി സുപ്രീം കോടതിയില്‍ ഹർജി. മുതിര്‍ന്ന അഭിഭാഷകനായ എം എല്‍ ശര്‍മയാണ് പ്രധാനമന്ത്രിയെയും സിബിഐയെയും എതിര്‍കക്ഷിയാക്കി പൊതുതാല്പര്യ ഹർജി നല്‍കിയത്. കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു പ്രത്യേക ടീം രൂപീകരിച്ച് മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍ ചോര്‍ത്തിയ സംഭവം അന്വേഷിക്കണമെന്നാണ് ഹർജിയില്‍ പറയുന്നത്.പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നത് ജനാധിപത്യം, രാഷ്ട്രസുരക്ഷ എന്നിവക്കെതിരേയുള്ള ആക്രമണമാണെന്ന് ഹർജിക്കാരന്‍ വാദിക്കുന്നു.

റഫാല്‍ അഴിമതി, അനുച്ഛേദം 370, ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല തുടങ്ങി നിരവധി കേസുകളില്‍ പൊതുതാല്പര്യ ഹർജികള്‍ നല്‍കി നിയമവൃത്തങ്ങളില്‍ ശ്രദ്ധേയനാണ് ശര്‍മ. അനാവശ്യമായ പൊതുതാല്പര്യ ഹർജി നല്‍കിയതിന് ശര്‍മക്കെതിരേ സുപ്രീംകോടതി പിഴയിട്ടിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേയായിരുന്നു അന്ന് ശര്‍മ ഹർജി നല്‍കിയത്.
പെഗാസസ് എന്ന ഇസ്രയേല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സുപ്രീംകോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയതായാണു കണ്ടെത്തിയിട്ടുള്ളത്.

മോഡി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് കേന്ദ്രമന്തിമാര്‍, സുപ്രീം കോടതി ജഡ്ജി, ആര്‍എസ്എസ് നേതാക്കള്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, 180ഓളം മാധ്യമപ്രവര്‍ത്തകര്‍, വ്യവസായികള്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയെന്നാണ് പുറത്തു വരുന്ന വിവരം. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസിന്റെ ചാരപ്രവര്‍ത്തനം കണ്ടെത്തിയത്.

Eng­lish sum­ma­ry; Pega­sus phone leak: Peti­tion filed in Supreme Court against Naren­dra Modi

you may also like this video;